Connect with us

Kerala

'അമ്മ'ക്കും മോഹന്‍ ലാലിനുമെതിരെ ആഞ്ഞടിച്ച് ഡബ്യുസിസി

Published

|

Last Updated

കൊച്ചി: മലയാളി സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ”ക്കെതിരെ ആഞ്ഞടിച്ച് വനിതാ കൂട്ടായ്മയായ ഡബ്യുസിസി. 15 വര്‍ഷം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്. ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനുമാണ് ശ്രമിച്ചതെന്നും ഡബ്യുസിസി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമ്മ നേതൃത്വത്തിനെതിരെ ഡബ്യുസിസി അംഗങ്ങള്‍ രംഗത്തെത്തിയത്. രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. കുറുത്ത വസ്ത്രമണിഞ്ഞാണ് അവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

ഡബ്യുസിസി അംഗങ്ങളുടെ പേര് പറയാന്‍ പോലുമുള്ള മര്യാദ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കാണിച്ചില്ലെന്ന് ഇവര്‍ ആരോപിച്ചു. നടിക്കേറ്റ അപമാനത്തെ മോഹന്‍ലാല്‍ നിസ്സാരവത്കരിച്ചു. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്കിയില്ല. ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന ഞങ്ങളെ വിലക്കി. ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിശേഷിപ്പിച്ചു.

ദിലീപ് സംഘടനയിലുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് അമ്മ ശ്രമിച്ചത്. സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി അമ്മ മാറി. ഞങ്ങള്‍ മുറിവേറ്റവും അപമാനിക്കപ്പെട്ടവരും മുറിവേറ്റവരുമാണ്.

നടന്‍ തിലകനെതിരെ നടപടിയെടുത്തത് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്തിട്ടായിരുന്നോയെന്നും അവര്‍ ചോദിച്ചു. കണ്ണടച്ച് വിശ്വസിച്ച് മിണ്ടാതിരിക്കില്ല. അമ്മ എന്ന സംഘടനക്കെതിരെയല്ല, അതിന്റെ നേതൃത്വത്തിനെതിരെയാണ് ഞങ്ങള്‍ പറയുന്നത്. അമ്മയിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടും. അമ്മയില്‍ നിന്ന് രാജിവെക്കില്ല. യോഗങ്ങളില്‍ പങ്കെടുക്കും. ഒന്നര വര്‍ഷം മുമ്പ് 17 വയസ്സുള്ള ഒരു കുട്ടിയെ പീഡിപ്പിച്ചു. അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകരുത്. ലൈംഗിക കുറ്റവാളിയെ അമ്മ സംരക്ഷിക്കരുത്. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അവസരമുണ്ടാകണം.

Latest