സാലറി ചലഞ്ച്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

Posted on: October 12, 2018 9:42 pm | Last updated: October 13, 2018 at 11:52 am

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന
സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി അറിയുന്നു. സെന്‍ട്രല്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനും നീക്കമുണ്ട്.
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിസമ്മതപത്രം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ പത്താം നിബന്ധനയാണ് സ്‌റ്റേ ചെയ്തത്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ പിന്മാറാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് തീരുമാനം.
താത്പര്യമുള്ളവരില്‍ നിന്ന് ശമ്പളം സ്വീകരിക്കുന്നതില്‍ തടസമില്ല. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് പറയുന്നത് നിര്‍ബന്ധിത പിരിവാണ്. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.