സംസ്ഥാനത്ത് ഇന്ന് വൈകീട്ട് ആറ് മുതല്‍ പതിനൊന്ന് വരെയുള്ള സമയങ്ങളില്‍ അരമണിക്കൂര്‍ വൈദ്യുതി മുടങ്ങും

Posted on: October 12, 2018 6:01 pm | Last updated: October 12, 2018 at 7:38 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ ഇന്ന് വൈകീട്ട് ആറ് മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ അര മണിക്കൂര്‍ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. തിത്‌ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തേക്കുള്ള വൈദ്യുതി വിതരണത്തില്‍ കുറവുവന്ന സാഹചര്യത്തിലാണിത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതോടൊപ്പം പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും തുടരുകയാണെന്നും ബോര്‍ഡ് അറിയിച്ചു.

ഒഡീഷ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീര പ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ തിത്‌ലി ചുഴലിക്കൊടുങ്കാറ്റില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ തകരാറിലായിരുന്നു. തകരാറുകള്‍ പരിഹരിച്ച് ലൈനുകള്‍ പ്രസരണ യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. താല്‍ച്ചര്‍കോളാര്‍ 500 കെ.വി ഡി.സി ലൈനും അങ്കൂള്‍ ശ്രീകാകുളം 765 കെ.വി ലൈനുമാണ് പ്രധാനമായും തകര്‍ന്നത്. ഇക്കാരണങ്ങള്‍ മൂലം കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാകുന്ന വൈദ്യുതിയില്‍ ഏകദേശം 800 മെഗാവാട്ടിന്റെ കുറവാണുണ്ടായത്.