Connect with us

Gulf

യുവതികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫിലിപിനോ യുവാവിന് തടവ്

Published

|

Last Updated

ദുബൈ: താമസ സ്ഥലത്തെ ശുചിമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് സുഹൃത്തുക്കളായ യുവതികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫിലിപ്പിനോ ക്ലര്‍ക്കിന് ജയില്‍ശിക്ഷ. ഒന്നിച്ചു താമസിച്ചു വരികയായിരുന്ന ഫിലിപ്പിനോ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാണ് യുവാവ് ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ചത്.

അസാധാരണത്വം തോന്നിയ ഒരു യുവതി ക്യാമറ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാമറയില്‍ സ്ഥാപിച്ച മെമ്മറി കാര്‍ഡ് പുറത്തെടുക്കുകയും കംപ്യൂട്ടറില്‍ വിശദമായി പരിശോധനകള്‍ നടത്തുകയും ചെയ്തു. പരിശോധനയില്‍ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഇത്തരത്തിലുള്ള നൂറ് കണക്കിന് വീഡിയോകളും സ്വകാര്യ ദൃശ്യങ്ങളും മെമ്മറി കാര്‍ഡില്‍ ഉള്ളതായും യുവതി കണ്ടെത്തിയത്. ആദ്യം കുറ്റം നിഷേധിച്ച സഹ മുറിയനായ ഫിലിപ്പിനോ യുവാവ് യുവതിയുടെ കംപ്യൂട്ടര്‍ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.
ശുചിമുറിയില്‍ ക്യാമറ കണ്ടെത്തിയതിനെ കുറിച്ച് യുവതി യുവാവിനോട് വിവരമന്വേഷിച്ചു. എന്നാല്‍, അതില്‍ ദൃശ്യങ്ങളൊന്നും പകര്‍ത്തിയിട്ടില്ലെന്നും അസ്വാഭാവികത ഒന്നുമില്ലെന്നുമുള്ള യുവാവിന്റെ മറുപടിയില്‍ സംശയം തോന്നിയ യുവതി പിറ്റേന്ന് മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറില്‍ പരിശോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുറ്റം തെളിയുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ താന്‍ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പ്രതി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ബോധിപ്പിച്ചു. യുവതികളുടെ അഭിമാനക്ഷതം വരുത്തുന്ന വിധത്തില്‍ പെരുമാറിയതിനും സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പ്രതി കുറ്റക്കാരനാണെന്ന് ദുബൈ പ്രാഥമിക കോടതി ജഡ്ജ് ഹബീബ് അവദ് വിധി പ്രസ്താവിച്ചു.
ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം പ്രതിയെ നാട് കടത്താനും വിധി പ്രസ്താവത്തിലുണ്ട്. പ്രാഥമിക കോടതി വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് പ്രതിക്ക് അവകാശമുണ്ടെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.