അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത

Posted on: October 12, 2018 1:56 pm | Last updated: October 12, 2018 at 4:03 pm

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോക വ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതമാകുന്ന വേളയിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുക.
ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡഡ് നെയിംസ് ആന്റ് നമ്പേഴ്‌സിനെ (ഐകാന്‍) ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാനും സമയത്തേക്കായിരിക്കും ഇന്റര്‍നെറ്റ് തടസ്സം നേരിടുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കു.

വെബ് പേജുകളും ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടേക്കാം. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് ഐകാന്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാമെന്ന് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.