Connect with us

Kerala

ഹരിത കേരളമാക്കാന്‍ യു എന്‍ ശിപാര്‍ശ; വേണ്ടത് 27,000 കോടി

Published

|

Last Updated

തിരുവനന്തപുരം: പ്രളയാനന്തര കേരളം പുനര്‍നിര്‍മിക്കാന്‍ 27,000 കോടി രൂപ വേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കൂടുതലാണെന്നതും അവശ്യ സാമഗ്രികളുടെ കുറവും പരിഗണിച്ച് നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രളയക്കെടുതിയെ കുറിച്ച് പഠനം നടത്തിയ ശേഷം ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍, വിഭവ സമാഹരണം, പുനര്‍നിര്‍മാണം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കരട് യു എന്‍ ആക്ടിംഗ് റസിഡന്റ് കോഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം സംസ്ഥാന ഡി ഡി എന്‍ എ കോ ഓര്‍ഡിനേറ്റര്‍ വെങ്കിടേശപതി എന്നിവര്‍ ചേര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി.

കേരളത്തെ ഇന്ത്യയിലെ ആദ്യഹരിത സംസ്ഥാനമാക്കി മാറ്റണമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ശിപാര്‍ശ. രാജ്യത്തെ പരിസ്ഥിതി സൗഹൃദവും പ്രകൃതി ക്ഷോഭങ്ങളെ കുറിച്ച് അറിവുള്ളതുമായ ആദ്യ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണം. നവകേരള നിര്‍മാണം മികവുറ്റതാക്കാന്‍ മികച്ച ആഗോള മാതൃകകളും മുന്നോട്ടു വെക്കുന്നു. ആഗോള മാതൃകയില്‍ രാജ്യത്ത് തയ്യാറാക്കുന്ന ആദ്യ പി ഡി എന്‍ എ റിപ്പോര്‍ട്ടാണിത്. വിവിധ രാജ്യങ്ങളിലുള്ള 72 വിദഗ്ധരാണ് തയ്യാറാക്കിയത്. ജില്ലകള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഹൗസിംഗ്, ഉപജീവനം, കൃഷി, വനം, കന്നുകാലി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, ശുദ്ധജലവും ശുചീകരണവും, സാംസ്‌കാരികം തുടങ്ങി പന്ത്രണ്ട് മേഖലകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്ന് കിടക്കുന്ന കുട്ടനാട്ടില്‍ നടപ്പാക്കേണ്ട പുനരധിവാസത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ട്. സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന് കിടക്കുന്ന രാജ്യമായ നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധരാണ് കുട്ടനാടിനെകുറിച്ച് പഠിച്ചത്. ഡാം മാനേജ്‌മെന്റും ദുരന്ത ലഘൂകരണ, നിവാരണ പദ്ധതികളും നിര്‍ദേശിക്കുന്നു.

കേരളം പോലെ ചെറിയൊരു സംസ്ഥാനത്ത് നിര്‍മാണങ്ങള്‍ കൂടുതലാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണ്ടെത്തല്‍. കേരളം പുനര്‍നിര്‍മിക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിച്ച് വേണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്. പുനര്‍നിര്‍മാണത്തിന് വേണ്ടി വരുമെന്ന് കണക്കാക്കിയിരിക്കുന്ന 27000 കോടി രൂപയില്‍ കൂടുതലും റോഡിന് വേണ്ടിമാറ്റി വെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 8554 കോടിയും ഭവന നിര്‍മാണ മേഖലയ്ക്ക് 5659 കോടിയും കൃഷി, ഫിഷറീസിന് 4499 കോടിയും ഉപജീവന പുനഃസ്ഥാപനത്തിന് 3903 കോടിയും ജലസേചനത്തിന് 1484 കോടിയും വാട്ടര്‍ ആന്റ് സാനിറ്റേഷന് 1331 കോടിയും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 25050 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു നേരത്തെ ലോകബേങ്ക്- എ ഡി ബി സംഘം കണക്കാക്കിയിരുന്നത്.

യു എന്‍. പി ഡി എന്‍ എ കോ ഓര്‍ഡിനേറ്റര്‍ റീത്ത മിസാള്‍, യു എന്‍ സ്റ്റേറ്റ് ടീം തലവന്‍ ജോബ് സഖറിയ, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി എച്ച് കുര്യന്‍, രാജീവ് സദാനന്ദന്‍, ബിശ്വാസ് മെഹ്ത്ത, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, ഡി എന്‍ സിംഗ്, വിവിധ വകുപ്പ് സെക്രട്ടറിമാരായ എ ഷാജഹാന്‍, ടിങ്കു ബിസ്വാള്‍, ജ്യോതിലാല്‍, ശിവശങ്കര്‍, കെ ബിജു എന്നിവരും സന്നിഹിതരായിരുന്നു.

പുനര്‍നിര്‍മാണം അന്താരാഷ്ട്ര നിലവാരത്തിലാകണം

തിരുവനന്തപുരം: നവകേരളത്തിന് രൂപം നല്‍കുമ്പോള്‍ എല്ലാ പദ്ധതികളും അന്താരാഷ്ട്ര നിലവാരത്തിലാകണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സ്‌കൂളുകളും പൊതുസ്ഥാപനങ്ങളും പുനര്‍നിര്‍മിക്കുമ്പോഴെല്ലാം ഇത് ഉറപ്പാക്കണം. ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയണം. അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ചെലവ് വര്‍ധിക്കുമെങ്കിലും ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇതിന്റെ നേട്ടം ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.