ആരും തുടരെ വാഴാത്ത രാജസ്ഥാന്‍

> കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പിലും അധികാരം കോണ്‍ഗ്രസിനെയും ബി ജെ പിയെയും മാറിമാറി തുണച്ചു > ബി ജെ പിക്കെതിരെ ഭരണവിരുദ്ധ വികാരം > കോണ്‍ഗ്രസില്‍ നേതൃത്വ ദാരിദ്ര്യം
Posted on: October 11, 2018 11:13 am | Last updated: October 11, 2018 at 11:13 am

ജയ്പൂര്‍: കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി, കോണ്‍ഗ്രസുകള്‍ മാറിമാറി ഭരണം നടത്തുകയാണ് രാജസ്ഥാനില്‍. വീണ്ടും ജനവിധി തേടിയിറങ്ങുമ്പോള്‍ ഇതാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചിത്രം. ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ഓരേ പാര്‍ട്ടിയെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലിരുത്തിയിട്ടില്ല അവിടത്തെ ജനം. ഡിസംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിന് ഏറെ ആശ്വാസം പകരുന്നതും ബി ജെ പി ക്യാമ്പിനെ അസ്വസ്ഥമാക്കുന്നതും സംസ്ഥാനത്തിന്റെ ഈ പതിവാണ്.

അടുത്തിടെ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും ഒരു നിയമസഭാ സീറ്റുകളിലും ഉജ്ജ്വല വിജയം നേടാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്ന മറ്റൊരു കാര്യം. അജ്മീര്‍, അള്‍വാര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളും മണ്ടല്‍ഗഢ്, ഭില്‍വാര നിയമസഭാ മണ്ഡലങ്ങളുമാണ് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ബി ജെ പി സര്‍ക്കാറിനെതിരെയുള്ള ജനവികാരം ഒന്നുകൂടി ഊതിത്തെളിച്ചാല്‍ ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നു തന്നെ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. പക്ഷേ, അവരെ കുഴക്കുന്നത് മറ്റൊന്നാണ്. കടുത്ത നേതൃദാരിദ്ര്യമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേരിടുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ആരായിരിക്കും സര്‍ക്കാറിനെ നയിക്കുക? ജങ്ങള്‍ക്കെന്നല്ല, പാര്‍ട്ടിക്ക് പോലും വ്യക്തമായ ഉത്തരമില്ല. വിജയിച്ച മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ നയിച്ച സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, സംസ്ഥാനത്ത് വലിയ ജനപിന്തുണയുള്ള അശോക് ഗെഹ്‌ലോത് എന്നിവരില്‍ ഒടുങ്ങുന്നു കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നേതൃനിര.

200 അംഗ നിയമസഭയില്‍ വലിയ ഭൂരിപക്ഷത്തിനാണ് 2013ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. 163 സീറ്റുകളിലാണ് ബി ജെ പി ആ തിരഞ്ഞെടുപ്പില്‍ നേടിയത്. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ 199ലെ തിരഞ്ഞെടുപ്പിനെയും കടത്തിവെട്ടുന്നതായിരുന്നു ബി ജെ പിയുടെ പ്രകടനം. 1998ല്‍ കോണ്‍ഗ്രസ് 153 സീറ്റുകളാണ് നേടിയിരുന്നത്. വലിയ മോദിതരംഗത്തിനിടെയാണ് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാറില്‍ ജനങ്ങള്‍ പല തരത്തിലും അതൃപ്തരാണ്. ഭരണത്തിലിരുന്ന ഇത്രയും കാലം തങ്ങള്‍ക്ക് അപ്രാപ്യയായിരുന്നു മുഖ്യമന്ത്രി സിന്ധ്യയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നു. ഇക്കാരണത്താല്‍ തന്നെ, നേതാക്കളല്ല പ്രവര്‍ത്തകരാണ് ബി ജെ പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നിരുന്നു.

പതിനഞ്ച് ലക്ഷം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം എങ്ങും തൊടാതെ കിടക്കുന്നതാണ് ബി ജെ പിയെ കുഴക്കുന്ന മറ്റൊരു കാര്യം. ഇത് കൂടാതെ വിവിധ ജാതി വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന അസംതൃപ്തി, കര്‍ഷക ആത്മഹത്യകള്‍ എന്നിവയും രണ്ടാം ഊഴം ലക്ഷ്യമിട്ടിറങ്ങുന്ന ബി ജെ പിക്ക് വെല്ലിവിളി തന്നെയാണ്.

ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാമതൊരു കക്ഷിക്കൊ മുന്നണിക്കോ രാജസ്ഥാനില്‍ ഒരു സാധ്യതയും കല്‍പ്പിക്കപ്പെടുന്നില്ല. ബി ജെ പി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഒരിക്കല്‍ പോലും സംസ്ഥാനത്ത് എട്ട് ശതമാനത്തില്‍ അധികം വോട്ട് നേടിയിട്ടില്ല. 1993ല്‍ ജനതാദള്‍ യുനൈറ്റഡ് ആറ് സീറ്റുകളില്‍ ജയിച്ചതാണ് മൂന്നാമതൊരു കക്ഷിയുടെ വലിയ നേട്ടങ്ങളില്‍ ഒന്ന്. ഏഴ് ശതമാനം വോട്ടാണ് ആ തിരഞ്ഞെടുപ്പില്‍ ജെ ഡി യുവിന് ലഭിച്ചത്. 2008ല്‍ 7.6 ശതമാനം വോട്ടുകളോട് ബി എസ് പിയും ആറ് സീറ്റുകളില്‍ ജയിച്ചിരുന്നു. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, സീറ്റ് നിലയില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും പിന്നില്‍ എന്നും മൂന്നാം സ്ഥാനത്ത് സ്വതന്ത്രന്മാരായിരുന്നു. ഇത്തവണ, ബി എസ് പിയുടെ നേതൃത്വത്തില്‍ എസ് പി, സി പി ഐ, സി പി ഐ എം എല്‍, എം സി പി ഐ യു എന്നിവര്‍ ചേര്‍ന്ന് ഐക്യ ജനാധിപത്യ മുന്നണി എന്ന പേരില്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.