Connect with us

National

മധ്യപ്രദേശില്‍ നാലാം ഊഴം കൊതിച്ച് 'ബി ജെ പി മാമന്‍'

Published

|

Last Updated

ഭോപാല്‍: “നിങ്ങള്‍ ഒന്നിനെ കുറിച്ചോര്‍ത്തും വിഷമിക്കേണ്ടതില്ല. നിങ്ങളുടെ മാമ (അമ്മാവന്‍) എല്ലാം നോക്കിക്കൊള്ളാം.” മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പൊതുയോഗങ്ങളില്‍ അണികളെ കൈയിലെടുക്കുന്നത് ഇങ്ങനെയാണ്. ഇന്നലെ ബുര്‍ഹന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും ഈ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം മറന്നില്ല. അണികളുടെ “അമ്മാവന്‍ വിളി”കള്‍ക്കിടയില്‍ ഭാര്യാസമേതനായി എത്തിയ ചൗഹാന്‍ മണിക്കൂര്‍ നീളുന്ന പ്രസംഗം പൂര്‍ത്തിയാക്കി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് തുറന്ന ജീപ്പില്‍ ഓടുകയാണ്.
“ജനങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അങ്ങേയറ്റത്തെ ശ്രദ്ധയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ജനം അമ്മാവന്‍ എന്നുവളിക്കുന്നത്”- സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രി അര്‍ച്ചന ചിത്‌നിസും ചൗഹാനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്. നവജാത ശിശുക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവ സംരംഭകര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വിധവകള്‍ക്കും- എന്തിന് മരിച്ചവര്‍ക്ക് പോലും അദ്ദേഹം പ്രഖ്യാപിച്ച പദ്ധതികളുടെ എണ്ണം പ്രചാരണ വേദികള്‍ തോറും വാഴ്ത്തിപ്പാടുകയാണ് മന്ത്രിമാരും ബി ജെ പി നേതാക്കളും.
മുഖ്യമന്ത്രിയായി നാലാം ഊഴത്തിനാണ് ശിവ്‌രാജ് സിംഗ് ചൗഹാന്‍ കച്ചകെട്ടിയിറങ്ങുന്നത്. 2005 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണയായി അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്നാലെ 2003ല്‍ അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലം മൂന്ന് മുഖ്യമന്ത്രിമാരെയാണ് പരീക്ഷിച്ചത്.

ആദ്യ ഒരു വര്‍ഷം ഉമാഭാരതിയും രണ്ടാം വര്‍ഷം ബാബുലാല്‍ ഗൗര്‍ യാദവും മുഖ്യമന്ത്രി സ്ഥാനത്തിരുന്നു. മൂന്നാം വര്‍ഷം, അതായത് 2005 നവംബര്‍ 29ന് ഉപതിരഞ്ഞെടുപ്പ് ജയിച്ചുവന്ന് അന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന ശിവ്‌രാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രി പദത്തിലെത്തി. പിന്നീട്, 2008ലും 2013ലും ബി ജെ പിയെയും ചൗഹാനെയും വീണ്ടും മധ്യപ്രദേശ് അധികാരത്തിലേറ്റി. 2003ല്‍ 230 അംഗ നിയമസഭയില്‍ 143 സീറ്റുകളുമായാണ് അധികാരത്തിലേറിയതെങ്കില്‍ മൂന്ന് വര്‍ഷം കൊണ്ട് അത് 165 ആക്കി ഉയര്‍ത്തിയാണ് 2008ല്‍ ചൗഹാന്‍ ഭരണത്തുടര്‍ച്ച നേടിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ബാബുലാലും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാര്‍ട്ടി വിട്ട ഉമാഭാരതിയും ആ തിരഞ്ഞെടുപ്പില്‍ ചൗഹാന് വലിയ വെല്ലുവിളിയായിരുന്നു. അതോടൊപ്പം അധികാരം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും കൂടുതല്‍ സജീവമായിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം ചൗഹാന്‍ നേരിട്ടത്, സ്വയം എടുത്തണിഞ്ഞ “അമ്മാവന്‍ കുപ്പായ”ത്തിലൂടെയായിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമെത്തി ജനങ്ങളുടെ കാല്‍തൊട്ട് വന്ദിച്ചും കെട്ടിപ്പിടിച്ചും കരം ഗ്രഹിച്ചും കൈവീശിയും അദ്ദേഹം നടത്തിയ ആശീര്‍വാദ് യാത്ര സംസ്ഥാന രാഷ്ട്രീയത്തില്‍ പുതുമ നിറഞ്ഞതായിരുന്നു. ഇന്നും ചൗഹാന്‍ അതേ തന്ത്രം തന്നെയാണ് പയറ്റുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ അപ്പാടെ ദുരുപയോഗം ചെയ്താണ് അദ്ദേഹം രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആരോപണം. ഇത്തവണ പുതിയ “തുറുപ്പ് പദ്ധതി”യാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചൗഹാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അസംഘടിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള സമ്പല്‍ പദ്ധതിയാണത്. പ്രതിമാസ വൈദ്യുതി ബില്‍ മാറ്റമില്ലാതെ 200 രൂപ, പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് എന്നിവയാണ് പദ്ധതിയുടെ പ്രധാന ഗുണങ്ങള്‍. സംസ്ഥാനത്ത് വോട്ടവകാശമുള്ള പകുതി ആളുകളും ഈ പദ്ധതിയിന്‍ കീഴില്‍ വരും. സംസ്ഥാനത്തെ ഓരോ കുടുംബവും സര്‍ക്കാറിന്റെ ഏതെങ്കിലും ഒരു ക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കും എന്നാണ് ബി ജെ പിയുടെ അവകാശ വാദം.

ക്ഷേമ പദ്ധതികള്‍ക്കപ്പുറം, നാലാം ഊഴം ലക്ഷ്യമിട്ടിറങ്ങുന്ന ബി ജെ പി സര്‍ക്കാറിന് അനുകൂലമായി മാറിയേക്കാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. സംസ്ഥാനത്ത് ബി ജെ പിക്കുള്ള ശക്തമായ അടിത്തറ തന്നെയാണ് അതില്‍ പ്രധാനം. പാര്‍ട്ടിയും- സര്‍ക്കാറും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഐക്യം അതിന് ശക്തിയേറ്റും. പാര്‍ട്ടിയിലും സര്‍ക്കാറിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ശിവ്‌രാജ് സിംഗ് ചൗഹാന്‍ മാറിയിരിക്കുന്നു. സംസ്ഥാനത്ത് നല്ലൊരു ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളെ കൂടി നിര്‍ത്താനും ബി ജെ പി കഴിഞ്ഞിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടി സംസ്ഥാനത്ത് പ്രചാരണത്തിനെത്തുന്നതോടെ അണികളിലും പ്രവര്‍ത്തകരിലും വലിയ ആവേശമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.
അതേസമയം, തുടര്‍ച്ചയായി മൂന്ന് തവണ ഒരു പാര്‍ട്ടി തന്നെ സംസ്ഥാനം ഭിരിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന വിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാമെന്ന ആശങ്ക ബി ജെ പി കേന്ദ്രത്തില്‍ ഇല്ലാതില്ല. ബി ജെ പി. എം എല്‍ എമാര്‍ പ്രത്യേകിച്ചും താഴേത്തട്ടില്‍ ഈ വെല്ലുവിളി അഭിമുഖീകരിക്കുന്നുണ്ട്. എസ് സി, എസ് ടി നിയമത്തിന് എതിരെയുള്ള പ്രതിഷേധം സംസ്ഥാനത്ത് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

പിന്നാക്ക സംവരണം ഉയര്‍ത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഉന്നത വിഭാഗങ്ങള്‍ മുറുമുറുപ്പിലാണ്. എം ബി ബി എസ് പ്രവേശനത്തിലെ തിരിമറി ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും ബി ജെ പി സര്‍ക്കാര്‍ നേരിടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ജനവികാരം സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തില്‍ കാര്യമായിത്തന്നെയുണ്ട്.
എന്നാല്‍, ഒരു തരത്തിലുള്ള ഭരണവിരുദ്ധ വികാരവും ഈ തിരഞ്ഞെടുപ്പില്‍ നിഴലിക്കില്ലെന്നാണ് ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറയുന്നത്. ബി ജെ പിയെ തള്ളിപ്പറഞ്ഞവര്‍ പോലും ഇപ്പോള്‍ തങ്ങള്‍ക്കൊമാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.