യു എന്‍ അന്താരാഷ്ട്ര യുവ സമ്മേളനം 19 മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍

പത്ത് രാഷ്ട്രങ്ങളില്‍ നിന്നായി 30 അന്താരാഷ്ട്ര യുവനേതാക്കള്‍ പങ്കെടുക്കും
Posted on: October 11, 2018 9:08 am | Last updated: October 11, 2018 at 10:51 am
യു എന്‍ അന്താരാഷ്ട്ര യുവസമ്മേളനത്തിന്റെ ലോഗോ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര യുവ സമ്മേളനം ഈ മാസം 19 മുതല്‍ 21 വരെ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. അമേരിക്ക, യൂറോപ്പ്, സൗത്ത് പസഫിക്, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഏഷ്യ തുടങ്ങിയ ഭാഗങ്ങളിലെ പത്ത് രാഷ്ട്രങ്ങളില്‍ നിന്നായി 30 അന്തരാഷ്ട്ര യുവനേതാക്കളും അക്കാദമിക പണ്ഡിതരും രാഷ്ട്ര തന്ത്രജ്ഞരും നേതൃത്വം നല്‍കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി നിര്‍വഹിച്ചു.

പുതിയ ആശയങ്ങളും പദ്ധതികളും നല്‍കി യുവസമൂഹത്തെ പുതിയ ലോകത്തെ ക്രിയാത്മകമായി നയിക്കാനായി ഐക്യ രാഷ്ട്ര സഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സമ്മേളനം വളര്‍ന്നു വരുന്ന യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി നഖ്‌വി പറഞ്ഞു.
ഐക്യരാഷ്ട്ര സഭക്ക് കീഴിലെ യുനൈറ്റഡ് നാഷന്‍സ് അക്കാദമിക് ഇംപാക്ട് യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ യുവവികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനയായ യൂറോപ്യന്‍ യൂത്ത് അവാര്‍ഡ്‌സ്, ഇന്ത്യയിലെ സുസ്ഥിര വികസന പദ്ധതികള്‍ ക്രിയാത്മകമായി നടപ്പാക്കാനും അതിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഗുല്‍മോഹര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്.

പ്രളയാനന്തര കേരളത്തിന്റെ സമഗ്ര വികസനം എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ച ചര്‍ച്ചകളും പുതിയ ലോകത്ത് യുവാക്കളുടെ നേതൃപരവും നയതന്ത്രപരവും ബൗദ്ധികവുമായ ഇടപെടലുകള്‍ സാധ്യമാക്കാനും ആവശ്യമായ കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
കോണ്‍ഫറന്‍സ് വിവരങ്ങളും രജിസ്‌ട്രേഷന്‍ സൗകര്യവും www.muys2018.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.