ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ പട്ടച്ചരട് കഴുത്തില്‍ കുടുങ്ങി യുവതി മരിച്ചു

Posted on: October 9, 2018 1:19 pm | Last updated: October 9, 2018 at 3:10 pm

മുംബൈ: ഇരുചക്ര വാഹനത്തില്‍ പോകവെ പട്ടച്ചരട് കഴുത്തില്‍ കുടുങ്ങി തൊണ്ട പൊട്ടി ഡോക്ടറായ യുവതി മരിച്ചു. 26കാരിയായ ക്യപാലി നിഗം ആണ് ചോരവാര്‍ന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട ക്യപാലി നാസികിലെ ഫട്ട ഫ്‌ളൈ ഓവറില്‍ 20 മിനുട്ടോളം സഹായിക്കാനാളില്ലാതെ ചോരവാര്‍ന്ന് കിടന്നു. ഒടുവില്‍ സിദ്ധാര്‍ഥ് ബൊറാവാക് എന്ന പൂന സ്വദേശിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലു യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. ആരെങ്കിലും വാഹനം നിര്‍ത്തി നേരത്തെ യുവതിയെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. സിന്തറ്റിക്, നൈലോണ്‍ പട്ടച്ചരുകള്‍ 2017ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴും ഇത് അശ്രദ്ധയോടെ ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുകയാണ്.