കേന്ദ്ര മന്ത്രി എംജെ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്

Posted on: October 9, 2018 10:31 am | Last updated: October 9, 2018 at 12:46 pm

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എംജെ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മാധ്യമപ്രവര്‍ത്തക . ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്‍ ഒരു ഹോട്ടലില്‍വെച്ച് എംജെ അക്ബറിന്റെ ടീമിലേക്കുള്ള ഒരു ജോലി അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രിയില്‍നിന്നും തനിക്ക് ദുരനുഭവമുണ്ടായതെന്ന് വോഗ് മാഗസിനിലൂടെ പ്രിയ രമണി ആരോപിക്കുന്നു.

പ്രിയ രമണിയുടെ ആരോപണത്തിന് പിറകെ നിരവധി പേര്‍ മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഇത് അക്ബറിന്റെ സ്ഥിരം പരിപാടിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ശാരീരികമായ ആക്രമണത്തിനുപോലും മടിക്കാത്ത അക്ബര്‍ സ്ത്രീകളോട് എന്ത് വ്യത്തികേടും പറയാന്‍ മടികാട്ടാത്തയാളാണെന്നും പരും പറയുന്നു. തന്റെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഏതറ്റംവരേയും ഉപദ്രവിക്കാന്‍ മടിയില്ലാത്തയാളാണെന്നും പ്രിയ രമണിയുടെ ട്വീറ്റിനോട് പലരും പ്രതികരിച്ചു. താന്‍ ആ രാത്രിയില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഇനിയൊരിക്കലും അയാളുമായി ഒരു മുറിയില്‍പ്പോലും നില്‍ക്കാനാകില്ലെന്നും പ്രിയ രമണി പറയുന്നു.