നജീബ് മൂടാടിയുടെ കഥകളുടെ ഈ ചെമ്പ് പൊട്ടിച്ചാല്‍ സങ്കടമണം പരക്കും. ഓരോ കഥയും തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിക്കും. മേലാകെ കണ്ണീരുപ്പ് പടരും. ‘സങ്കടമണമുള്ള ബിരിയാണി’ വെറും കഥകളോ കഥയില്ലായ്മകളോ അല്ല. അവ ജീവിതം തന്നെയാണ്. നമുക്കിടയില്‍ എന്നും കാണുന്ന, പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ജീവിതങ്ങള്‍. ഓരോ കഥയിലും നമ്മെത്തന്നെ അല്ലെങ്കില്‍ പ്രിയപ്പെട്ടൊരാളെ കണ്ടെത്താനാകും. ഈ കഥാപാത്രത്തെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന് സംശയിക്കും. ഇത്രമേല്‍ പച്ചയാണോ കഥകളെന്ന് അതിശയിക്കും.
ജീവിതത്തിന്റെ നിറപ്പകിട്ടുകള്‍ക്കിടയില്‍ കാണാതെ പോകുന്ന കുറെ സങ്കടജീവിതങ്ങളെയാണ് നജീബ് തുറന്നുവെക്കുന്നത്. പ്രവാസത്തിന്റെ നോവുകളും ബന്ധങ്ങളുടെ കെട്ടുപാടുകളും നാട്ടിന്‍പുറത്തിന്റെ നന്മകളും പഴമ്പുരാണങ്ങളും തത്വശാസ്ത്രങ്ങളുമൊക്കെ കഥയാണോ ജീവിതമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടപ്പുണ്ട് ഈ ബിരിയാണിയില്‍. വടക്കന്‍ കോഴിക്കോടിന്റെ നാട്ടുഭാഷ മനോഹരമായി വരച്ചിടുന്നുണ്ട് പല കഥകളിലും. കഥകള്‍, കഥയല്ലായ്മകള്‍ എന്നിങ്ങനെ തിരിച്ച 31 കഥകളാണ് സങ്കടമണമുള്ള ബിരിയാണിയിലുള്ളത്. വായിക്കുമ്പോള്‍ കഥയേത് അല്ലാത്തതേത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഹൃദയത്തെ കൊളുത്തിവലിക്കും ഓരോന്നും.
കഥാകൃത്തും പ്രവാസിയായിരുന്നു എന്നതിനാലാവണം, പ്രവാസം തന്നെയാണ് കഥകളില്‍ കൂടുതലായി വരുന്ന പ്രമേയം. ഒരു ഇരുമ്പുകട്ടിലിന്റെ പാതിദിവസത്തെ അവകാശികള്‍ മാത്രമായ പ്രവാസികള്‍, നാട്ടില്‍ സ്വപ്‌നങ്ങളുടെ കൂട് പടുത്തുയര്‍ത്തുന്നതിന്റെ നൊമ്പരങ്ങളാണ് ‘മരുക്കാറ്റ്’, ‘ഉറക്കമില്ലാത്ത വീട്’ തുടങ്ങിയ കഥകള്‍. മരണക്കിടക്കയിലുള്ള ഉമ്മാക്ക്, ഉപ്പയുടെ ഓര്‍മകളുടെ മണമുള്ള അത്തര്‍ കൊടുത്തയക്കുന്ന മകനും നാട്ടിലെത്തി അത്തര്‍ കുപ്പിയുമായി ഉമ്മയെ തേടിപ്പോകുന്ന സുഹൃത്തും അത്തറു മണമെത്തുംമുമ്പേ അത്തര്‍ കൊടുത്തയച്ച മകന്റെ മരണത്തിന്റെ മണമെത്തുന്നതുമൊക്കെ ഉള്ളിലാകെ സങ്കടമണം പുരട്ടും.
എല്ലാ ക്രൂരതകളെയും മൃഗീയമെന്ന് വിളിച്ച് മൃഗങ്ങളെയധിക്ഷേപിക്കുന്ന മനുഷ്യനോട് തര്‍ക്കിക്കുന്ന ഒരു കീരിയുണ്ട് ‘കീരിജീവിതം’ എന്ന കഥയില്‍. കീരിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും ഉത്തരംമുട്ടിപ്പോകും. സ്‌നേഹം കൊണ്ട് മറ്റുള്ളവരെ തോല്‍പ്പിച്ചുകളയുന്ന ഉപ്പയും ഇക്കയും വല്യേട്ടനുമൊക്കെ നമ്മുടെയെല്ലാമിടയില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്. തന്നെ കൈപ്പിടിച്ചുയര്‍ത്തിയ വല്യേട്ടനെ അവസാനനോക്കിനായി വരുന്ന അനിയത്തിയും കല്യാണത്തോടെ പ്രിയപ്പെട്ട ഉപ്പയെ പിരിയേണ്ടി വരുന്ന മകളുമൊക്കെ നമ്മുടെയുള്ളില്‍ നൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കും.
‘കണാരേട്ടന്റെ നാട്ടിലെ ചിത്രങ്ങള്‍’ ഓര്‍മകളുടെ തിരകളടിച്ചുകയറ്റും. നിരത്തുവക്കിലെ സൈക്കിളഭ്യാസവും പൊട്ടിയ ട്യൂബ് ചില്ലുകളുടെ മുകളില്‍ കിടന്നുള്ള കസര്‍ത്തും ജീവനോടെ കുഴിയില്‍ മണ്ണിട്ട് മൂടുന്നതും റിക്കാര്‍ഡ് ഡാന്‍സുമൊക്കെ ഇന്ന് പൊയ്മറഞ്ഞ കാഴ്ചകളാണ്. സാബിറയും മരുഭൂമിയിലെ അസൈനാര്‍ക്കയും ഉമ്മയും അച്ഛനുമടക്കം തോറ്റുപോയവരുടെ നിസ്സാരമായ ജീവിതങ്ങള്‍ വായന കഴിഞ്ഞും നമ്മോടൊപ്പം പോരും. അവര്‍ നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയുടെ ഏക തുണയായിരുന്ന ഉമ്മ മരിക്കുമ്പോഴുണ്ടാകുന്ന ശൂന്യതയും ബിരിയാണിയുടെ മണം കിട്ടുന്നതോടെ കൊതിനിറയുന്ന ഫായിസിനെയും കൊണ്ട് ആഘോഷദിവസങ്ങളില്‍ കടപ്പുറത്തേക്ക് ഒളിച്ചുകടക്കേണ്ടിവരുന്ന ഉമ്മയും നമ്മുടെയുള്ളില്‍ സങ്കണമണം പരത്തുക തന്നെ ചെയ്യും.
ഒന്നു സൂക്ഷിച്ചുനോക്കിയാല്‍ നജീബിന്റെ കഥാപാത്രങ്ങളൊക്കെയും നമുക്ക് ചുറ്റിലും കാണാനാകും. നിസ്സാരമായ ആ ജീവിതങ്ങളെ കാണാന്‍ പക്ഷേ നമുക്ക് നേരമില്ലെന്ന് മാത്രം. ഓരോ കഥ വായിച്ചു കഴിയുമ്പോഴും കഥാപാത്രങ്ങളൊക്കെയും നമ്മെ വന്നുപൊതിയും. അവര്‍ സംസാരിക്കുന്നത് നമ്മുടെ നാട്ടുഭാഷ തന്നെയായിരിക്കും. അവരുടെ പേരുകള്‍ പരിചിതമായിരിക്കും. അവരുടെ മുഖങ്ങള്‍ അത്രനാളും നമുക്കിടയില്‍ തന്നെയുണ്ടായിരുന്നവയായിരിക്കും. അതാണ് ഈ കഥകളുടെ മാന്ത്രികത. അവസാനത്തെ കഥയും വായിച്ചുതീരുമ്പോള്‍ ഏതാണ് കഥ, ഏതാണ് കഥയല്ലായ്മ, ഏതാണ് ജീവിതം എന്ന് തിരിച്ചറിയാതെ നമ്മള്‍ കുഴയും. അപ്പോള്‍ ഉള്ളില്‍ സങ്കടങ്ങളുടെ മണമെരിയും. പെന്‍ഡുലം ബുക്‌സാണ് പ്രസാധകര്‍. വില 120 രൂപ.
.