Connect with us

Prathivaram

ശാലിയാത്തി (റ): പാണ്ഡിത്യത്തിന്റെ നാനാര്‍ഥങ്ങള്‍

Published

|

Last Updated

കേരള മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രമുഖരാണ് മര്‍ഹൂം ശിഹാബുദ്ദീന്‍ അബുസ്സആദത്ത് അഹ്മദ് കോയ ശാലിയാത്തി (റ). ഇമാം ഫഖ്‌റുദ്ദീനുല്‍ റാസി (റ), ഗസ്സാലി (റ) തുടങ്ങിയ പൂര്‍വിക ധിഷണാശാലികളുടെ ജ്ഞാന പുഷ്‌കലതയെ തന്മയത്വത്തോടെ പുനരാവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അറിവന്വേഷണ രംഗത്ത് കുശാഗ്രമായി ഇടപെടുകയും സ്വതസിദ്ധമായ രീതിശാസ്ത്രം വളര്‍ത്തിയെടുക്കുകയും ചെയ്തു.

ഹിജ്‌റ 1302 (എ ഡി: 1884) ജമാദുല്‍ ഉഖ്‌റ 22 വ്യാഴാഴ്ച രാത്രിയാണ് ഇമാമുദ്ദീന്‍ കുഞ്ഞാലി കുട്ടി മുസ്‌ലിയാരുടെയും ഫരീദയുടെയും മകനായി ശാലിയാത്തി ജനിക്കുന്നത്. മലബാറിലെ പണ്ഡിതന്മാരുടെ ചരിത്രം പ്രതിപാദിക്കാനായി രചിച്ച “തറാജുമുല്‍ മുഅല്ലിഫീന്‍ ലില്‍ ഖുത്വുബി മിന്‍ അഹ്‌ലി ദിയാരി മലൈബാര്‍” എന്ന ഗ്രന്ഥത്തില്‍ തന്റെ ജീവചരിത്രവും മഹാന്‍ പരിചയപ്പെടുത്തുന്നുണ്ട്. മറ്റു രചനകളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി അബ്ജദ് കണക്കുകള്‍ അനുസരിച്ചാണ് വര്‍ഷങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ പിതാവിനെ കുറിച്ച് പറയുന്നിടത്ത് അദ്ദേഹത്തിന്റെ വഫാത്ത് ഹി:1334 ലായിരുന്നു എന്ന് പറഞ്ഞ ശേഷം ഇത് ഒരു ഖുര്‍ആനിക വാക്യത്തിന്റെ അബ്ജദ് കണക്കിനോട് യോജിച്ചതാണെന്ന് മഹാന്‍ എഴുതുന്നു.

ജ്ഞാന സരണിയിലേക്ക്
കഠിനമായ പരിശ്രമങ്ങളുടെയും ത്യാഗോജ്വല ജീവിതത്തിന്റെയും ഘട്ടമായിരുന്നു പഠനകാലം. പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ഖുര്‍ആന്‍ പഠനവും പൂര്‍ത്തിയാക്കിയതോടെ അറിവന്വേഷണ യാത്രകള്‍ക്ക് തുടക്കം കുറിച്ചു. ഇമാം യാഫിഈ (റ) വിന്റെ ഇര്‍ശാദിന് ശാലിയാത്തിയെഴുതിയ വ്യാഖ്യാനത്തില്‍ ഉപ്പയുടെ അടുത്ത് ഓതിയിരുന്നതായും പല അടിക്കുറിപ്പുകളും പിതാവ് പറഞ്ഞതനുസരിച്ച് എഴുതിയതായും സൂചിപ്പിക്കുന്നതായി കാണാം. പിന്നീട് മലബാറിലെ വിശ്രുത പണ്ഡിതനും ബ്രിട്ടീഷ് കൊളോണിയല്‍ ദുര്‍ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഖിലാഫത്ത് നേതാവുമായിരുന്ന നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിക്ഷണത്തിലായിരുന്നു.

അദ്‌നാ പട്ടണത്ത് ദര്‍സ് നടത്തിയിരുന്ന ശൈഖ് അഹ്മദില്‍ നിന്നും രിസാലതുല്‍ മാറദീനിയില്‍ നൈപുണ്യം നേടി തിരിച്ചു വന്ന ചാലിലകത്തിന്റെ പുതിയ ചൂണ്ടിക്കാട്ടലുകള്‍ കേരളീയ പണ്ഡിതന്മാര്‍ക്കിടയില്‍ സംവാദങ്ങള്‍ക്ക് തിരികൊളുത്തി. മലബാറിലെ പള്ളികളുടെ ഖിബ്‌ലകള്‍ നേര്‍രേഖ തെറ്റിയാണ് നിര്‍മിക്കപ്പെട്ടതെന്ന ചാലിലകത്തിന്റെ വാദത്തോട് ചില പണ്ഡിതന്മാര്‍ അനുകൂലിക്കുകയും മറ്റുചിലര്‍ പ്രതികൂലിക്കുകയും ചെയ്തു. ചാലിലകത്തിനെ അനുകൂലിച്ച് പുതിയറ സുലൈമാന്‍ മുസ്‌ലിയാര്‍ തുഹ്ഫതുല്‍ അഹ്ബാബ് രചിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഈ കാലത്ത് വിദ്യാര്‍ഥിയായിരുന്ന ശാലിയാത്തി (റ) രിസാലത്തുല്‍ മാറദീനി ഗഹനമായി പഠിച്ച്, കോളിളക്കം സൃഷ്ടിച്ച ഖിബ്‌ല ഐന്‍, ജിഹത് (ഭാഗം) വിവാദത്തിന്റെ വാദങ്ങള്‍ ഇഴകീറി പരിശോധിച്ച് നാല് ഗ്രന്ഥങ്ങള്‍ പണ്ഡിത കേരളത്തിനായി സമര്‍പ്പിച്ചു. രിസാലത്തുല്‍ മാറദീനിയെ വിശദീകരിക്കുന്ന അന്നബാഹതുല്‍ യഖീനിയ്യ ഫീ ശറഹി രിസാലത്തില്‍ മാറദിയ്യ, ഖിബ്‌ലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖീറതുല്‍ അദില്ല ഫീ ഹദ്‌യി ഇസ്തിഖ്ബാലില്‍ ഖിബ്‌ല, തഹ്ഖീഖുല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍, ചാലിലകത്തിന്റെ രിസാലത്തു ദഅവാ ഫില്‍ ഖിബല എന്നതിനോടുള്ള വിയോജനക്കുറിപ്പായ അല്‍ മഖാലുല്‍ ഹാവി ഫീ റദ്ദീല്‍ ഫതാവാ വദ്ദആവാ എന്നിവയാണിവ.

ചാലിലകത്തിന്റെ അടുത്ത് നിന്ന് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി. മൗലാനാ മുഫ്തി മഹ്മൂദ് സാഹിബായിരുന്നു ഗുരു. അറബി സാഹിത്യം, ഗോളശാസ്ത്രം, തര്‍ക്ക ശാസ്ത്രം എന്നീ പഠന ശാഖകള്‍ ഉള്‍പ്പെടുത്തിയ സില്‍സിലത്തുല്‍ ഫിഖ്‌രിയ്യ എന്ന സിലബസ് പ്രകാരമായിരുന്നു അവിടുത്തെ പഠനം. ഒഴിവു സമയങ്ങളില്‍ മറ്റ് പഠനങ്ങളില്‍ വ്യാപൃതനായി. അങ്ങനെയാണ് മദ്രാസിലെ അധ്യയന കാലത്ത് വൈദ്യശാസ്ത്രത്തില്‍ വൈദഗ്ധ്യം നേടുന്നത്. തുടര്‍ന്ന് വെല്ലൂര്‍ ലത്വീഫിയ്യ അറബിക് കോളജില്‍ ഉപരിപഠനത്തിനായി എത്തി. നിസാമിയ്യ സിലബസ് പ്രകാരമായിരുന്നു അധ്യയനം. അല്ലാമ ശൈഖ് ഹുസൈന്‍ അഹ്മദുല്‍ ഖാദിരി, സയ്യിദ് മുഹിയുദ്ദീന്‍ അബ്ദുല്ലത്വീഫുല്‍ ഖാദിരി തുടങ്ങിയവര്‍ ഇക്കാലത്തെ ഉസ്താദുമാരില്‍ ചിലരാണ്. അഗാധ പാണ്ഡിത്യവും ഏത് വിഷയവും ഇഴകീറി മര്‍മം കണ്ടെത്തുന്നതിലുള്ള നിപുണതയും ബോധ്യപ്പെട്ട ഉസ്താദുമാര്‍, ഗ്രഹിച്ച പാഠങ്ങള്‍ കൃത്യതയോടെ വിശദീകരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവില്‍ സംതൃപ്തിയടഞ്ഞു. വെല്ലൂര്‍ ലത്വീഫിയ്യയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അവിടുത്തെ അധ്യാപകനായും, ഹിജ്‌റ 1326 ദുല്‍ഖഅദ് മാസത്തില്‍ അഗ്രേസരായ പണ്ഡിതന്മാര്‍ക്ക് മാത്രം അംഗത്വം ഉണ്ടായിരുന്ന ഫത്‌വ ബോര്‍ഡില്‍ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരമൊരു ബഹുമതി ലഭിച്ച ആദ്യ മലയാളിയാണ് ശാലിയാത്തി(റ). ലത്വീഫിയ്യയില്‍ ബിരുദ പഠനത്തിനായി എത്തിയ വര്‍ഷം തന്നെ ചില കിതാബുകള്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് ഓതി ക്കൊടുക്കാന്‍ നിയമിതനായിരുന്നു. ഇവിടുത്തെ പഠനകാലത്തിനിടക്ക് നാല് മദ്ഹബുകളിലും അതീവ പ്രാവീണ്യം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

ശാലിയാത്തി(റ)യുടെ ജ്ഞാനന്വേഷണത്തെയും അധ്യാത്മിക ജീവിതത്തെയും കൂടുതല്‍ സ്വാധീനിച്ചത് പ്രധാനമായും രണ്ട് പേരാണ്; മദിരാശിയിലെ മൗലാനാ മുഫ്തി മഹ്മൂദും ലത്വീഫിയ്യയിലെ സയ്യിദ് മുഹിയുദ്ദീന്‍ അബ്ദുല്‍ ലത്വീഫ് അല്‍ ഖാദിരിയും. ഇരുവരുടെയും വിയോഗത്തില്‍ അതീവ ദുഃഖിതനായ ശാലിയാത്തി, അവരുടെ ജ്ഞാന സാഗരത്തെയും ആധ്യാത്മിക ഔന്നിത്യത്തെയും വിശകലനം ചെയ്ത് മര്‍സിയ്യകള്‍ (അനുശോചന കാവ്യങ്ങള്‍) രചിച്ചിട്ടുണ്ട്. ഖസ്വീദത്തുന്‍ റാഇയ്യതുന്‍ ഫീ മര്‍സിയ്യതി മൗലാന അല്‍ ഹാജി സയ്യിദ് ഷാ അല്‍ മുഹിയുദ്ദീന്‍ അബ്ദുല്‍ ലത്വീഫി അല്‍ ഹാഫിളി ഖുത്വുബി വേലൂര്‍, ഖസ്വീദതുന്‍ ബാഇയതുന്‍ ഫീ മര്‍സിയ്യത്തി മൗലാന അശ്ശൈഖ് മഹ്മൂദ് മുഫ്തില്‍ മദ്രാസ് എന്നിവയാണവ.

അധ്യാപകന്‍
ഹിജ്‌റ 1329 റജബില്‍ വെല്ലൂരിലെ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുനല്‍വേലി പേട്ടയിലെ രിയാളുല്‍ ജിനാന്‍ മദ്‌റസയില്‍ സ്വദര്‍ മുഅല്ലിമായി നിയമിക്കപ്പെട്ടു. അന്നത്തെ മദ്‌റസകള്‍ ഇന്നു കാണുന്ന പ്രാഥമിക മത വിദ്യാഭാസ കേന്ദ്രങ്ങളെ പോലെയായിരുന്നില്ല. മറിച്ച്, അവിടെ പഠിച്ചിരുന്നവര്‍ ജ്ഞാന കുതുകികളായ വലിയ മതവിദ്യാര്‍ഥികളായിരുന്നു. അഞ്ച് വര്‍ഷം സ്വദര്‍ മുഅല്ലിമായി തുടര്‍ന്നു. ഇക്കാലത്താണ് ഹനഫി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്‍ റഈസുല്‍ മുഹഖിഖീന്‍ അഹ്മദ് രിസാഖാന്‍ ബറേല്‍വിയുമായി സന്ധിക്കുന്നത്.

തുടര്‍ന്ന് ഹൈദരാബാദ് നൈസാം ശാലിയാത്തിയെ തെന്നിന്ത്യയിലെ മുഫ്തിയായി നിയമിച്ചു. നാല് മദ്ഹബിലെയും വിധിവിലക്കുകളിലുള്ള അഗാധപാണ്ഡിത്യമാണ്് നൈസാമിനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്. അക്കാലത്ത് നൂറ് രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുഫ്തി പദവിയിലായിരിക്കെ ലത്വീഫിയ്യയിലേക്ക് വീണ്ടും അദ്ദേഹം ക്ഷണിക്കപ്പെട്ടു. അധ്യയന കാലത്ത് മുഫ്തിയും അധ്യാപകനുമായിരുന്ന ശാലിയാത്തി (റ) ഇത്തവണ ലത്വീഫിയ്യ പ്രിന്‍സിപ്പലായി നിയമിതനായി. നൈസാമിന്റെ മുഫ്തിയായി തുടരാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും നൈസാം അദ്ദേഹത്തെ ഒഴിവാക്കിയില്ല. ലത്വീഫിയ്യയുടെ പ്രിന്‍സിപ്പലായിരുന്നപ്പോഴും പില്‍ക്കാലത്ത് കേരളത്തിലേക്ക് മടങ്ങിയപ്പോഴും നൈസാമിന്റെ മതകാര്യ ഉപദേഷ്ടാവായി തുടര്‍ന്നു. കേരളത്തിലായിരുന്നപ്പോള്‍ മതപരമായ വിഷയങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന ഫത്‌വകള്‍ എഴുതി അയച്ചു. മരണം വരെ നൈസാമിന്റെ പെന്‍ഷന്‍ ലഭിച്ചിരുന്നു. മഹാന്റെ വഫാത്തിനു ശേഷം ലഭിച്ച പെന്‍ഷന്‍ തുക തിരിച്ചയച്ചതോടെയാണ് അത് നിലച്ചത്. പിന്നീട്, ശാലിയാത്തി (റ) നല്‍കിയിരുന്ന കര്‍മശാസ്ത്ര ഫത്‌വകള്‍ അല്‍ ഫതാവല്‍ അസ്ഹരിയ്യ ഫില്‍ അഹ്കാമി ശ്ശറഇയ്യ വല്‍ ഫുനൂനില്‍ ഇല്‍മിയ്യ എന്ന പേരിലും വിശ്വാസ കാര്യങ്ങളില്‍ (അഖീദ) നല്‍കിയിരുന്നവ അല്‍ ഫതാവ ദ്ദീനിയ്യ ബി തനക്കുബില്‍ ഹഫ്‌ലതില്‍ അയ്കിയ്യ എന്ന പേരിലും സമാഹരിക്കപ്പെട്ടു.

വെല്ലൂരില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കെ ഗുരുനാഥനായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ ക്ഷണപ്രകാരം തിരൂരങ്ങാടിയിലെ ഉസ്താദിന്റെ ദര്‍സിലേക്ക് പോന്നു. അങ്ങനെ, ഹജ്ജിന് പോകുകയായിരുന്ന ഉസ്താദിന്റെ പകരക്കാരനായി തിരൂരങ്ങാടി വലിയ പള്ളിയില്‍ മുദര്‍രിസായി നിയമിക്കപ്പെട്ടു. തുടര്‍ന്ന്, അഞ്ച് വര്‍ഷം കൊടിയത്തൂരില്‍ സേവനമനുഷ്ഠിച്ചു. മദ്രാസ്, നാഗൂര്‍ എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്. ഗുരുവര്യനായിരുന്ന മദ്രാസിലെ മൗലാനാ മുഫ്തി മഹ്മൂദ് സാഹിബിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഭട്കലില്‍ മുദര്‍രിസായത്. ഇവിടുത്തെ അധ്യാപന കാലത്തിനിടക്ക് പ്രമേഹബാധിതനായി സ്വദേശമായ ചാലിയത്തേക്ക് മടങ്ങി.

സംഘടനയും പ്രവര്‍ത്തനവും
1933 മാര്‍ച്ച് അഞ്ചിന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ സമ്മേളനത്തിന്റെ വിജയത്തിന്റെ നിദാനം ശാലിയാത്തിയുടെ ധീരമായ ഇടപെടലുകളും സൂക്ഷ്മതയോടെയുള്ള തീരുമാനങ്ങളുമായിരുന്നു. സമ്മേളനം നടക്കുമ്പോള്‍, 1926 ജൂണ്‍ 26 ന് ഔദ്യോഗികമായി തുടങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. ഈ തക്കം മുതലെടുത്ത് വഹാബികള്‍ കരുനീക്കങ്ങള്‍ തുടങ്ങി. സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന ശാലിയാത്തിക്ക് സലഫികള്‍ വക്കീല്‍ നോട്ടീസയച്ചു. ഇതിന് ശാലിയാത്തി നല്‍കിയ മറുപടി കണ്ട് സലഫികള്‍ ഇളിഭ്യരായി. സമസ്തയുടെ ചരിത്ര പ്രസിദ്ധ തീരുമാനങ്ങളിലൊന്നാണ് തര്‍ക്കുല്‍ മുവാലാത്ത് അഥവാ ബന്ധവിച്ഛേദന നിയമം. ബിദഇകളുമായി സുന്നികളുടെ സമീപനം ഏത് രീതിയിലാവണമെന്നാണ് ഇതിന്റെ ഉള്‍സാരം. തുടര്‍ന്ന് 1934 നവംബര്‍ 14ന് സമസ്ത ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ പത്താം അംഗം ശാലിയാത്തി ആയിരുന്നു. തുടര്‍ന്ന്, 1947 ല്‍ നടന്ന സമസ്തയുടെ സമ്മേളനത്തില്‍ തര്‍ക്കുല്‍ മുവാലത്ത് വിശദമായി അവതരിപ്പിച്ചു. ഇതിലുള്ള നയമാണ് ഇപ്പോഴും സമസ്ത വഹാബികളോട് പുലര്‍ത്തിപ്പോരുന്നത്. ശാലിയാത്തിയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇത്തരം തീരുമാനങ്ങള്‍ പില്‍കാലത്ത് സമസ്തക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

1965 ആഗസ്ത് 29 ന് തബ്ലീഗ് ജമാഅത്തിനെ കുറിച്ച് സമസ്തയുടെ നിലപാടെന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ഔദ്യോഗികമായി ഖുതുബി മുഹമ്മദ് മുസ്ലിയാരെ നിയോഗിച്ചപ്പോള്‍ ശാലിയാത്തിയുടെ രചനകളും ഗ്രന്ഥശേഖരവും ആധാരമാക്കിയായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്.

ഭട്കലില്‍ അധ്യാപനത്തിലായിരിക്കെ രോഗബാധിതനായി സ്വദേശമായ ചാലിയത്തേക്കെത്തിയ ശാലിയാത്തി വീടിനടുത്ത് പള്ളിയും ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യ എന്ന പേരില്‍ ലൈബ്രറിയും നിര്‍മിച്ചു. 1946 ലാണ് ഇത് സ്ഥാപിക്കുന്നത്. അനവധി ഗവേഷണ പഠനങ്ങള്‍ക്കായി ഇവിടുത്തെ ഗ്രന്ഥങ്ങള്‍ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അറബി, ഉറുദു, പാര്‍സി, ഹീബ്രൂ, ഇംഗ്ലീഷ്, ഹിന്ദി, സുരിയാനി തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ശാലിയാത്തിയുടെ ഗ്രന്ഥാലയത്തില്‍ അത്യപൂര്‍വ രചനകളുമുണ്ട്. ഈയടുത്ത് ദാറുല്‍ മിന്‍ഹാജ് പ്രസിദ്ധീകരണം തുടങ്ങിയ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ഖുര്‍റത്തുല്‍ ഐനിന് അല്ലാമ ബാസ്വബറൈന്‍ (റ) രചിച്ച വ്യാഖ്യാനം ഇആനത്തുല്‍ മുസ്തഈനിന്റെ പണ്ടെന്നോ ലഭിച്ച കോപ്പി ഇപ്പോഴുമവിടെ കാണാം.
ഹിജ്‌റ 1374 മുഹര്‍റം 27 (എ ഡി: 1954) നായിരുന്നു അവിടുത്തെ വഫാത്ത്. കൈയില്‍ പിടിച്ചിരുന്ന തസ്ബീഹ് മാല നിലത്ത് വീണപ്പോഴാണ് മഹാന്റെ മരണം ഉറപ്പിച്ചതെന്ന് സഹോദര പുത്രന്‍ ഓര്‍ക്കുന്നു. അസ്ഹരിയ്യ ലൈബ്രറിക്ക് ചാരത്തു തന്നെയാണ് മഹാനവര്‍കളെ ഖബറടക്കിയത്. അവിടുത്തെ പേരില്‍ കാടേരി മുഹമ്മദ് അബ്ദുല്‍ കമാല്‍ മുസ്‌ലിയാര്‍ മര്‍സിയ്യത്ത് രചിച്ചിട്ടുണ്ട്.
.

Latest