Connect with us

International

ജൂത കുടിയേറ്റ കേന്ദ്രത്തിന് സമീപം രണ്ട് ഇസ്‌റാഈലുകാര്‍ വെടിയേറ്റു മരിച്ചു

Published

|

Last Updated

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബേങ്കിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രത്തിന് സമീപം രണ്ട് ഇസ്‌റാഈലുകാര്‍ വെടിയേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇസ്‌റാഈല്‍ പോലീസ് പറഞ്ഞു. 23കാരനായ ഫലസ്തീന്‍ യുവാവാണ് വെടിവെപ്പിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ബര്‍കാന്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു തൊഴിലാളിയാണ് ഇദ്ദേഹമെന്നും വെസ്റ്റ്‌ബേങ്കിലെ ശുവൈകയിലാണ് ഇദ്ദേഹം താമസിക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെയുള്ള ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ച രണ്ട് പേരും. പരുക്കേറ്റ 54കാരിയായ മറ്റൊരു സ്ത്രീയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ വ്യക്തിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു. ഇസ്‌റാഈല്‍ സൈന്യവും പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ബര്‍കാനില്‍ 130ലധികം ഫാക്ടറികളും കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭൂമി ഇസ്‌റാഈല്‍ ഫലസ്തീനികളില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്തതാണ്. ഇതിന് സമീപമുള്ള നാല് ഫലസ്തീന്‍ ഗ്രാമങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇസ്‌റാഈല്‍ വിലക്കേര്‍പ്പെടുത്തി. ഗാസ മുനമ്പിലും ഖാന്‍ അല്‍അഹ് മറിലും ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ക്കെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് ആക്രമണമെന്ന് ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് അവകാശപ്പെട്ടു.