അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്; ലങ്കയെ 144 റണ്‍സിന് കീഴടക്കി

Posted on: October 7, 2018 8:00 pm | Last updated: October 7, 2018 at 10:21 pm

ധാക്ക: ശ്രീലങ്കയെ തകര്‍ത്ത് അണ്ടര്‍- 19 ഏഷ്യാ കപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടു. ഫൈനലില്‍ ലങ്കയെ 144 റണ്‍സിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 38.4 ഓവറില്‍ 160 റണ്‍സിന് പുറത്തായി.

ഓപണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ (85), അനുജ് റാവത്ത് (57), അവസാന നിമിഷം തകര്‍ത്തടിച്ച നായകന്‍ പ്രഭ്‌സിമ്രാന്‍ സിംഗ് (37 പന്തില്‍ 65), ആയുഷ് ബദോനി (28 പന്തില്‍ 52) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഗംഭീര സ്‌കോര്‍ സമ്മാനിച്ചത്.

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയെ പൊരുതാന്‍ പോലും ബൗളര്‍മാര്‍ അനുവദിച്ചില്ല. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷ് ത്യാഗിയാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. സിദ്ധാര്‍ഥ് ദേശായ് രണ്ടും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി.