ആയുഷ്മാന്‍ ഭാരത്: രണ്ടാം തവണ ചികിത്സാ സഹായം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധം

Posted on: October 7, 2018 7:48 pm | Last updated: October 7, 2018 at 7:48 pm

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യം രണ്ടാം തവണ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് ദേശീയ ആരോഗ്യ ഏജന്‍സി. ആദ്യ തവണ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ആധാര്‍ ലഭിക്കാത്തവര്‍ക്ക് രണ്ടാം തവണ ചികിത്സാ സഹായം ലഭിക്കണമെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പറെങ്കിലും നല്‍കണമെന്ന് ദേശീയ ആരോഗ്യ ഏജന്‍സി സിഇഒ ഇന്ദു ഭൂഷണ്‍ പറഞ്ഞു. ആദ്യ തവണ ചികിത്സാ സഹായം ലഭിക്കുന്നതിന് ആധാര്‍ ഇല്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം 23നാണ് ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി നടപ്പിലാക്കിയത്. ഇതിനകം 47000ല്‍ അധികം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 10.74 കോടി പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഷത്തില്‍ പരമാവധി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ഇതുവഴി ലഭിക്കും.