കര്‍ഷക റാലിക്കെതിരായ പോലീസ് അതിക്രമം; ബിജെപിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുപിയിലെ ഒരു ഗ്രാമം

Posted on: October 7, 2018 10:32 am | Last updated: October 7, 2018 at 12:16 pm

ലക്‌നൗ: യുപി-ഡല്‍ഹി അതിര്‍ത്തിയില്‍വെച്ച് കര്‍ഷക റാലിക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിനെതിരെ ഉത്തരേന്ത്യയിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമം ഇപ്പോള്‍ ബിജെപി വിരുദ്ധ വികാരമായാണ് വളരുന്നത്. ഉത്തര്‍പ്രദേശിലെ റോസുല്‍പൂര്‍ ഗ്രാമവും പ്രതിഷേധാഗ്നിയാല്‍ ജ്വലിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡ് ഈ ബിജെപി വിരുദ്ധ വികാരം എത്രയെന്ന് കാട്ടിത്തരുന്നതാണ്. ബിജെപിക്കാര്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് സ്വയം കരുതലില്‍ മാത്രമാണെന്ന മുന്നറിയിപ്പാണ് ബോര്‍ഡിലുള്ളത്. കര്‍ഷക ഐക്യം പുലരട്ടെ, ബിജെപിക്കാര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്, ബിജിപിക്കാരുടെ സുരക്ഷക്കുത്തരവാദി അവര്‍മാത്രം എന്നിങ്ങനെയുള്ള വാചകങ്ങളും ബോര്‍ഡിലുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണമാണ് ഈ ബോര്‍ഡിന് ലഭിക്കുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമീപ ഗ്രാമങ്ങളിലുള്ളവരും ബിജെപിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കര്‍ഷക സമരത്തിനെതിരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശിവസേന നേതാവ് മോഹന്‍ ഗുപ്ത പ്രതികരിച്ചു. തന്റെ ഗ്രാമത്തിലും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.