Connect with us

Articles

കര്‍ഷക സമരങ്ങള്‍ വരയ്ക്കുന്ന രാഷ്ട്രീയ ഭൂപടം

Published

|

Last Updated

ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് വിശ്വസിച്ച, പുഷ്ടിയുള്ള കാര്‍ഷികരംഗമാണ് സമൂഹത്തിന്റെ സമൃദ്ധിയെന്ന് തന്റെ സ്വയം പര്യാപ്തതാ സിദ്ധാന്തങ്ങള്‍ കൊണ്ട് പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മ വാര്‍ഷിക ദിനത്തിന്റെ അന്ന് ഡല്‍ഹി- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ കര്‍ഷകര്‍ ലാത്തി ചാര്‍ജിനാലും കണ്ണീര്‍വാതക ഷെല്ലുകളാലും ജലപീരങ്കികളാലും “ആദരിക്കപ്പെട്ടു.” ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇന്ത്യയുടെ സൗമ്യനായ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മദിനം കൂടിയായിരുന്നു അന്ന്.

മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ എഴുപതിനായിരത്തോളം വരുന്ന കര്‍ഷകരാണ് കിസാന്‍ ക്രാന്തി പദയാത്രയില്‍ അണിനിരന്ന് തലസ്ഥാനത്തേക്ക് സംഘടിച്ചെത്തിയത്. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സംസ്ഥാന സര്‍ക്കാറുകളുടെ കുത്തഴിഞ്ഞ കാര്‍ഷിക നയങ്ങളോടുള്ള അമര്‍ഷം കൂടി റാലിയില്‍ പ്രതിഫലിച്ചു. ഒരൊറ്റ വ്യവസ്ഥാപിത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും പിടിക്കാത്ത പതിനായിരങ്ങളായിരുന്നു അവരെന്നത് ശ്രദ്ധേയമാണ്.

പക്ഷേ, സാധാരണ ജനങ്ങളെ കേള്‍ക്കാന്‍ മോദി സര്‍ക്കാറിന് താത്പര്യമില്ലായിരുന്നു. അല്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ ബി ജെ പി സര്‍ക്കാറിനെ പേടിപ്പെടുത്തുന്നതായിരിക്കണം. അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ വെച്ചടക്കുകയും ആയിരക്കണക്കിനാളുകള്‍ വരുന്ന സര്‍വ സജ്ജരായ പോലീസ് സന്നാഹത്തെ ഡല്‍ഹി പോലീസ് വിന്യസിക്കുകയും ചെയ്തു. ഡല്‍ഹിയിലേക്ക് പ്രവേശിക്കാനുളള അനുമതി നിഷേധിക്കപ്പെട്ടതോടെ ക്ഷീണിതരായ അറുപത് വയസ്സിന് മുകളിലുള്ള, സമാധാനപരമായ പദയാത്രയിലെ ഭൂരിപക്ഷം അംഗങ്ങളും രോഷാകുലരായി മാറി.

രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളും നേരിട്ടോ അല്ലാതെയോ ഇടപെടുന്ന കാര്‍ഷിക രംഗമാണ് ഇന്ത്യയിലേത്. ആത്യന്തികമായി ഒരു കാര്‍ഷിക സമ്പദ്ഘടനയെന്ന നിലക്ക് തന്നെ വിശേഷിപ്പിക്കപ്പെടേണ്ട ഇന്ത്യയുടെ കാര്‍ഷിക മേഖല ഏറെ അവഗണിക്കപ്പെട്ട നിലയിലാണ്. കര്‍ഷക ആത്മഹത്യകള്‍ അത്യധികം ലാഘവത്തോടെയാണ് ബി ജെ പിയുടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കൈകാര്യം ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു. കര്‍ഷകരുടെ കൂട്ട ആത്മഹത്യ നടന്ന മധ്യപ്രദേശിലെ മാന്‍ഡ്‌സോറില്‍ മൃതശരീരങ്ങളുമായി പ്രതിഷേധിച്ച കര്‍ഷകരെ സര്‍ക്കാര്‍ വെടിവെച്ചുകൊന്നു.

നിര്‍ധനരായ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം എന്ന ആവശ്യമാണ് കര്‍ഷക സമരങ്ങളുടെ മര്‍മ പ്രധാന ആവശ്യം. കടക്കെണി മൂലം 2014ന് ശേഷം ഓരോ വര്‍ഷവും ശരാശരി 12,000 കര്‍ഷകര്‍ ആത്മാഹുതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 697 ആണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറായി എന്നതു മാത്രമാണ് കര്‍ഷക കടങ്ങളെ സംബന്ധിച്ച് വാഗ്ദാനങ്ങള്‍ക്കപ്പുറത്ത് സംഭവിച്ച നല്ല കാര്യം.

താങ്ങുവിലയാകട്ടെ തിരഞ്ഞെടുപ്പു കാലങ്ങളില്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ താഴെയാണ്. കര്‍ഷകരുടെ ചെലവ്, വാടകപാട്ടം എന്നിവയുടെ ചെലവ്, കൂലി കൊടുക്കാത്ത കുടുംബാംഗങ്ങളുടെ അധ്വാന മൂല്യം എന്നിവ അടങ്ങുന്ന ഇ2+50% എന്ന മാനദണ്ഡത്തോട് കേന്ദ്ര സര്‍ക്കാര്‍ നീതി പുലര്‍ത്തിയതായി കാണുന്നില്ല. പകരം കര്‍ഷകരുടെ ചെലവ്, കുടുംബാംഗങ്ങളുടെ അധ്വാന മൂല്യം എന്നിവ ഉള്‍ക്കൊള്ളുന്ന A2+ AFL+ 50% എന്ന മാനദണ്ഡമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മുമ്പുണ്ടായിരുന്ന കര്‍ഷകരുടെ പ്രാഥമിക ചെലവുകള്‍ പരിഗണിച്ചു കൊണ്ടുള്ള A2+ 50% എന്ന മിനിമം താങ്ങുവില നിശ്ചയ മാനദണ്ഡത്തേക്കാള്‍ മികച്ചതാണ് നിലവിലേതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍ വഞ്ചന നടക്കുന്നത് താങ്ങുവില നിശ്ചയാധികാരമുള്ള കാര്‍ഷികോത്പാദന നിര്‍മാണ ചെലവ് സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മീഷന്‍ നടപ്പിലാക്കി വരുന്ന താങ്ങുവില നിര്‍ണയത്തിലാണ്. “A2 +AFL+ 50%” ത്തിനേക്കാള്‍ സ്വാഭാവികമായും ഉയര്‍ന്ന മൂല്യമാണ് “C2+ 50%” ല്‍ ഉണ്ടാകുന്നത്. 22% മുതല്‍ 37% വരെ വര്‍ധനവ് രേഖപ്പെടുത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വസ്തുത നിലനില്‍ക്കെ തന്നെ കേന്ദ്ര സര്‍ക്കാറിന് എത്രമേല്‍ എളുപ്പത്തിലാണ് നിലവിലുള്ള മാനദണ്ഡം എടുത്തുകാട്ടി കര്‍ഷകരെ കബളിപ്പിക്കാന്‍ കഴിയുന്നത് എന്നത് ഭീകരം തന്നെ.

മാത്രവുമല്ല, മേല്‍ പറഞ്ഞ രണ്ട് രീതികളാലും കമ്മീഷന്‍ കണ്ടെത്തുന്ന താങ്ങുവില സംസ്ഥാന സര്‍ക്കാറുകളുടേതിനേക്കാള്‍ വളരെ കുറവാണ്. ഉദാഹരണത്തിന് കേന്ദ്രം ഒരു ക്വിന്റല്‍ ഗോതമ്പിന് 1128 രൂപയാണ് താങ്ങുവില കാണുന്നതെങ്കില്‍ പഞ്ചാബ് 1597 രൂപയാണ് കാണുന്നത്. ഒരു വര്‍ഷം മുമ്പ് 2180 രൂപ വരെ പഞ്ചാബ് ഗോതമ്പിന് താങ്ങുവിലയായി കണക്കാക്കിയിരുന്നു. 2018-2019 കാലയളവില്‍ കമ്പോളത്തിലേക്കെത്തുന്ന വിവിധ വിളകള്‍ക്ക് മറ്റു ചില സംസ്ഥാനങ്ങള്‍ കണ്ട താങ്ങുവില നോക്കൂ: തെലങ്കാന സര്‍ക്കാര്‍ തുവരപ്പയറിന് ക്വിന്റലിന് 6974 രൂപ താങ്ങുവിലയായി കണ്ടു. ആന്ധ്രാ പ്രദേശ് കടുക് ക്വിന്റലിന് 5583 രൂപയും കണക്കാക്കി. കേന്ദ്ര കാര്‍ഷിക മന്ത്രാലയമാകട്ടെ ഈ വിളകളുടെ C2 +50% അനുസരിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടതേയില്ല. പ്രസിദ്ധീകരിച്ചുകണ്ട A2 + AFL+ 50% അനുസരിച്ചുള്ള താങ്ങുവില നിയന്ത്രണമാകട്ടെ അത്യധികം കര്‍ഷകദ്രോഹപരവുമാണ്.

രാജ്യത്ത് നിലവില്‍ നടന്നുവരുന്ന കര്‍ഷക സമരങ്ങളുടെയെല്ലാം ഒരു പ്രധാന ആവശ്യം സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് താങ്ങുവില നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനം വേണം എന്നതാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തെങ്കിലും ഒന്നെങ്കിലും നടപ്പിലാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള താത്പര്യം മോദി സര്‍ക്കാറിനുള്ളതായി തോന്നുന്നേയില്ല.

കര്‍ഷകരെ ആകെ പ്രതികൂലമായി ബാധിക്കുകയാണ് വിലക്കയറ്റം. അത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും മാത്രം ദോഷം ചെയ്യുന്ന ഒരു പ്രതിഭാസമാണെന്നതാണ് അങ്ങേയറ്റം വിചിത്രമായ സംഗതി. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും 25 ശതമാനം വില വര്‍ധനവുണ്ടായി. നഷ്ടം കര്‍ഷകര്‍ക്കും ലാഭം വളം കീടനാശിനി ഉത്പാദന മേഖലയിലെ കുത്തകകള്‍ക്കും. 27ശതമാനം ആണ് ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ്. നിലമുഴാന്‍ ട്രാക്ടര്‍ ഉപയോഗിക്കുന്ന, ജലസേചനത്തിന് മോട്ടോറുകളുപയോഗിക്കുന്ന കര്‍ഷകരെ ഡീസല്‍ വില വര്‍ധനവ് ഏറെ പ്രതിസന്ധിയിലാഴ്ത്തി. ജലസേചനത്തിന് കരുതേണ്ടി വരുന്ന ചെലവിനത്തില്‍ വെറും 0.13 മാത്രമാണ് അനുവദിക്കപ്പെടുന്ന വെയിറ്റേജ്. ഇത് യഥാര്‍ഥ ചെലവിന്റെ അടുത്തെവിടെയും വരില്ല താനും.

ജി ഡി പിയുടെ കൊട്ടക്കണക്ക് കാട്ടി വികാസ ഭാരതത്തെ പറ്റി ബഹളം കൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക രംഗത്തുണ്ടായ ഇടിവിനെ പറ്റി മനഃപൂര്‍വം മറക്കുകയാണ്. ഭക്ഷ്യ വിളകളുടെയും ഫിഷറീസ് അടക്കമുള്ള മേഖലകളിലെയും ഉത്പാദനത്തിലുണ്ടായ നഷ്ടവും താഴ്ചയും കാര്‍ഷിക മേഖലയുടെ ദയനീയ സ്ഥിതി എടുത്തുകാട്ടുന്നതാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമായ നോട്ടു നിരോധനം വരുത്തിവെച്ച ആഘാതം ഏറ്റവും ശക്തിയില്‍ പതിച്ചത് കര്‍ഷകരുടെ മുതുകത്തായിരുന്നല്ലോ. രാജ്യത്തെ പൊതുവിതരണ ശൃംഖലകളുടെ സുതാര്യതയിലും സര്‍ക്കാറിന്റെ പിടിവിട്ട മട്ടാണ്.

കര്‍ഷകരുടെ പാടങ്ങളും നിലങ്ങളും കണ്ടു കെട്ടി അവ കോര്‍പറേറ്റുകള്‍ക്കോ മേക് ഇന്‍ ഇന്ത്യയുടെ ലേബലില്‍ വിദേശ കുത്തകകള്‍ക്കോ മറിച്ചു നല്‍കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ടാറ്റയുടെ നാനോ ഫാക്ടറിക്ക് വേണ്ടി കണ്ടു കെട്ടിയ കര്‍ഷക നിലങ്ങളെ പറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആശങ്കകള്‍ ഗൗരവത്തിലെടുക്കണം. കാലങ്ങളായി കോണ്‍ഗ്രസിനോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചു പോന്ന ടാറ്റയെ പോലും ക്ഷുഭിതനാക്കും വിധം ചോദ്യങ്ങളുന്നയിക്കാന്‍ രാഹുല്‍ ധൈര്യം കാണിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാകാന്‍ തരമില്ലല്ലോ. പ്രത്യേകിച്ചും ദേശീയ പാര്‍ട്ടികളുടെ വരുമാന ഇനത്തില്‍ കോര്‍പറേറ്റ് വിഹിതം ബി ജെ പിയേക്കാള്‍ ഏഴ് മടങ്ങ് കുറവാണെന്ന ദയനീയ നിലയുള്ള സാഹചര്യത്തില്‍.

അത്തരത്തില്‍ കര്‍ഷകരെ കടക്കെണിയില്‍ പെടുത്തി കുത്തകകള്‍ക്ക് മറിച്ചു പതിച്ചു നല്‍കിയ ഭൂമികളിലധികവും പണയമായി വെച്ച് ഒരിക്കലും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ബിസിനസുകളുടെ പേരില്‍ ആയിരക്കണക്കിന് കോടികളുടെ വായ്പ തരപ്പെടുത്തുകയാണ് കുത്തകകള്‍ ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ കരിമ്പു കര്‍ഷകരോട് സംസ്ഥാനം കാണിച്ചിരുന്ന ദ്രോഹ നടപടികളെ കൃത്യമായി വിചാരണ ചെയ്യുന്നതായിരുന്നു മുംബൈയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ സംഘര്‍ഷ് റാലി. ഇതിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുണ്ടായ പിന്തുണ ആശാവഹമായ ഒരു ജനാധിപത്യ മുന്നേറ്റത്തിന്റെ തെളിവാണ്. ഡല്‍ഹിയിലിരിക്കുന്ന മുഴുവന്‍ ദൃശ്യമാധ്യമങ്ങളും ഈ റാലിക്കുനേരെ കണ്ണടച്ചപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ ഈ സമരം നെഞ്ചേറ്റി.

ഡല്‍ഹിയില്‍ തന്നെ നടന്ന തോട്ടിത്തൊഴിലാളികളുടെ പ്രക്ഷോഭവും അനിവാര്യമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തെയാണ് ആവശ്യപ്പെടുന്നത്. അതുപോലെ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ പൂര്‍ണ നഗ്‌നരായി ജന്തര്‍മന്തറിലിറങ്ങി പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരായ സംഭവവും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കബളിപ്പിക്കലുകള്‍ക്ക് ഇനിയും നിന്നുകൊടുക്കില്ലെന്നാണ് പ്രഖ്യാപിക്കുന്നത്. മോദിയുടെ റാലിയില്‍ നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകുന്നതിന്റെ അര്‍ഥം ഇതൊക്കെയല്ലാതെ മറ്റെന്താണ്.

കടല്‍ മത്സ്യബന്ധനത്തിനു പുറമെ ഉള്‍നാടന്‍ മത്സ്യബന്ധനവുമടക്കം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫിഷറീസ് മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ധന വിലവര്‍ധനവും ഉള്‍ക്കടലിലെ വിദേശ കുത്തകകളുടെ ട്രോളര്‍ സാന്നിധ്യവും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മേഖലയോട് ബന്ധപ്പെട്ടു കിടക്കുന്ന ചെറുകിട കച്ചവടക്കാരെയും അതൃപ്തരാക്കിയിരിക്കുന്നു. മത്സ്യ മേഖല സംബന്ധിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രാജ്യത്ത് കളമൊരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് ഒക്ടോബര്‍ അവസാനം ഡല്‍ഹിയില്‍ മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ ജാഥയും മച്ചുവാരാ ആക്രോശ് റാലിയടക്കമുള്ള പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കാനൊരുങ്ങുന്നു.

2019 തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കാന്‍ പോകുന്നത് ഈ കര്‍ഷക തൊഴിലാളി രോഷമാണ്. മാറ്റത്തെ സൂചിപ്പിക്കുന്ന, വിപ്ലവകരമായ മാറ്റത്തെ പ്രഖ്യാപിക്കുന്ന ചില പ്രക്ഷോഭങ്ങള്‍ ഇതിനകം ഇന്ത്യന്‍ ജനതയുടെ അടുത്ത ലോക്‌സഭയെ പറ്റിയുള്ള രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ സ്വാധീനിച്ചു കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ജീവിക്കണമെന്നാഗ്രഹിക്കുന്ന ദിവസം, കാലം അവര്‍ക്ക് മറുപടി കൊടുക്കുമെന്നാണ് ടുണീഷ്യന്‍ കവി അബുല്‍ ഖാസിം അശ്ശാവി പാടിയത്. അറബ് വിപ്ലവകാലത്തെ ഈ സമര കാവ്യം ഇന്ത്യന്‍ സാഹചര്യത്തിലേക്ക് ചേര്‍ത്തി വായിക്കുമ്പോള്‍ പ്രതീക്ഷയുടെ പുലരി കാണുന്നുണ്ട്. അന്നം തരുന്നവരുടെ മുഖത്ത് പുലരിയോളം പോന്ന പുഞ്ചിരിയും.