Connect with us

Editorial

ഡോക്ടര്‍മാരുടെ മരുന്നു കുറിപ്പടി

Published

|

Last Updated

ചികിത്സാ മേഖലയിലെ സമസ്യയും കൗതുകവുമാണ് അലോപ്പതി ഡോക്ടര്‍മാരുടെ കുറിപ്പടി. തൊട്ടടുത്തുള്ള മരുന്നു കടക്കാരനല്ലാത്തവര്‍ക്ക് വായിച്ചെടുക്കുക വളരെ ദുഷ്‌കരമാണ് പല ഡോക്ടര്‍മാരുടെയും എഴുത്ത്. ഇംഗ്ലീഷിലെങ്കിലും കോഡ് രീതിയിലുള്ള ഈ കുറിപ്പടിക്ക് മുമ്പില്‍ ആംഗലേയ ഭാഷയില്‍ എത്ര പരിജ്ഞാനമുള്ളവനും മുട്ടുമടക്കും. ഏറെക്കാലത്തെ പരിചയം കൊണ്ടായിരിക്കാം സമീപത്തുള്ള മരുന്നു കടയിലുള്ളവര്‍ എങ്ങനെയെങ്കിലും അത് വായിച്ചെടുക്കും. അല്ലാത്തവരെ അത് വട്ടം കറക്കും. കേസുകളുടെ ഭാഗമായി ഹാജരാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വായിച്ചെടുക്കാന്‍ സാധിക്കാത്ത അനുഭവം രാജ്യത്തെ കോടതികള്‍ക്കും ഉണ്ടായിട്ടുണ്ട്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ കോടതി 2013ല്‍ നിരീക്ഷിക്കുകയുണ്ടായി. ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും അനുശാസിക്കേണ്ട സദാചാര സംഹിതകളില്‍ മരുന്നു കുറിപ്പടികള്‍ മനസ്സിലാകുന്ന വിധത്തില്‍ വ്യക്തമായി എഴുതണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. അതേസമയം ഏത് സാധാരണക്കാരനും വായിക്കാവുന്ന വിധം വൃത്തിയായി ശീട്ടെഴുതുന്നവരുമുണ്ട് ഡോക്ടര്‍മാര്‍ക്കിടയിലെന്ന കാര്യം വിസ്മരിക്കാവതല്ല.

എന്തിനാണ് വൃത്തിയായി എഴുതാന്‍ അറിയാമായിരുന്നിട്ടും പലരും ഈ വിധം വായിച്ചാല്‍ മനസ്സിലാകാത്ത തരത്തില്‍ കുറിപ്പടിയെഴുതുന്നത്? എന്താണിതിന്റെ താത്പര്യം? ഡോക്ടറും അടുത്ത മരുന്നു കടക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റായതു കൊണ്ടാണോ? അതോ തന്റെ ചികിത്സാ വിധികള്‍ പരമാവധി രഹസ്യമാക്കി വെക്കുക എന്ന ലക്ഷ്യമാണോ? ഏതായാലും രോഗികളെയും മരുന്നുകടക്കാരെയും ഇത് കടുത്ത പ്രയാസത്തിലാക്കാറുണ്ട്. ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഫാര്‍മസിസ്റ്റുകളുടെ സംഘടനയും മനുഷ്യാവകാശ സംഘടനയുമെല്ലാം ഡോക്ടര്‍മാരുടെ മോശം കൈപ്പടക്കെതിരെ രംഗത്തു വന്നെങ്കിലും ഈ ശീലം മാറ്റാനും എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ കുറിപ്പടി എഴുതാനും ഡോക്ടര്‍മാര്‍ പൊതുവേ സന്നദ്ധമല്ല. ഈ സാഹചര്യത്തിലാണ് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം കൈയക്ഷരം മോശമായതിന് മൂന്ന് ഡോക്ടര്‍മാര്‍ക്ക് പിഴ ശിക്ഷയും താക്കീതും നല്‍കിയത്. ഉന്നാവോയിലെ ഡോ. ടി പി ജയ്‌സ്വാള്‍, സിതാപൂരിലെ ഡോ. പി കെ ഗോയല്‍, ഗോണ്ടയിലെ ഡോ. ആഷിഷ് സക്‌സേന എന്നിവര്‍ക്കാണ് വിവിധ കേസുകളിലായി ജസ്റ്റിസ് അജയ് ലാംബയും ജസ്റ്റിസ് സഞ്ജയ് ഹര്‍കൗലിയും അടങ്ങിയ ബഞ്ച് 5000 രൂപ പിഴ വിധിക്കുകയും മേലില്‍ മോശം കൈയക്ഷരത്തില്‍ കുറിപ്പെഴുതരുതെന്ന് താക്കീത് നല്‍കുകയും ചെയ്തത്.

ക്രിമിനല്‍ കേസുകളുടെ തുടര്‍ നടപടിക്ക് വളരെ പ്രധാനമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളെന്നതിനാല്‍ ഉത്തരവാദിത്വത്തോടും വായിക്കാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായിട്ടുമായിരിക്കണം ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കേണ്ടതെന്നും കോടതി ഡോക്ടര്‍മാരെ ഉണര്‍ത്തി. ലളിതവും വായിക്കാന്‍ പറ്റുന്നതുമായിരിക്കണം മെഡിക്കല്‍ റിപ്പോര്‍ട്ടുകളെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ആരോഗ്യ ഡയറക്ടര്‍ക്കും കോടതി നിര്‍ദേശം നല്‍കുകയും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് നല്‍കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെടുകയുമുണ്ടായി. മെഡിക്കല്‍ പ്രാക്ട്രീഷണര്‍മാര്‍ക്ക് മാത്രമേ ഡോക്ടര്‍മാരുടെ കുറിപ്പ് വായിക്കാന്‍ കഴിയൂവെങ്കില്‍ മെഡിക്കല്‍ നിയമ റിപ്പോര്‍ട്ടുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും എങ്ങനെ കോടതിക്ക് മനസ്സിലാക്കാനാകുമെന്ന് ജഡ്ജിമാര്‍ ചോദിക്കുന്നു. ജോലിത്തിരക്ക് മൂലം തിരക്കിട്ട് എഴുതുന്നത് കൊണ്ടാണ് കൈയക്ഷരം മോശമായി പോയതെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. ഇത്തരമൊരു കേസില്‍ രാജ്യത്ത് ആദ്യമാണ് കോടതിയില്‍ നിന്ന് ശിക്ഷാ നടപടിയുണ്ടാകുന്നത്.

രോഗിക്ക് മനസ്സിലാകാത്ത രീതിയില്‍ അവ്യക്തമായി മരുന്നു കുറിപ്പടി എഴുതരുതെന്നും ഇംഗ്ലീഷ് വലിയക്ഷരത്തില്‍ മാത്രമേ മരുന്നു കുറിപ്പടികള്‍ എഴുതാവൂവെന്നും 2014 ജനുവരി 23ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കിയിരുന്നു. കൈയക്ഷരം മനസ്സിലാകാതെ മരുന്ന് മാറി നല്‍കുന്ന പ്രശ്‌നമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കു തന്നെയായിരിക്കുമെന്നും ഈ വിജ്ഞാപനത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നിയമനടപടിയെടുക്കുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. 2015 മെയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്നു കുറിപ്പടികള്‍ നല്‍കുന്നതിനെതിരെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും വിശദീകരണം നല്‍കാനാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

അതീവ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതാണ് മരുന്നെഴുത്ത്. ഒരക്ഷരം മാറുകയോ മറ്റേതെങ്കിലും അക്ഷരമായി വായിക്കാന്‍ ഇടവരികയോ ചെയ്താല്‍ കടക്കാരന്‍ നല്‍കുന്ന മരുന്ന് മാറുകയും അതു ചിലപ്പോള്‍ രോഗികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും. മരുന്ന് മാറി കഴിക്കുന്നത് കാരണം അമേരിക്കയില്‍ വര്‍ഷത്തില്‍ 7000 പേര്‍ മരിക്കുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് അവിടെ കുറിപ്പടികള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കി നല്‍കണമെന്ന നിയമം നടപ്പാക്കിയത്. നമ്മുടെ രാജ്യത്ത് അവ്യക്തമായ മരുന്നു കുറിപ്പടികളുണ്ടാക്കിയ അപകടങ്ങളുടെ വ്യക്തമായ കണക്കുണ്ടോ എന്നറിയില്ല. മരുന്ന് കുറിപ്പടി എഴുതി നല്‍കുന്നതിന് പകരം പ്രിന്റ് ഔട്ട് എടുത്ത് രോഗികള്‍ക്ക് നല്‍കുന്ന സംവിധാനം നടപ്പാക്കണമെന്നും ഇതിനായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ടെന്നും മൂന്ന് വര്‍ഷം മുമ്പ് ഐ എം എ വക്താക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ അതു നടപ്പായിട്ടില്ല. ഈ വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യമാണ്. സര്‍ക്കാറിനെയോ കോടതിയെയോ കാത്തുനില്‍ക്കാതെ ഐ എം എ തന്നെയാണ് ഇതിനു മുന്‍കൈയെടുക്കേണ്ടത്.

---- facebook comment plugin here -----

Latest