വില്ലകളില്‍ ഇടഭിത്തി കെട്ടിയ താമസ സൗകര്യങ്ങള്‍ക്ക് വാടകക്കരാര്‍ പുതുക്കിനല്‍കില്ല

Posted on: October 6, 2018 4:54 pm | Last updated: October 6, 2018 at 4:54 pm

അബുദാബി: ഒരേ വില്ലയില്‍ പാര്‍ട്ടീഷന്‍ ചെയ്ത് ഒന്നിലധികം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യപ്പെടുത്തിയ കെട്ടിടങ്ങളുടെ പേരില്‍ വാടകക്കരാര്‍ നല്‍കില്ലെന്ന് അബുദാബി നഗരസഭ അറിയിച്ചു. നേരത്തെ നല്‍കിയിട്ടുള്ള കരാറുകള്‍ മേലില്‍ പുതുക്കിനല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

താമസക്കാരുടെ സുരക്ഷയും പൊതുജനാരോഗ്യവും മുന്‍നിര്‍ത്തിയാണ് ഇത്തരം പാര്‍ട്ടീഷന്‍ ചെയ്ത താമസത്തിന് കരാര്‍ പുതുക്കി നല്‍കില്ലെന്ന തീരുമാനം. കഴിഞ്ഞ കാലങ്ങളില്‍ ചിലയിടങ്ങളില്‍ ഒരേ വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ വ്യത്യസ്ത വാടകക്കരാറുകള്‍ക്ക് നഗരസഭ അനുവദിച്ചിരുന്നു.

പല കെട്ടിട ഉടമകളും പ്രദേശത്തെ സുരക്ഷക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയില്‍ ഈ സൗ കര്യം ദുരുപയോഗം ചെയ്തതായി വ്യക്തമായതാണ് നഗരസഭയെ മാറിച്ചിന്തിപ്പിച്ചത്. മാത്രവുമല്ല, ആവശ്യക്കാര്‍ക്ക് യഥേഷ്ടം താമസ സൗകര്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി എമിറേറ്റിന്റെ പല ഭാഗങ്ങളിലും ലഭ്യമാണെന്നതും നഗരസഭയുടെ പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഒരേ വില്ലയില്‍ ഒന്നിലധികം വാടകക്കരാറുകള്‍ നല്‍കിയിരുന്നതിനാല്‍ പല സ്ഥലങ്ങളിലും നഗരഭംഗിക്ക് യോജിക്കാത്ത രീതികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതിനു പുറമെ ഇത്തരം സ്ഥലങ്ങളില്‍ ഉണ്ടാകുന്ന വാഹനത്തിരക്കുകള്‍ പലപ്പോഴും പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതും കണ്ടെത്തിയതിനാല്‍ കൂടിയാണ് വാടകക്കരാര്‍ പുതുക്കിനല്‍കില്ലെന്ന നിലപാടെടുത്തതെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.