തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനമനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ശബരിമല തന്ത്രിമാരെ ചര്‍ച്ചക്ക് ക്ഷണിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശനിയാഴ്ച തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തും. സ്ത്രീ പ്രവേശന വിഷയത്തില്‍ സമവായമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചക്കായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്.
വിഷയം രാഷ്ട്രീയത്തിനതീതമായി ഹിന്ദുസംഘടനകള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സിപിഎം നേത്യത്വം നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിമാരായ കണ്ഠര് രാജീവരര്, കണ്ഠര് മോഹനരര് എന്നിവരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ നിയോഗിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും അംഗങ്ങളും ഇവര്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നറിയുന്നു. സുപ്രീം കോടതി വിധി നടപ്പാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാവുകയായിരുന്നുവെന്ന നിലപാടായിരിക്കും ചര്‍ച്ചയില്‍ മന്ത്രി സ്വീകരിക്കുകയെന്നാണറിയുന്നത്.