ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഇന്ന് രാവിലെ പതിനൊന്നിന്‌ തുറക്കും

Posted on: October 5, 2018 6:06 pm | Last updated: October 6, 2018 at 1:08 pm

ഇടുക്കി: ഇടുക്കി അണക്കെട്ട് ശനിയാഴ്ച രാവിലെ പതിനൊന്നിന് തുറക്കും. ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് ജലം പുറത്തുവിടാനാണ് ഇപ്പോഴത്തെ തീരുമാനം. ഷട്ടര്‍ ഇന്നലെവൈകീട്ട് തുറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉന്നതതല യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്ന് നിലപാടെടുക്കുകയായിരുന്നു.

അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ രാവിലെ 2387.76 ആയിരുന്ന ജലനിരപ്പ് വൈകീട്ട് 2387.72 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ, ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഷട്ടര്‍ പത്ത് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അര അടി വീതം ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപരും നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. അരുവിക്കര ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തി. പാലക്കാട്ട് മലമ്പുഴ അടക്കം ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം കൊണ്ടിട്ടുണ്ട്. നാളെ ഉച്ചക്ക് ശേഷം ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.