Connect with us

Editorial

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ തുടക്കം

Published

|

Last Updated

ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടികളാല്‍ ഏറെ വിവാദങ്ങള്‍ക്ക് വിധേയനായ ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബുധനാഴ്ച അധികാരമേറ്റത്. കേസ് വീതം വെപ്പിലും മറ്റും ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ നടപടികളെ ചോദ്യം ചെയ്ത് പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നിയമനം കോടതിയുടെ നിഷ്പക്ഷവും സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ദീപക് മിശ്ര അവഗണിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് അര്‍ഹമായ പരിഗണനയോടെ സുപ്രീം കോടതി ബഞ്ചുകള്‍ അഴിച്ചുപണിതും കേസുകള്‍ അടിയന്തരമായി പരിഗണനക്ക് എടുപ്പിക്കുന്നതിന് ചീഫ് ജസ്റ്റിസ് മുമ്പാകെ മെന്‍ഷന്‍ ചെയ്യുന്ന രീതി അവസാനിപ്പിച്ചും നല്ല തുടക്കമാണ് മുഖ്യന്യായാധിപനായി ചുമതലയേറ്റ ആദ്യ ദിനത്തില്‍ തന്നെ ജസ്റ്റിസ് ഗോഗോയിയില്‍ നിന്നുണ്ടായത്.

പൊതുതാത്പര്യ ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് പുറമെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ ബഞ്ചില്‍ കൂടി വരുന്ന രീതിയിലാണ് കേസിന്റെ വീതംവെപ്പ് പുനര്‍നിര്‍ണയിച്ചത്. കോടതി യലക്ഷ്യം, തൊഴില്‍, ക്രിമിനല്‍ കേസുകള്‍ എന്നിവ മൂന്നാമനായ ജസ്റ്റിസ് ജോസഫ് കുര്യന്റെയും പ്രത്യക്ഷ, പരോക്ഷ നികുതികള്‍, കോടതിയലക്ഷ്യം എന്നിവ നാലാമനായ ജസ്റ്റിസ് എ എ സിക്രിയുടെയും ബഞ്ചിനായിരിക്കും. അക്കാദമിക് വിഷയങ്ങളും മെഡിക്കല്‍ എന്‍ജിനീയറിംഗ് കോളജുകളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് അഞ്ചാമനും കോളീജിയത്തിലെ അവസാനത്തെ അംഗവുമായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക്. ഇതിലൂടെ കേസ് വീതിച്ചു നല്‍കുന്നതില്‍ വ്യക്തമായ ക്രമീകരണവും കേസുകള്‍ ഇഷ്ടക്കാര്‍ക്ക് വീതിച്ചു നല്‍കുന്നുവെന്ന ദീപക് മിശ്രക്ക് നേരെ ഉയര്‍ന്ന പരാതിക്ക് പരിഹാരവുമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കോടതികള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ച കാലഘട്ടമാണിത്. ഭരണകൂടങ്ങള്‍ തന്നെ നേരിട്ട് അതിക്രമങ്ങളും വംശഹത്യകളും നടത്തുകയും മാധ്യമങ്ങള്‍ അതിനനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സ്ഥിതി. ആള്‍ക്കൂട്ടങ്ങള്‍ രാജ്യത്തെങ്ങും നിരപരാധികളെ അടിച്ചു കൊല്ലുകയും പച്ചക്ക് അഗ്നിക്കിരയാക്കുകയും ചെയ്യുമ്പോള്‍, നിയമപാലകര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. ഭരണകൂടം നല്‍കിയ അമിതാധികാരത്തിന്റെ ബലത്തില്‍ സൈനികര്‍ നടത്തുന്ന കൊടിയ ക്രൂരതകളെയും ലൈംഗിക പീഡനങ്ങളെയും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തീവ്രവാദ വിരുദ്ധ പോരാട്ടമായി ന്യായീകരിക്കുന്ന ആപത്കരമായ സ്ഥിതിവിശേഷം. ഭിന്നാഭിപ്രായങ്ങളെ തീവ്രവാദമായി മുദ്രകുത്തി ആക്ടിവിസ്റ്റുകളെ തുറുങ്കിലടക്കുന്ന കാലം. ഈ ഘട്ടത്തില്‍ രാജ്യത്ത് നീതിയുടെ പ്രകാശമായി കോടതികളെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.

എന്നാല്‍, അടുത്തിടെയായി നീതിന്യായ മേഖലയെയും സംശയത്തന്റെ നിഴലില്‍ നിര്‍ത്തുന്ന നടപടികളാണ് പരമോന്നത കോടതിയില്‍ നിന്നുള്‍പ്പെടെ പ്രകടമായത്. ജഡ്ജിമാര്‍ക്കെതിരെ ഉയരുന്ന അഴിമതിയാരോപണ കേസുകള്‍ ഇഷ്ടക്കാരുള്‍ക്കൊള്ളുന്ന ബഞ്ചിലേക്ക് മാറ്റി കേസ് അട്ടിമറിക്കല്‍, കക്ഷികളുടെ നിലക്കും വിലക്കുമനുസരിച്ച് ഉത്തരവുകള്‍, വിധിന്യായത്തില്‍ വ്യക്തിനിഷ്ഠമായ താത്പര്യങ്ങളുടെയും ഭരണകൂട ഇഷ്ടാനിഷ്ടങ്ങളു ടെയും സ്വാധീനം, കോടതിക്കെതിരെ വിമര്‍ശമുന്നയിക്കുന്നവരുടെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിടല്‍, കേട്ടുകേള്‍വികളെയും പക്ഷപാതപരമായ മാധ്യമ വാര്‍ത്തകളെയും അടിസ്ഥാനപ്പെടുത്തി അഭിപ്രായ പ്രകടനവും വിധിപ്രസ്താവങ്ങളും നടത്തല്‍, ചട്ടങ്ങള്‍ മറികടന്നുള്ള ന്യായാധിപ നിയമനം തുടങ്ങി നിരവധി ആരോപണങ്ങളാണ് അടുത്തിടെ ഉയര്‍ന്നു വന്നത്. ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ ഹരജി വരെ സമര്‍പ്പിക്കപ്പെട്ടു. പരമോന്നത കോടതിയിലെ നാല് ജഡ്ജിമാര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയത് ഇന്ത്യന്‍ നീതിന്യായ മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണല്ലോ.

രാഷ്ട്രീയനേതാക്കളിലോ ജഡ്ജിമാരിലോ കൂടുതല്‍ വിശ്വാസമെന്നു ചോദിച്ചാല്‍ ജഡ്ജിമാരില്‍ എന്നായിരുന്നു അടുത്ത കാലം വരെ സാമാന്യജനത്തിന്റെ മറുപടി. ഇക്കാലത്ത് അങ്ങനെ ഒരു ചോദ്യം വന്നാല്‍ മറുപടി പറയാന്‍ ജനം അല്‍പ്പം പ്രയാസപ്പെടും. സാധാരണക്കാരന്റെ അവസാനത്തെ അവലംബവും ആശ്രയവുമായിരുന്ന ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സത്യസന്ധതയും കൈമോശം വന്നിരിക്കുന്നു. ഭരണകൂടത്തോടൊപ്പം നീതിപീഠങ്ങളും വര്‍ഗീയതക്കും വംശീയതക്കും സങ്കുചിത ദേശീയ വികാരങ്ങള്‍ക്കും വിധേയപ്പെടുകയാണെന്ന ആശങ്ക ശക്തിപ്പെടുത്തുന്നതാണ് അടുത്തിടെയുണ്ടായ പല വിധിപ്രസ്താവങ്ങളും. കോടതികള്‍ സംശയത്തിന്റെ നിഴലില്‍ വരുന്നത് സമൂഹത്തില്‍ മോശമായ പ്രതിച്ഛായ സൃഷ്ടിക്കുകയും ജനാധിപത്യ ത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കോടതികളുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശക്തമായ നടപടികളാണ് പുതിയ ചീഫ്ജസ്റ്റിസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മാനിക്കുന്നതോടൊപ്പം ധാര്‍മികതയും സഹാസ്രാബ്ദങ്ങളായി രാജ്യം പിന്തുടരുന്ന സദാചാര തത്വങ്ങളെയും കൂടി അടിസ്ഥാനമാക്കിയായിരിക്കണം കോടതി നിരീക്ഷണങ്ങളും വിധിപ്രസ്താവങ്ങളും. പുരോഗമന നാട്യമുള്ള സമൂഹത്തില്‍ മേധാവിത്വമുള്ള ആശയങ്ങള്‍ നടപ്പാക്കാനുള്ള ആവേശത്തില്‍ അത്തരം ആശയങ്ങള്‍ അവഗണിക്കപ്പെടരുത്.

Latest