വിദേശ തൊഴിലാളികളുടെ വിസ: ബേങ്ക് ഗ്യാരണ്ടിക്ക് പകരം ഇന്‍ഷ്വറന്‍സ് ഈ മാസം മധ്യത്തോടെ

Posted on: October 4, 2018 5:08 pm | Last updated: October 4, 2018 at 5:08 pm

ദുബൈ: വിദേശ തൊഴിലാളികളുടെ വിസക്കുള്ള ബേങ്ക് ഗ്യാരണ്ടി തുക എടുത്ത് കളഞ്ഞ് പകരം ഇന്‍ഷ്വറന്‍സ് ഏര്‍പെടുത്താനുള്ള യു എ ഇ മന്ത്രിസഭാ തീരുമാനം ഈ മാസം മധ്യത്തോടെ നടപ്പിലാകും.

യു എ ഇ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ജൂണില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് യു എ ഇയില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3,000 ദിര്‍ഹം നിര്‍ബന്ധ ബേങ്ക് ഗ്യാരണ്ടി സംവിധാനം നിര്‍ത്തലാക്കി പ്രഖ്യാപനം നടത്തിയത്. പകരം പ്രതിവര്‍ഷം തൊഴിലാളിക്ക് 60 ദിര്‍ഹം നിരക്കില്‍ സുരക്ഷാ ഇന്‍ഷ്വറന്‍സ് പരിരക്ഷ എടുത്താല്‍ മതിയാകുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

നിലവില്‍ യു എ ഇയിലെ തൊഴിലുടമകള്‍ ബേങ്ക് ഗ്യാരണ്ടിയായി 1,400 കോടി ദിര്‍ഹമാണ് വിവിധ ബേങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ വ്യവസ്ഥ ഒഴിവാക്കുന്നതോടെ ഇത്രയും തുക വിപണിയില്‍ തിരികെയെത്തും. തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍, അധിക ജോലി സമയ വേതനം, രോഗപ്രതിരോധ ചെലവുകള്‍, സേവനം അവസാനിപ്പിക്കുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍, മടക്കയാത്രാ ടിക്കറ്റ് എന്നിങ്ങനെ 20,000 ദിര്‍ഹം വരെയുള്ള ചെലവുകള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ വഴി ഉറപ്പാക്കും.

പുതിയ സമ്പ്രദായം തൊഴിലാളികളുടെ ആനുകൂല്യങ്ങളും വേതനവും ഉറപ്പുവരുത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രി നാസര്‍ അല്‍ ഹാമിലി പറഞ്ഞു. കുറഞ്ഞ ചെലവിലുള്ള റിക്രൂട്ട്‌മെന്റ് കമ്പനികളുടെ അധിക സാമ്പത്തിക ഭാരം കുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുബൈ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.