കരുണ്‍ വിഷയത്തില്‍ വിരാടിന് പറയാനുള്ളത്

Posted on: October 4, 2018 8:58 am | Last updated: October 4, 2018 at 8:58 am

ട്രിപ്പിള്‍ നേടി ഹീറോ ആയി മാറിയ കരുണ്‍ നായര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് വിരാട് കോഹ്ലിയെ അസ്വസ്ഥനാക്കിയെന്നും പ്രശസ്തിയുടെ അളവില്‍ സഹതാരങ്ങള്‍ തനിക്ക് മുകളില്‍ കയറാതിരിക്കാനുള്ള വിരാടിന്റെ വില കുറഞ്ഞ പ്രവര്‍ത്തിയാണിതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ രേഖപ്പെടുത്തി.

രാജ്‌കോട്: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറിയ കരുണ്‍ നായര്‍ക്ക് എന്തു കൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ പിന്നീട് കാര്യമായ അവസരം ലഭിക്കാതെ പോയത്. ഇതാണിപ്പോള്‍ ചര്‍ച്ചാവിഷയം.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ടെങ്കിലും ബെഞ്ചിലിരുന്ന കരുണ്‍ നായര്‍ക്ക് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ സ്ഥാനമേ ഇല്ല. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയോട് ഇതേ പറ്റി മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചു. ടീം തിരഞ്ഞെടുപ്പ് തന്റെ ജോലിയല്ല എന്ന മറുപടിയാണ് ക്യാപ്റ്റന്‍ നല്‍കിയത്. ആരൊക്കെ കളിക്കണമെന്ന് തീരുമാനിക്കുന്നത് സെലക്ടര്‍മാരാണ്. ഒരു സ്ഥാനത്തെ ചൊല്ലിയല്ല അവര്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് വിരാടിന്റെ മറുപടി.2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ആകെ മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് കരുണ്‍ നായര്‍ കളിച്ചത്. അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത് കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയക്കെതിരെ ധര്‍മശാല ടെസ്റ്റില്‍.

കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുപത്താറുകാരന്‍. ആസ്‌ത്രേലിയക്കെതിരായ പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളിലാണ് കരുണ്‍ കളിച്ചത്. മികച്ച ഫോം പുറത്തെടുക്കാന്‍ ഇവിടെ കരുണിന് സാധിച്ചില്ല. എന്നാല്‍, ട്രിപ്പിള്‍ നേടിയ താരത്തിന് മറ്റൊരു അവസരം കൂടി നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ടെസ്റ്റ് സ്‌ക്വാഡിലേക്കുള്ളവരെ തിരഞ്ഞെടുക്കുന്നതില്‍ ക്യാപ്റ്റന് നിര്‍ണായക പങ്കുണ്ടെന്നിരിക്കെ സെലക്ഷനില്‍ ഇടപെടില്ലെന്ന വിരാടിന്റെ മറുപടി പ്രതിഷേധക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.

ട്രിപ്പിള്‍ നേടി ഹീറോ ആയി മാറിയ കരുണ്‍ നായര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് വിരാട് കോഹ്ലിയെ അസ്വസ്ഥനാക്കിയെന്നും പ്രശസ്തിയുടെ അളവില്‍ സഹതാരങ്ങള്‍ തനിക്ക് മുകളില്‍ കയറാതിരിക്കാനുള്ള വിരാടിന്റെ വില കുറഞ്ഞ പ്രവര്‍ത്തിയാണിതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ രേഖപ്പെടുത്തി.
കര്‍ണാടക ബാറ്റ്‌സ്മാനെ തഴഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് തുറന്നടിച്ചു.