വായ്പ വേണം, കൂടുതല്‍ ധനസഹായവും; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ വിഭവസമാഹരണം വെല്ലുവിളി

Posted on: October 4, 2018 8:50 am | Last updated: October 4, 2018 at 10:58 am

തിരുവനന്തപുരം: കേന്ദ്ര സഹായവും കേരളത്തിന്റെ വായ്പാ പരിധിയും ഉയര്‍ത്തിയില്ലെങ്കില്‍ നവകേരള നിര്‍മിതിക്കുള്ള വിഭവസമാഹരണം വെല്ലുവിളിയാകും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുപ്പതിനായിരം കോടി രൂപയിലധികം വേണ്ടിവരുമെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ലെങ്കില്‍ നവകേരളം സൃഷ്ടിക്കാന്‍ പാടുപെടും. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലൂടെ വെറും രണ്ടായിരം കോടി രൂപയാണ് ലഭിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും സംസ്ഥാന ദുരന്തനിവാരണ നിധി വഴിയും ഏകദേശം അയ്യായിരം കോടി രൂപ ലഭിക്കും. ശേഷിക്കുന്ന തുക വായ്പയായും കേന്ദ്ര സഹായമായും കണ്ടെത്തണം. സമഗ്രമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാനാണ് തീരുമാനം.

ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിദേശ ബേങ്കുകളില്‍ നിന്നുമായി 15,900 കോടി രൂപ വായ്പയെടുക്കാന്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തിനുള്ള വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയാല്‍ മാത്രമേ ഇത്രയും തുക സമാഹരിക്കാന്‍ കഴിയൂ. നിലവില്‍ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനം വരെ വായ്പയെടുക്കാനുള്ള അനുമതി ഈ വര്‍ഷം 4.5 ശതമാനവും അടുത്ത വര്‍ഷം 3.5 ശതമാനവുമായി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതി വിഹിതത്തില്‍ ഇരുപത് ശതമാനം കുറവ് വരുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം, വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് എന്നിവ ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും വാര്‍ഷിക പദ്ധതിയുടെ ഇരുപത് ശതമാനം കുറക്കുമ്പോള്‍ രണ്ടായിരം കോടി രൂപയാണ് ലഭിക്കുക. കേന്ദ്രാവിഷ്‌കൃത പദ്ധതി, വിദേശ സഹായ പദ്ധതി, നബാര്‍ഡ് എന്നിവക്കുള്ള സംസ്ഥാന വിഹിതത്തെ പദ്ധതി വെട്ടിക്കുറവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലോക ബേങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്ക്, മറ്റു ഉഭയകക്ഷി ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ലോക ബേങ്ക്, എ ഡി ബി സംഘം കേരളം സന്ദര്‍ശിച്ച് റാപ്പിഡ് ഡാമേജ് അസസ്‌മെന്റ് ആന്‍ഡ് നീഡ് അനാലിസിസ് തയ്യാറാക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാന മേഖലകളിലെ മാത്രം നഷ്ടം 25,050 കോടി രൂപയാണ്. ഹൗസിംഗ് 2,534 കോടി, പൊതു സ്ഥാപനങ്ങള്‍ 191, നഗരങ്ങളിലെ അടിസ്ഥാന സൗകര്യം 2,093, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം 5,216, ജലസേചനവും ജലവിതരണവും 1,484, വൈദ്യുതി 353, ഗതാഗതം 8,554, ആരോഗ്യം 280, ടൂറിസം ഉള്‍പ്പെടെയുള്ള ജീവിതോപാധികള്‍ക്കുണ്ടായ നഷ്ടം 3,801, പരിസ്ഥിതി ജൈവവൈവിധ്യം 452, സാംസ്‌കാരിക പൈതൃകം 86 കോടിയുടെയും നഷ്ടമുണ്ടായെന്നാണ് ഇവരുടെ കണക്ക്.

വ്യവസായം, കച്ചവടം മുതലായ മേഖലകളിലെ യഥാര്‍ഥ നഷ്ടം വിലയിരുത്താതെയുള്ള കണക്കാണിത്. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഭൂമിയുടെ വില തന്നെ ഏകദേശം നാനൂറ് കോടി രൂപ വരും. ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച കണക്കുകളിലാണ് ലോക ബേങ്ക്, എ ഡി ബി സംഘം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഉപജീവന മാര്‍ഗങ്ങള്‍ സംബന്ധിച്ച നഷ്ടം, ദുരന്തംമൂലമുണ്ടായ സാമൂഹിക ആഘാതങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സികള്‍ നടത്തുന്ന പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകും.

ക്രൗഡ് ഫണ്ടിംഗില്‍ നിന്നും സി എം ഡി ആര്‍ എഫില്‍ നിന്നും ലഭിക്കുന്ന തുക പ്രധാനമായും സ്ഥലം വാങ്ങുന്നതിനും വീടുകള്‍ നിര്‍മിക്കാനും ഉപയോഗിക്കാനാണ് തീരുമാനം. എന്‍ ഡി ആര്‍ എഫില്‍ നിന്ന് എസ് ഡി ആര്‍ എഫിലേക്ക് ഏതാണ്ട് 2000- 2500 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. സി എം ഡി ആര്‍ എഫില്‍ ഏകദേശം 2,500 കോടി രൂപയും ലഭിക്കും. ഇതിന് പുറമെ ക്രൗഡ് ഫണ്ടിംഗ് മുഖേന ഏറ്റെടുക്കുന്ന പദ്ധതികളിലൂടെ ആയിരം കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നു.

നെതര്‍ലാന്‍ഡ് സഹായത്തിന്
കേന്ദ്രാനുമതി
തിരുവനന്തപുരം: സമുദ്രനിരപ്പില്‍ നിന്ന് താഴെ കിടക്കുന്ന കുട്ടനാട് മേഖലയുടെ പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്‍ഡിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചെന്നാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെതര്‍ലാന്‍ഡിന്റെ സഹായം നേരത്തെ കേരളം തേടിയിരുന്നു.
സമുദ്രനിരപ്പില്‍ താഴെ സ്ഥിതി ചെയ്യുന്ന നെതര്‍ലാന്‍ഡിന് ഈ രംഗത്തുളള വൈദഗ്ധ്യം ലോകം അംഗീകരിച്ചതാണ്. വിദേശ സഹായവാഗ്ദാനങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്നും കേരളത്തിനുള്ള വായ്പാ പരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.