ഇന്തോനേഷ്യയില്‍ മരണ സംഖ്യ 1347; കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചുള്ള പ്രതീക്ഷകള്‍ മങ്ങുന്നു

Posted on: October 4, 2018 9:00 am | Last updated: October 3, 2018 at 9:55 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ഭൂകമ്പവും സുനാമിയും ദുരന്തം വിതച്ച് അഞ്ച് ദിവസം പൂര്‍ത്തിയാകുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഔദ്യോഗിക കണക്കുകളനുസരിച്ച് മരണ സംഖ്യ 1,347 ആയി. കെട്ടിടങ്ങളും ഗതാഗത സൗകര്യങ്ങളും തകര്‍ന്നു കിടക്കുന്നതിനാല്‍ വിദൂര മേഖലകളിലേക്ക് ഇനിയും വേണ്ടത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായ പാലുവിലെ വിമാനത്താവളത്തില്‍ നിന്ന് ആളുകളെ വിമാനമാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. 300ലധികം പേര്‍ പാലുവിലെ വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്. ഇവരില്‍ ഭൂരിഭാഗവും പരുക്കേറ്റവരാണ്. കൂടുതല്‍ പരുക്കേറ്റവരെയായിരിക്കും ആദ്യമെത്തിക്കുകയെന്ന് സൈന്യം അറിയിച്ചു.

ഇനിയും ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ രക്ഷാപ്രവര്‍ത്തകര്‍ സൂക്ഷ്മപരിശോധന നടത്തുന്നുണ്ട്. സര്‍ക്കാര്‍ കണക്കുകളനുസരിച്ച്, 65,000ത്തിലധികം വീടുകള്‍ ഭൂകമ്പത്തിലും സുനാമിയിലുമായി തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. അറുപതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ അടിയന്തര സഹായം ആവശ്യമുള്ളവരാണ്. രണ്ട് ലക്ഷത്തിലധികം പേര്‍ സുലവേസിയില്‍ അടിയന്തര സഹായം ആവശ്യമുള്ളവരാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിലുള്ളത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനോടെ അവശേഷിക്കുന്നവരെ മുഴുവന്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്ത ബാധിത പ്രദേശങ്ങള്‍ അതിഭീകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ പറഞ്ഞു. ദിവസവും നൂറുകണക്കിന് പേരെ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കി മറമാടുന്ന നടപടി പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ അഴുകി മണവും പുറത്തുവന്നു തുടങ്ങിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും മുഴുവന്‍ മൃതദേഹങ്ങളും മറമാടാന്‍ ആയിട്ടില്ല.