National
കര്‍ഷക റാലി ഡല്‍ഹിയിലേക്കെത്തുന്നത് പോലീസ് തടഞ്ഞു; പോലീസും കര്‍ഷകരും ഏറ്റ്മുട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിചേരുന്ന മഹാ റാലി ഗാസിയാബാദില്‍ പോലീസ് തടഞ്ഞു.ബാരിക്കേഡുകള്‍ ഭേദിച്ച് ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പോലീസ് ആദ്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നിട്ടും പിരിഞുപോകാത്ത കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ കര്‍ഷകര്‍ ചെറുക്കുകയായിരുന്നു. ഇത് വലിയ സംഘര്‍ഷത്തിന് തന്നെ വഴിവെച്ചിരിക്കുകയാണ്. കര്‍ഷകര്‍ വടിയും മറ്റും ഉപയോഗിച്ച് പോലീസിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഭാരതീയ കിസാന്‍ യൂണിയന്റെ ആഭിമുഖ്യത്തിലാണ് റാലി. റാലി നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വന്‍ പോലീസ് സംഘമാണ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 23ന് ഹരിദ്വാറില്‍നിന്നും തുടങ്ങിയ റാലിയില്‍ എഴുപതിനായിരത്തോളം കര്‍ഷകര്‍ അണിനിരക്കുന്നുണ്ട്. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, ചെറുകിട കര്‍ഷകരെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. റാലിയുടെ പശ്ചാത്തലത്തില്‍ കിഴക്ക്, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.