ആ സ്വപ്‌നം പൊലിഞ്ഞു; ഇന്ത്യ ദക്ഷിണ കൊറിയയോട് പൊരുതിത്തോറ്റു 1-0

Posted on: October 1, 2018 8:38 pm | Last updated: October 2, 2018 at 9:51 am

ക്വാലലംപുര്‍: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനുള്ള ഡയറക്ട് എന്‍ട്രി നേടാനുള്ള ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞു. അണ്ടര്‍-16 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യ കരുത്തരായ ദക്ഷിണ കൊറിയയോട് പൊരുതി വീണു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു
തോല്‍വി. 67ാം മിനുട്ടില്‍ ജിയോങ് സങ് ബിന്‍ ആണ് ഇന്ത്യയുടെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്. ഇതോടെ അടുത്ത വര്‍ഷം പെറുവില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.

മത്സരത്തില്‍ കൊറിയ കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഇന്ത്യന്‍ പ്രതിരോധം മികച്ചു നിന്നു. ഗോള്‍ കീപ്പര്‍ നീരജ് കുമാറിന്റെ മിന്നുന്ന പ്രകടനവും ഇന്ത്യക്ക് തുണയായി. എന്നാല്‍, 67ാം മിനുട്ടില്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി കൊറിയ വിജയം സ്വന്തമാക്കുകയായിരുന്നു.

പതിനാറ് വര്‍ഷം മുമ്പ് ഇതേ രീതിയില്‍ ഇന്ത്യ-കൊറിയ പോരാട്ടം വന്നിരുന്നു. അന്ന് 3-1ന് ഇന്ത്യ തോറ്റു. 2017ല്‍ ആതിഥേയരെന്ന നിലയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം അണ്ടര്‍ 17 ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിരുന്നു.