സുനാമി: ഇന്തോനേഷ്യയില്‍ മരിച്ചവരെ കൂട്ടത്തോടെ മറവു ചെയ്യുന്നു

Posted on: October 1, 2018 6:31 pm | Last updated: October 1, 2018 at 6:31 pm

ജക്കാര്‍ത്ത: ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും ദുരന്തം വിതച്ച ഇന്തോനേഷ്യയില്‍ മരിച്ചരെ കൂട്ടത്തോടെ മറവു ചെയ്യാന്‍ ആരംഭിച്ചു. പാലുവിലെ കുന്നിന്‍ മുകളില്‍ ആയിരത്തില് അധികം പേരെ കൂട്ടത്തോടെ മറവു ചെയ്യാനുള്ള വലിയ കുഴിമാടമാണ് തയ്യാറാക്കിയിരിക്കുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് 100 മീറ്റര്‍ വീതിയിലാണ് കുഴിയെടുത്തിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഇവിടേക്ക് ട്രക്കുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ദുരന്തത്തില്‍ ഇതുവരെ 844 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, പലയിടങ്ങളിലും മൃതദേഹം കെട്ടിക്കിടക്കുന്നതിനാല്‍ മരണ സഖ്യ ആയിരം കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡുകളിലും കെട്ടിടാവശിഷ്ടങ്ങളിലുമെല്ലാം മൃതദേഹം കിടക്കുന്നുണ്ട്. ദുരന്തത്തില്‍ പരുക്കേറ്റ 600 പേര്‍ ആശുപത്രികളില്‍ ചികിത്സിയില്‍ കഴിയുകയാണ്. 48,000 ആളുകളുടെ വീടുകള്‍ തകര്‍ന്നു. ദുരന്തത്തിനിടെ പ്രാദേശിക ജയിലിലുകളില്‍ നിന്ന് 1,400ല്‍ അധികം തടവുകാരെ കാണാതായിട്ടുണ്ട്.

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയാണ് 7.5 തീവ്രതയില്‍ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് തീരദേശ നഗരമായ പാലുവില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നു. ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തത ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് വലിയ മെഷീനുകള്‍ ആവശ്യമായി വരുമെന്ന് നാഷനല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി മേധാവി മുഹമ്മദ് സൈയോഗി പറഞ്ഞു. ഏതാണ്ട് 16 ലക്ഷം ആളുകളെയാണ് ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും ബാധിച്ചിരിക്കുന്നതെന്നാണ് റെഡ് ക്രോസിന്റെ വിലയിരുത്തല്‍. സുനാമി ഏറ്റവും രൂക്ഷമായി ബാധിച്ച പാലുവിലെ വിനോദ സഞ്ചാര കേന്ദ്രമായ തലിസെ ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പ്രസിഡന്റ് ജോകോ വിദോദ സന്ദര്‍ശിച്ചു. വാര്‍ത്താവിനിമയം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കണമെന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

3.4 ലക്ഷം ജനസഖ്യയുള്ള പാലുവില്‍ നിന്ന് നിരവധി പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാലുവില്‍ തകര്‍ന്ന ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇവരില്‍ 24 പേരെ രക്ഷാപ്രവര്‍ത്തകര്‍ കൈകള്‍ കൊണ്ട് അവശിഷ്ടം നീക്കിയാണ് വീണ്ടെടുത്തത്. സുനാമി ആഞ്ഞടിച്ച ദൊങ്കലയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ ഇന്തോനേഷ്യയുടെ മെട്രോ ടി വി സംപ്രേക്ഷണം ചെയ്തു. പ്രദേശത്ത് നിന്ന് കെട്ടിടങ്ങളും മറ്റും തുടച്ചുനീക്കപ്പെടുകയായിരുന്നു. ദുരന്തത്തില്‍ ഒറ്റപ്പെട്ട പലയിടങ്ങളിലും കടുത്ത കുടിവെള്ള- ഭക്ഷ്യ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.

തലസ്ഥാന നഗരമായ ജക്കാര്‍ത്തയില്‍ നിന്ന് പാലു വിമാനത്താവളത്തിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍, ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ ഇവ യഥാസമയം വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. പരുക്കേറ്റവരെയും രോഗികളെയും തുറന്ന സ്ഥലത്ത് വെച്ചാണ് ചികിത്സിക്കുന്നത്.
അത്യാവശ്യമായി ടെന്റ്, മരുന്ന്, ആരോഗ്യ പ്രവര്‍ത്തകര്‍, പുതപ്പുകള്‍ എന്നിവ ലഭ്യാമാക്കണമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്തോനേഷ്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ മേധാവി കൊമാംഗ് ആവശ്യപ്പെട്ടു.