Connect with us

Prathivaram

സോഷ്യല്‍ മീഡിയയിലെ പുതിയ വൃത്താന്തങ്ങള്‍

Published

|

Last Updated

വ്യാജന്മാരെ കുറിച്ച് പലപ്പോഴും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ഈ ആഴ്ച ഫേസ്ബുക്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഫേസ്ബുക്കില്‍ 213 കോടി അക്കൗണ്ടുകളില്‍ 20 കോടിയും വ്യാജമാണെന്നാണ് കണ്ടെത്തല്‍; ആകെയുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളം. വ്യാജന്മാരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ട്. അതേസമയം സജീവമായ അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് 2017 നേക്കാള്‍ 14 ശതമാനം കൂടുതലാണ്. 2016 അവസാനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 186 കോടിയായിരുന്നു. അതില്‍ തന്നെ 11.4 കോടിയായിരുന്നു വ്യാജ അക്കൗണ്ടുകള്‍. സജീവമായ അക്കൗണ്ടുകളുടെ കാര്യത്തിലും മുന്നില്‍ ഇന്ത്യയാണ്. ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ആസക്തികള്‍ നിയന്ത്രിക്കാം
സോഷ്യല്‍ മീഡിയ ആസക്തിക്കെതിരെ ആഗോളതലത്തില്‍ ഇപ്പോള്‍ വിവിധ ക്യാമ്പയിനുകള്‍ നടക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവാക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന്‍. ഇരുപത്തിനാല് മണിക്കൂറില്‍, കൂടുതല്‍ സമയവും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും സമയം ചെലവഴിക്കുകയാണ് ഭൂരിഭാഗവും. ചെറുപ്പക്കാരാണ് ഇത്തരം സാങ്കേതികവിദ്യകളില്‍ കുടുങ്ങിക്കിടക്കുന്നത്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവതലമുറയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആസക്തിക്കെതിരായ ക്യാമ്പയിന് ചുക്കാന്‍ പിടിക്കുന്നത് ഫേസ്ബുക്കിലെയും ഗൂഗിളിലേയും മുന്‍ ജീവനക്കാരായ രണ്ട് പേരാണ് എന്നതാണ് ശ്രദ്ധേയം. ഫേസ്ബുക്കിന്റെ നെടുംതൂണായ റോജര്‍ മക്‌നാമി, ഗൂഗിള്‍ ഡിസൈനര്‍ ട്രിസ്റ്റാന്‍ ഹാരിസ് എന്നിവരാണവര്‍. ഡിജിറ്റല്‍ ശ്രദ്ധയും പ്രതിസന്ധിയും മറികടക്കുക, വ്യത്യസ്ത ദിശകളിലുള്ള സാങ്കേതികവിദ്യയെ മാനവ ഗുണത്തിന് മാത്രം ഉപയോഗിക്കുക എന്നിവയാണ് ദി സെന്റര്‍ ഫോര്‍ ടെക്‌നോളജി ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ മനുഷ്യ മനസ്സിനെയും സമൂഹത്തെയും ഹൈജാക്ക് ചെയ്യുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുവതലമുറയെ സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉത്തരവാദിത്വം ഗൗരവമായാണ് കാണുന്നതെന്നും അതിന്റെ ആദ്യപടി സ്വീകരിച്ചിരിക്കുകയാണെന്നും റോജര്‍ മക്‌സനമീയും ട്രിസ്റ്റന്‍ ഹാരിസും പറയുന്നു. ഏഴ് മില്യണ്‍ ഡോളറാണ് ഈ ക്യാമ്പയിന് ഇതുവരെ ലഭിച്ചത്. 55,000 യു എസ് സ്‌കൂളുകള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ബോധവത്കരിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പല കമ്പനികളും നീക്കം ആരംഭിച്ചിട്ടുണ്ട്. ഐ ഫോണ്‍, ഐ പാഡ് എന്നിവയില്‍ കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആപ്പിളിലെ നിക്ഷേപകര്‍ തന്നെ ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള മെസേജിംഗ് സര്‍വീസ് നിര്‍ത്തണമെന്ന് നൂറിലധികം മാനസികാരോഗ്യ വിദഗ്ധര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.
വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അധികസമയം ഫേസ്ബുക്കില്‍ ചെലവിടുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഫേസ്ബുക്കിന് വേണ്ടി പഠനം നടത്തിയ ഗവേഷകര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. അതേസമയം കൂടുതല്‍ ആളുകളുമായി ചാറ്റിലൂടെയും മറ്റും ആശയവിനിമയം നടത്തുന്നത് ഗുണം ചെയ്യുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. ഫേസ്ബുക്ക് മുന്‍ എക്സിക്യൂട്ടീവ് അടക്കമുള്ളവര്‍ ഇത് സംബന്ധിച്ച് കമ്പനിക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് റഷ്യന്‍ പ്രൊപ്പഗാണ്ടയും വ്യാജ വാര്‍ത്തകളും വലിയ തോതില്‍ പ്രചരിപ്പിക്കുന്നു, വെള്ളക്കാരായ വംശീയവാദികള്‍ക്ക് വലിയ തോതില്‍ ഇടം കൊടുക്കുന്നു, വെറുപ്പ് പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നു, പ്രതിലോമകരമായ പരസ്യങ്ങള്‍ കൊടുക്കുന്നു, സ്വേച്ഛാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ വിമര്‍ശിക്കുന്നവരെ സെന്‍സര്‍ ചെയ്യുന്നു തുടങ്ങി നിരവധി പരാതികളുണ്ട്. വിമര്‍ശങ്ങളെ തുടര്‍ന്ന് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമ ചോദിക്കുകയും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവാക്കളെ വൈകാരികമായി വലിയ തോതില്‍ ബാധിക്കും. ഫേസ്ബുക്ക് ഉപയോഗത്തിന് ഗുണപരമായ നിരവധി വശങ്ങളുമുണ്ടെന്ന് പഠനം നടത്തിയ ഡേവിഡ് ഗിന്‍സ്ബര്‍ഗ്, മൊയ്റ ബൂര്‍ക് എന്നിവര്‍ പറയുന്നു. കൂടുതല്‍ പേരുമായുള്ള ആശയവിനിമയം, സുഹൃത്തുകളുമായി സന്ദേശങ്ങള്‍ കൈമാറല്‍, പോസ്റ്റുകള്‍, കമന്റുകള്‍, ചര്‍ച്ച ഇതെല്ലാം മാനസികമായി ഗുണം ചെയ്യുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സ്വന്തം പ്രൊഫൈലിലൂടെ ആത്മവിശ്വാസം കണ്ടെത്തുന്നവരുണ്ട്. എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയത്തെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം തടസ്സപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്.

ഗൂഗിളിലെ വംശീയത
ജീവനക്കാരുടെ നിയമനത്തില്‍ ഗൂഗിള്‍ വംശീയത കലര്‍ത്തുന്നുവെന്ന് വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിലെ മുന്‍ ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. വെളുത്ത വര്‍ഗക്കാരെയും ഏഷ്യക്കാരെയും ടെക്നിക്കല്‍ വിഭാഗത്തിലെ നിയമനത്തില്‍ നിന്ന് ഒഴിവാക്കി ലാറ്റിനമേരിക്കന്‍ യുവാക്കളുടെയും സ്ത്രീകളുടെയും അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുന്നതെന്നാണ് പരാതി. യൂട്യൂബിന്റെ വൈവിധ്യം നിലനിര്‍ത്തുന്നതിനും പുതിയ പരീക്ഷണങ്ങളിലൂടെ മെച്ചപ്പെടുത്തുന്നതിനും ഏഷ്യക്കാരുടെ സേവനം സഹായകരമല്ല എന്ന നിലപാടാണ് അവരെ ഒഴിവാക്കാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നുണ്ട്. തൊഴിലാളികളോട് വിവേചനം കാണിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും ഗൂഗിളിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2016ല്‍ ഗൂഗിളിനെതിരെ ലൈംഗിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ കമ്പനി നല്‍കുന്നില്ലെന്നാണ് പരാതി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സ്ത്രീയാണ് പരാതിപ്പെട്ടത്. ഗൂഗിളില്‍ ഒമ്പത് വര്‍ഷത്തോളം ജോലി ചെയ്തിരുന്ന ആണ്‍ വില്‍ബര്‍ഗ് എന്നയാള്‍ ജനുവരിയില്‍ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
.

Latest