Connect with us

Editorial

ചാരക്കേസും കോടതി വിധിയും

Published

|

Last Updated

രണ്ട് വ്യാഴവട്ടക്കാലമായി തുടരുന്ന ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നിര്‍ണായകമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് സുപ്രീം കോടതി റിട്ട. ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷിക്കാനുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്. സംസ്ഥാന സര്‍ക്കാറാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. തന്നെ കേസില്‍ കുരുക്കിയ മുന്‍ ഡി ജി പി സിബി മാത്യൂസ്, മുന്‍ എസ് പി മാരായ കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധിപ്രസ്താവം. മനഃപൂര്‍വം കേസില്‍പ്പെടുത്തിയതാണെന്നും കസ്റ്റഡിയില്‍ അദ്ദേഹത്തെ മര്‍ദിച്ചതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി നേരത്തേ സി ബി ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നമ്പി നാരായണന് 50 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കേസില്‍, വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐ സന്നദ്ധത അറിയിക്കികയും ചെയ്തു. എന്നാല്‍, സി ബി ഐ അന്വേഷണം വേണ്ടെന്നായിരുന്നു കോടതി നിലപാട്.

സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുകയും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിക്ക് വഴിയൊരുക്കുകയും ചെയ്ത സംഭവമാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്. തിരുവനന്തപുരം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ.ശശികുമാറിന്റെയും നമ്പിനാരായണന്റെയും സഹായത്തോടെ മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസന്‍, ബെംഗ്ലളൂരുവിലെ വന്‍ വ്യവസായിയായ രവീന്ദ്ര റെഡ്ഢി എന്നിവര്‍ ചേര്‍ന്ന് റോക്കറ്റ് നിര്‍മാണ വിദ്യയും ക്രയോജനിക് എന്‍ജിന്‍ സൂത്രങ്ങളും വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടെങ്കിലും പിന്നീട് നടന്ന സി ബി ഐ ആന്വേഷണത്തില്‍ ഐ എസ് ആര്‍ ഒയില്‍ നിന്ന് ഒരു രഹസ്യവും ചോര്‍ന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി. റഷ്യന്‍ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നില്‍ എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.

കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പ് രൂക്ഷമായ ഘട്ടത്തില്‍ ചില പത്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചാരക്കേസ്, ഐ ഗ്രൂപ്പ് നേതാവും മുഖ്യമന്ത്രിയുമായ കെ കരുണാകരനെ തളക്കാന്‍ മറുവിഭാഗം ആയുധമാക്കിയതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവമായി വളര്‍ന്നത്. കരുണാകരന്റെ വിശ്വസ്തനായിരുന്ന അന്നത്തെ ഐ ജി രമണ്‍ ശ്രീവാസ്തവയും കേസില്‍ ഉള്‍പ്പെട്ടിരുന്നു. രമണ്‍ ശ്രീവാസ്തവയെ രക്ഷിക്കാനും സി ബി ഐയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും കരുണാകരന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ചിലര്‍ രംഗത്തുവന്നതോടെയാണ് കേസിന് രാഷ്ട്രീയ മാനം വന്നത്. കരുണാകരനെ അടിക്കാന്‍ എ ഗ്രൂപ്പിനു കിട്ടിയ നല്ലൊരു വടിയായിരുന്നു ഇത്. “ശ്രീവാസ്തവക്കെതിരെ നടപടിയെടുത്തതു കൊണ്ടായില്ല, മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരന്‍ മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷക്ക് നല്ലതെ”ന്നായിരുന്നു അന്ന് പ്രമുഖ നേതാവ് ആവശ്യപ്പെട്ടത്. ചാരക്കേസില്‍ ഐ ജി രമണ്‍ ശ്രീവാസ്തവയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റം ചാര്‍ത്തി കരുണാകരനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ വിപ്പ് ലംഘിച്ച് പാര്‍ട്ടിയിലെ ചില കോണ്‍ഗ്രസ് പ്രമുഖര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടു നില്‍ക്കുകയുമുണ്ടായി. സംസ്ഥാന ഭരണത്തില്‍ പങ്കാളികളായ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും എ ഗ്രൂപ്പിനൊപ്പം ചേര്‍ന്നു, കരുണാകരന്‍ രാജിവെച്ചില്ലെങ്കില്‍ തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കി. ഗത്യന്തരമില്ലാതെ 1995 മാര്‍ച്ച് 16നു രാത്രി കരുണാകരന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. പിന്നാലെ ഡല്‍ഹിയിലായിരുന്ന എ കെ ആന്റണി കേരളത്തിലെത്തി മുഖ്യമന്ത്രി പദം ഏല്‍ക്കുകയും ചെയ്തു. കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ ഇക്കാര്യം തുറന്നു സമ്മതിച്ചതാണ്. കേസില്‍ അകപ്പെട്ടവരെല്ലാം ഇപ്പോള്‍ കുറ്റവിമുക്തരായപ്പോള്‍, നീതി കിട്ടാതെയാണ് കരുണാകരന്‍ മരണപ്പെട്ടത്.

സുപ്രീംകോടതി വിധി ഉദ്യോഗ തലങ്ങളില്‍ അസ്വാരസ്യങ്ങല്‍ സൃഷ്ടിക്കുന്നതിനൊപ്പം കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖങ്ങള്‍ക്കു വഴിതുറക്കുകയും ചെയ്യും. കെ മുരളീധരന്റെയും പത്മജയുടെയും പ്രസ്താവനകള്‍ അതിന്റെ തുടക്കമായി വേണം കാണാന്‍. കരുണാകരന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ എതിരാളികള്‍ തയ്യാറാക്കിയ ഗൂഢാലോചനയാണ് ചാരക്കേസെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വിശ്വസിച്ച് കൂടെ നിന്ന അഞ്ച് പേരാണെന്നുമാണ് കോടതി വിധിയോട് പ്രതികരിക്കവെ പത്മജ പറഞ്ഞത്. ഇവര്‍ ആരൊക്കെയാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കരുണാകരനെ കരുവാക്കുകയായിരുന്നുവെന്നാണ് മുരളീധരന്റെ ഭാഷ്യം. ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുമ്പോള്‍ ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പേ ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

---- facebook comment plugin here -----

Latest