Connect with us

Editorial

ഷിന്‍ജിയാംഗിലെ മുസ്‌ലിം പീഡനം

Published

|

Last Updated

ഉയ്ഗൂറുകള്‍ ഉള്‍പ്പെടെ ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മുസ്‌ലിംകളെക്കുറിച്ച് ഐക്യരാഷ്ട്രസഭ ഹ്യൂമെന്‍ റൈറ്റ്‌സ് വാച്ച് പുറത്തു വിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടെ 10 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്‌ലിംകള്‍ തടങ്കല്‍ സമാനമായ ക്യാമ്പുകളില്‍ കഴിയുകയാണെന്നും സര്‍ക്കാര്‍ ഇവരെ ഇസ്‌ലാമിക വിരുദ്ധ കാര്യങ്ങളും കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും നിര്‍ബന്ധപൂര്‍വം പഠിപ്പിച്ചുവരികയാണെന്നുമാണ് യു എന്‍ ഹ്യൂമെന്‍ റൈറ്റ്‌സ് പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ടു മുസ്‌ലിംകള്‍ കടുത്ത വിലക്കുകള്‍ നേരിട്ടുകൊണ്ടിരിക്കയാണ്. ഇതു സംബന്ധിച്ചു ചൈനയില്‍ നിരീക്ഷണം ആവശ്യമാണെന്നും ചൈനയെ ഇക്കാര്യം അറിയിച്ചതായും ഹ്യൂമെന്‍ റൈറ്റ്‌സ് വാച്ച് മേധാവി മിഷേല്‍ ബാഷ്‌ലെറ്റ് അറിയിച്ചു.

ആംനസ്റ്റി ഇന്റര്‍ നാഷനലും ഐക്യരാഷ്ട്ര റിപ്പോര്‍ട്ടിന് അടിവരയിടുന്നു. ഉയ്ഗൂര്‍ സ്വയം ഭരണ മേഖല വലിയൊരു തടങ്കല്‍ പാളയമായി മാറ്റിയിരിക്കയാണ് ചൈനീസ് ഭരണകൂടമെന്നാണ് യു എന്‍ വംശീയ വിവേചന ഉന്മൂലന സമിതി അംഗം ഗെയ് മക്ഡുല്‍ പറയുന്നത്. കുറ്റമെന്തെന്നറിയാതെ തടവില്‍ പാര്‍പ്പിച്ച മുസ്‌ലിംകളെ കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. മതതീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമെന്ന പേരിലാണ് ചൈന തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിച്ചത്. അതിനിടെ ഇവിടെ പുതുതായി സ്ഥാപിച്ച പള്ളി പൊളിക്കാനുള്ള ശ്രമവും ഭരണകൂടം നടത്തിയിരുന്നു. മുസ്‌ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ പിന്‍വാങ്ങുകയാണുണ്ടായത്.

തിബത്തിനെ പോലെ ചൈനയുടെ അധീനതയിലുള്ള സ്വയം ഭരണ മേഖലയാണ് ഷിന്‍ജിയാംഗ്. ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ എന്ന് വിളിക്കപ്പെടുന്ന ഈ പ്രവിശ്യയെ 1949ലാണ് ചൈന കോളനിയാക്കി മാറ്റിയത്. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ബഹുഭൂരിപക്ഷവും താമസിക്കുന്നത് ഈ പ്രവിശ്യയിലാണ്. ഇവിടുെത്ത ജനസംഖ്യയില്‍ 45 ശതമാനത്തോളം മുസ്‌ലിംകളാണ്. കാലങ്ങളായി ഇവര്‍ കടുത്ത നിയന്ത്രണങ്ങളും വിവേചനവുമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശൈത്യ കാലത്തെ അവധി ദിവസങ്ങളില്‍ ഉയ്ഗൂര്‍ മുസ്‌ലിം സന്തതികള്‍ പള്ളികളില്‍ പോയി മതവിദ്യാഭ്യാസം നേടുന്ന പതിവുണ്ടായിരുന്നു നേരത്തെ. ഇതു വിലക്കിക്കൊണ്ട് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ ഗ്വാന്‍ഷേ കൗണ്ടിയില്‍ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ജനുവരിയില്‍ ഉത്തരവിറക്കുകയുണ്ടായി. മതപരമായ കാര്യങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ പിന്തിരിപ്പിക്കണമെന്നും അവധി ദിവസങ്ങളില്‍ മതഗ്രന്ഥ പാരായണം ഉള്‍പ്പെടെയുള്ള മതകീയ പരിപാടികള്‍ ഒഴിവാക്കണമെന്നും എല്ലാ വിഭാഗം സ്‌കൂളുകളിലും രാഷ്ട്രീയ, പ്രത്യയശാസ്ത്ര പഠനവും പൊതുപ്രവര്‍ത്തനവും ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വളരെ മുമ്പേ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പോടെയായിരുന്നു പാര്‍ട്ടി ഉത്തരവ്.

മതം ചൈനയില്‍ സ്വകാര്യ ജീവിതത്തില്‍ പരിമിതപ്പെടുത്തണം. ഓഫീസ്, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ മതത്തിന്റെ അടയാളങ്ങള്‍ വെളിപ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതം കര്‍ശനമായി വിലക്കിയ മദ്യപാനത്തിനും പന്നിയിറച്ചി ഭക്ഷിക്കാനും മുസ്‌ലിംകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. തങ്ങളുടെ വിശ്വാസം കൈവെടിയാന്‍ വിസമ്മതിക്കുന്ന മുസ്‌ലിംകളെയാണ് തടങ്കല്‍ പാളയങ്ങളില്‍ അടച്ചിടുന്നത്. സര്‍ക്കാറിന്റെ ഈ കിരാത നടപടിയെ ചോദ്യം ചെയ്യുന്നവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമായി മുദ്രകുത്തി ജയിലിലടക്കപ്പെടുന്നു. 2014ല്‍ ഷിന്‍ജിയാംഗില്‍ നിരവധി മുസ്‌ലിം പണ്ഡിതന്മാരെയും പള്ളി ഇമാമുമാരെയും ഭരണകൂടം ജയിലിലടച്ചിരുന്നു. ഹാന്‍ ചൈനീസ് വംശജര്‍ക്കെതിരെ വിദ്വേഷജനകമായ പ്രചാരണം നടത്തുന്നുവെന്നും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ഭരണകൂട ഭീകരതയെയും കുറിച്ചു മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും അവര്‍ക്ക് അനുവാദമില്ല. സദാസമയവും ഭരണകൂടത്തിന്റെ നിരീക്ഷണങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കയാണവര്‍. പ്രവിശ്യയിലെമ്പാടും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കാരണം മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം പീഡനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ റേഡിയോ ഫ്രീ ഏഷ്യയുടെ നാല് മാധ്യമ റിപ്പോര്‍ട്ടര്‍മാരടക്കം നിരവധി മാധ്യമ പ്രവര്‍ത്തകരെ ഭരണകൂടം കല്‍തുറുങ്കിലടച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരുമ്പുമറകളെ ഭേദിച്ചു ഷിന്‍ജിയാംഗിലെ മുസ്‌ലിം വേട്ട സംബന്ധമായി നിരവധി വാര്‍ത്തകളും പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടും യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളൊന്നും ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. മുസ്‌ലിംകളുടെ മൗലികാവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്ന ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം വഞ്ചിതരാകുകയാണ്. തങ്ങളുടെ കിരാത നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഇത് ധൈര്യം പകരുന്നു. ആഗോള സമൂഹത്തിന് മുസ്‌ലിംകളെ അടിച്ചൊതുക്കാനും വംശനാശം വരുത്താനുമുള്ള ഒരു തുറുപ്പു ശീട്ടാണല്ലോ ഇന്ന് തീവ്രവാദവും ഭീകരവാദവും. ഇപ്പോള്‍ ഹ്യൂമെന്‍ റൈറ്റ്‌സ് പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെങ്കിലും യു എന്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതാണ്.