കവര്‍ച്ചക്കായി ഗര്‍ഭിണിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ ദമ്പതികള്‍ പിടിയില്‍

Posted on: September 11, 2018 12:03 pm | Last updated: September 11, 2018 at 2:17 pm

നോയിഡ: ഗാസിയാബാദില്‍ ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും കൈക്കലാക്കുന്നതിന് ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച ദമ്പതികള്‍ പോലീസ് പിടിയിലായി. ഗാസിയാബാദിലെ ബിസ്‌രാഖ് സ്വദേശിയായ മാലയാണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ അയല്‍ക്കാരായ സൗരഭ് ദിവാകര്‍, ഭാര്യ റിതു എന്നിവരാണ് പിടിയിലായത്. ഏതാനും മാസം മുമ്പാണ് മാല വിവാഹിതയായത്. വീട്ടിലെത്തിയ റിതുവിന് മാല തന്റെ ആഭരണങ്ങളും വസ്ത്രങ്ങളും കാണിച്ചു കൊടുത്തു. ഇതില്‍ ആക്യഷ്ടയായ റിതു മാലയെ ഭര്‍ത്താവിന്റെ സഹായത്തോടെ കൊലപ്പെടുത്തി അവ സ്വന്തമാക്കാന്‍ തീരുമാനിച്ചു.

വെള്ളിയാഴ്ച റിതുവിന്റെ ഭര്‍ത്താവ് ശിവം ജോലിക്ക് പോയ സമയം നോക്കി മാലയുടെ വീട്ടിലെത്തിയ സൗരഭും റിതുവും മാലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും ഫോണുകളും മറ്റും കവര്‍ന്നു. തുടര്‍ന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി ഇന്ദ്രപുരം ഏരിയയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചരുളഴിഞ്ഞത്. ഇരുവര്‍ക്കുമെതിരെ കൊലപാതകം , മോഷണം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.