സുല്‍ത്താന്മാരുടെ ഹൃദയഭൂമികയില്‍

മസ്ജിദുല്‍ ഫാത്തിഹിലായിരുന്നു ഞങ്ങളുടെ ജുമുഅ നിസ്‌കാരം. എ ഡി 1453ലാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിം ഭരണത്തിന് കീഴില്‍ വരുന്നത്. അന്നവിടെ ഭരണാധികാരി മുഹമ്മദ് അല്‍ ഫാത്തിഹ് ആയിരുന്നു. അദ്ദേഹം നിര്‍മിച്ചതും അദ്ദേഹത്തിന്റെ ഖബര്‍ സ്ഥിതിചെയ്യുന്നതുമായ മസ്ജിദ് ആണിത്. ജുമുഅ ഖുതുബയില്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും നിസ്‌കാരാനന്തരം യാസീന്‍ ഓതിയുള്ള സിയാറത്തും നടന്നു. പഴയ ഇസ്താംബൂള്‍ നഗരത്തില്‍ ഓട്ടോമന്‍ ഭരണത്തിന്റെ സുവര്‍ണകാലം അടയാളപ്പെടുത്തുന്ന നിരവധി ചിഹ്നങ്ങള്‍ പ്രൗഢിയോടെ നില്‍ക്കുന്നു.
Posted on: September 10, 2018 11:07 pm | Last updated: September 10, 2018 at 11:07 pm

അനുഭൂതിദായകമാണ് ഇസ്താംബൂള്‍ യാത്രകള്‍. ഇസ്‌ലാമിക ചരിത്രവും നാഗരികതയുമായി അത്രമേല്‍ ഈ നഗരം ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. ഇസ്‌ലാമിന്റെ ഖിലാഫത് അവസാനം കുറിച്ചത് തുര്‍ക്കിയില്‍ നിന്നാണല്ലോ. യൂറോപ്പിലെ ഇസ്‌ലാമിക സംസ്‌കൃതിയുടെ പ്രധാന കേന്ദ്രമാണ് തുര്‍ക്കി. സ്‌പെയിന്‍ അടക്കം ഇസ്‌ലാമിക സംസ്‌കൃതി ജ്വലിച്ചുനിന്ന രാഷ്ട്രങ്ങളുടെ പ്രഭാവം നഷ്ടപ്പെട്ട് സമ്പൂര്‍ണ പടിഞ്ഞാറുവത്കരണമുണ്ടായെങ്കിലും മുസ്തഫ കമാല്‍ പാഷയെ പോലുള്ള അങ്ങേയറ്റം മതവിരുദ്ധനായ ഒരാളും പിന്‍ഗാമികളും ഭരിച്ചിട്ടും തുര്‍ക്കി മതത്തെ ചേര്‍ത്തുപിടിച്ചു. യൂറോപ്യന്‍ യൂനിയനിലെ പല രാജ്യങ്ങള്‍ക്കും തുര്‍ക്കിയോട് ചതുര്‍ഥിയാകാന്‍ വേറം കാരണം അന്വേഷിക്കേണ്ടതില്ല. ‘യൂറോപ്പിന്റെ രോഗി’ എന്ന പരിഹാസപ്പേര് തുര്‍ക്കിക്ക് അവര്‍ ചാര്‍ത്തി. പലതരത്തിലുള്ള നയതന്ത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. പക്ഷെ, പ്രതിസന്ധികളെയൊക്കെ അപാരമായ കരുത്തോടെ തുര്‍ക്കി അതിജീവിച്ചു. വിശ്വാസം ഹൃദയത്തിനകത്ത് അണയാതെ സൂക്ഷിക്കുന്ന ജനതക്ക് വെല്ലുവിളികളെ തരണം ചെയ്യല്‍ ലളിതമാണല്ലോ.

ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴേ അറിയും തുര്‍ക്കിഷ് സംസ്‌കാരത്തിന്റെ അഥവാ ഇസ്‌ലാമികമായ മാനങ്ങളുള്ള വൈവിധ്യകരമായ അനുഭവങ്ങളുടെ ചൂടും ചൂരും. വിവിധ ദേശക്കാരുടെ സംഗമ കേന്ദ്രമാണത്. അറബ് ലോകത്ത് തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും തീവ്രവാദ ആക്രമണവും കാരണം ലക്ഷങ്ങളാണ് തുര്‍ക്കിയിലേക്ക് ഒഴുകിയത്. ജര്‍മനിയിലേക്കും കാനഡയിലേക്കുമുള്ള കുടിയേറ്റങ്ങളെ, അഭയാര്‍ഥികള്‍ക്ക് സൗകര്യം ചെയ്ത യൂറോപ്യന്‍ സര്‍ക്കാറുകളെ ന്യൂ യോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍ എന്നിവയെല്ലാം ഗംഭീരമായി കവര്‍ ചെയ്തു. പടിഞ്ഞാറന്‍ ജനതയുടെ ഉദാരതയെ പ്രകീര്‍ത്തിച്ചു. പക്ഷേ, തുര്‍ക്കിയെ എല്ലാവരും വിട്ടുകളഞ്ഞു. രണ്ട് വര്‍ഷം മുമ്പുള്ള കണക്ക് പ്രകാരം തുര്‍ക്കി അഭയം നല്‍കിയ സിറിയക്കാരുടെ മാത്രം എണ്ണം 27 ലക്ഷമാണ്. ടര്‍ക്കിഷ് ജനസംഖ്യയുടെ മുപ്പത് ശതമാനം വരുമിത്. ഇത്ര വലിയ അഭയാര്‍ഥി സ്വീകരണം വിരളമാണ്. അതിനാല്‍ തന്നെ, സിറിയക്കാരുടെയും ഫലസ്തീനികളുടെയും അമേരിക്കക്കാരുടെയുമെല്ലാം ഭിന്നമുഖങ്ങള്‍ കാണാം വിമാനത്താവളത്തില്‍. ഈയിടെ ഇംഗ്ലീഷ് നടനായ ലിയാം നീസണ്‍ പറഞ്ഞത് വായിച്ചതോര്‍മിച്ചു. അദ്ദേഹത്തിന്റെ ഒരു ചലച്ചിത്രത്തിന്റെ പശ്ചാത്തലം പൂര്‍ണമായി ചിത്രീകരിച്ചത് ഇസ്താംബൂളില്‍ നിന്നായിരുന്നു. തുര്‍ക്കിയെ പറ്റി കേട്ടുതഴമ്പിച്ച മുന്‍വിധികളുമായാണ് ലിയാം വരുന്നത്. പക്ഷേ, അഞ്ച് നേരങ്ങളില്‍ തുര്‍ക്കിയിലെ മനോഹരമായ താഴികക്കുടങ്ങളുള്ള പള്ളികളില്‍ നിന്ന് കേള്‍ക്കുന്ന വാങ്ക് വിളിയുടെ സ്വരമാധുര്യം അദ്ദേഹത്തിന്റെ മനസ്സില്‍ തട്ടി. അന്നുവരെ കേള്‍ക്കാത്ത സംഗീതമയവും ഭക്തിസാന്ദ്രവുമായ ആ സ്വരം ഹൃദയത്തെ തട്ടിയുണര്‍ത്തി. അര്‍ഥമൊട്ടും അറിയില്ലെങ്കിലും അനിര്‍വചനീയമായ എന്തോ അതിനകത്ത് അടങ്ങിയ പോലെ എന്ന് ലിയാം ഓര്‍മിക്കുന്നു.

ദോല്‍മാ ബാജായ് കൊട്ടാരത്തില്‍

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാനായി കാന്തപുരം ഉസ്താദിനെ ക്ഷണിച്ചിരുന്നു. തിരക്കുകള്‍ കാരണം ഉസ്താദിന് പോകാനാകാതെ വന്നപ്പോള്‍ പകരക്കാരനായി എന്നെ നിയോഗിക്കുകയായിരുന്നു. ഉസ്താദിന്റെ പ്രതിനിധി എന്ന നിലയില്‍ ഗംഭീരമായ സ്വീകരണമാണ് വിമാനം ഇറങ്ങിയത് മുതല്‍ ലഭിച്ചത്. തുര്‍ക്കിയിലെ സുന്നി പണ്ഡിതര്‍ക്കിടയില്‍ പ്രസിദ്ധനാണ് ഉസ്താദ്. നാല് വര്‍ഷം മുമ്പ് ഉര്‍ദുഗാന്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രധാന അതിഥികളിലൊരാളായി ഉസ്താദിനെ ആയിരുന്നു ക്ഷണിച്ചത്. അറബ് ലോകത്തും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം ശൈഖ് അബൂബക്കര്‍ എന്ന നാമം പ്രസിദ്ധമാണ്. ഓരോ വിദേശ യാത്രയിലും ഇന്ത്യക്കാരനാണെന്ന് പറയുമ്പോള്‍ പണ്ഡിതന്മാര്‍ അന്വേഷിക്കും; ശൈഖ് അബൂബക്കറിനെ അറിയുമോ എന്ന്. ശിഷ്യനാണെന്നു പറയുമ്പോള്‍ വിസ്മയം കാണാം അവരുടെ മുഖത്ത്. ഉസ്താദിന്റെ അറിവാഴത്തെയും പുതിയ രചനകളെയും കുറിച്ച് അന്വേഷിക്കും.

നാല് ദിവസത്തെ സമ്മേളനമാണ്. നൂറ് രാജ്യങ്ങളില്‍ നിന്നായി നാനൂറോളം പ്രതിനിധികളുണ്ട്. വന്‍കിട രാഷ്ട്രങ്ങളുടെയും ചെറു രാഷ്ട്രങ്ങളുടെയുമെല്ലാം അംഗങ്ങളുണ്ട്. ഫോസ്ഫറസ് നദീ തീരത്തുള്ള ചരിത്ര പ്രസിദ്ധമായ ഓട്ടോമന്‍ കൊട്ടാരമായിരുന്ന ദോല്‍മാ ബാജായിയിലായിരുന്നു സമ്മേളനം. അവിടെയിരിക്കുമ്പോള്‍ ചരിത്രപരമായ ആ സ്ഥലത്തിന്റെ പ്രാധാന്യം എന്നെ വികാരഭരിതനാക്കി. മുസ്‌ലിം ലോകം ഒരു കാലത്ത് നിയന്ത്രിക്കപ്പെട്ട നഗരിയായിരുന്നുവല്ലോ ഇത്. ഉസ്മാനിയ ഖിലാഫത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ഈ കൊട്ടാരം. 1843 മുതല്‍ 1856 വരെയുള്ള കാലയളവിലാണ് നിര്‍മാണം. സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്‍ ആണ് നിര്‍മിച്ചത്. 1856 മുതല്‍ 1924 വരെ തുര്‍ക്കി ഖിലാഫത്തിന് നേതൃത്വം നല്‍കിയ ആറ് സുല്‍ത്താന്മാരും താമസിച്ചത് ഇവിടെയായിരുന്നു. പതിനൊന്ന് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൊട്ടാരത്തില്‍ 285 റൂമുകളും 46 ഹാളുകളുമുണ്ട്. പരമ്പരാഗത ഓട്ടോമന്‍ വാസ്തുവിദ്യ മാതൃകയിലാണ് നിര്‍മാണം.

മുസ്‌ലിം വിഷയങ്ങള്‍ ഇഴകീറി

കൊട്ടാരത്തിലെ വിശാലമായ ഹാളിലാണ് സമ്മേളനം. പ്രതിനിധികളെല്ലാം എത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രധാനമന്ത്രി ബിന്‍ അലിയ്യില്‍ ദരീം എന്നിവര്‍ വേദിയിലേക്ക് കടന്നുവന്നു. ഉര്‍ദുഗാന്‍ ഒരു വിസ്മയമാണ്. അത്താത്തുര്‍ക്കും അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്ന പലരും മതേതരവത്കരണം എന്ന പേരില്‍ നടത്തിയ, ഇസ്‌ലാമിക സംസ്‌കൃതിയെയും പൈതൃകത്തെയും പിഴുതെറിയാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് ചരിത്രത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് തുര്‍ക്കിക്ക് പുതിയ മുഖം നല്‍കുകയാണ് ഉര്‍ദുഗാന്‍. സൂഫിസത്തോട് താത്പര്യമുള്ള നിലപാടുകളാണ് അദ്ദേഹത്തിന്റെത്. ഭരണാധികാരികള്‍ക്ക് ആധുനിക കാലത്ത് രാഷ്ട്രത്തെ ഭദ്രമായി കൊണ്ടുപോകാന്‍, ചില ശാഠ്യങ്ങള്‍ സ്വീകരിക്കേണ്ടി വരും. ആ നിലയിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരുണ്ട്. പക്ഷേ, ഒരു രാജ്യത്തെ സുസ്ഥിരമായി കൊണ്ടുപോവുക എന്നതാണ് പ്രധാനം. അവിടെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് ജനജീവിതത്തെ ഭീകരമായി ബാധിക്കാനേ കാരണമാകൂ.

ഉര്‍ദുഗാന്‍ പലര്‍ക്കും കണ്ണിലെ കരടാണ് ഇന്ന്. ജര്‍മന്‍ ഫുട്ബാള്‍ താരം മെസ്യൂട് ഓസില്‍ ഈയിടെ വംശീയ അധിക്ഷേപം സഹിക്കാനാവാതെ ദേശീയ ടീമില്‍ നിന്ന് രാജി വെച്ചു. വംശീയ അധിക്ഷേപത്തിന് പ്രധാന നിമിത്തം ഉര്‍ദുഗാനൊപ്പം ഒരു ഫോട്ടോക്ക് പോസ് ചെയ്തതായിരുന്നു. മാതാപിതാക്കള്‍ തുര്‍ക്കി വംശജരാണെന്നും തനിക്കു വേരുകളുള്ള നാടിന്റെ പ്രസിഡന്റിനൊപ്പം നില്‍ക്കുന്നതില്‍ എന്ത് പ്രശ്‌നമാണുള്ളതെന്നും ഉന്നയിച്ച് ഓസില്‍ എഴുതിയ ലേഖനം ഈയിടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഉര്‍ദുഗാന്‍ ഇസ്‌ലാമിക സംസ്‌കാരത്തോട് കാണിക്കുന്ന പ്രതിപത്തി തന്നെയാണ് പടിഞ്ഞാറന്‍ വലതുപക്ഷ മാധ്യമങ്ങളെ അസ്വസ്ഥമാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പുനയം തുറന്നുകാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ടെല്‍ അവീവില്‍ നിന്ന് എംബസി ഖുദ്‌സിലേക്കു മാറ്റാനുള്ള യു എസ് തീരുമാനത്തെയും ജറുസലേം ഇസ്‌റാഈല്‍ തലസ്ഥാനമാക്കി പ്രഖ്യാപിച്ചുള്ള ജൂത നയങ്ങളെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. കൊളോണിയല്‍ ആധിപത്യം എങ്ങനെയാണ് മുസ്‌ലിം മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തിയതെന്നും അള്‍ജീരിയയില്‍ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഫ്രാന്‍സ് വിലകല്‍പ്പിക്കാത്തതും അദ്ദേഹം വിവരിച്ചു. അല്‍ ഖാഇദ പോലുള്ള ഭീകര സംഘടനകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ എടുത്തുപറഞ്ഞു. മുസ്‌ലിംകള്‍ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇത്തരം കലുഷ സംഘടനകളിലേക്ക് പോകരുതെന്ന് ഓര്‍മിപ്പിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് വിഭാഗങ്ങളായി പ്രതിനിധികളെ തിരിച്ചു ചര്‍ച്ചകള്‍ പുരോഗമിച്ചു. ഏഷ്യ, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുടെ സംഘത്തിലായിരുന്നു എന്റെ ഇടം. ആറ് പ്രധാന ശീര്‍ഷകങ്ങളിലായിരുന്നു ചര്‍ച്ചകള്‍. ന്യൂനപക്ഷ മുസ്‌ലിംകളുടെ ഭാവിയും വര്‍ത്തമാനവും, അവകാശങ്ങള്‍, പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍, നിലപാടുകള്‍, വിദ്യാഭ്യാസ മുന്നേറ്റം, മതപ്രസിദ്ധീകരണങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ വന്നു. അറുന്നൂറിലധികം വരുന്ന പ്രതിനിധികള്‍ ഈ വിഷയങ്ങളില്‍ ഗഹനമായ ചര്‍ച്ചകള്‍ നടത്തി. ന്യൂനപക്ഷ മുസ്‌ലിംകളുടെ ഭാവി സുഭദ്രമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. ഇസ്‌ലാമിന്റെ മുഖമുദ്രയായ നീതി, സമത്വം, അപരരോടുള്ള ബഹുമാനം, സ്ത്രീകളോടുള്ള ആദരവ്, സഹിഷ്ണുത, സഹവര്‍ത്തിത്വം, ദേശസ്‌നേഹം, പൗരബോധം തുടങ്ങിയവ എല്ലാവരും മുറുകെപ്പിടിക്കണമെന്നു സമ്മേളനം പ്രമേയം പാസ്സാക്കി.

സമ്മേളനത്തിലെ ശ്രദ്ധേയമായ ഒന്ന്, തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ഓഗ്‌ലോവിന്റെ മൂന്ന് മണിക്കൂര്‍ നീണ്ട പ്രസംഗമാണ്. മതം, സംസ്‌കാരം, രാഷ്ട്രീയം, വിദേശകാര്യം, ദേശീയത എന്നിവയെല്ലാം അടങ്ങിയ സംസാരമായിരുന്നു അത്. തുടര്‍ന്ന് സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും അദ്ദേഹം ശ്രമിച്ചു. എന്റെ ഒരു ചോദ്യത്തിന് ദീര്‍ഘമായാണ് അദ്ദേഹം ഉത്തരം നല്‍കിയത്. തുര്‍ക്കിയിലെ രാഷ്ട്രീയക്കാരൊക്കെ മികച്ച പണ്ഡിതരും നയതന്ത്രജ്ഞരുമാണ് എന്ന് ബോധ്യപ്പെടുത്തിയ ഇടപെടലുകള്‍.

സമ്മേളനത്തിലെ ഒരു ദിവസം ഉച്ചക്ക് ശേഷം ഞങ്ങള്‍ക്ക് വിനോദയാത്രയുണ്ടായിരുന്നു. ഫോസ്ഫറസ്, മര്‍മര കടലുകള്‍ സന്ധിക്കുന്ന, ഇസ്താംബൂളിന്റെ ഏഷ്യന്‍ യൂറോപ്യന്‍ ഭാഗങ്ങള്‍ കൂടിച്ചേരുന്ന യൂറേഷ്യയിലൂടെയൊരു കപ്പല്‍ സഞ്ചാരം. തുര്‍ക്കിയുടെ പുരോഗതിക്കും ഉര്‍ദുഗാന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുമായി പ്രത്യേക പ്രാര്‍ഥന നടന്നു. അറബിയിലും ഇംഗ്ലീഷിലും പ്രാര്‍ഥന നടത്താന്‍ ഈ കുറിപ്പുകാരനെയാണ് തിരഞ്ഞെടുത്തത്.

അയ്യൂബ് സുല്‍ത്താന്റെ ചാരെ

ഏപ്രില്‍ പത്തൊമ്പതിന് സുബ്ഹി നിസ്‌കാരത്തിന് ഞങ്ങളെ കൊണ്ടുപോയത് അയ്യൂബ് സുല്‍ത്താന്‍ മസ്ജിദിലേക്കാണ്. അബൂ അയ്യൂബുല്‍ അന്‍സാരി(റ)വിന്റെ പേരിലെ പള്ളി. ഹിജ്‌റ വേളയില്‍ നബി(സ്വ)യുടെ ഒട്ടകം മുട്ടുകുത്തിയത് ഈ സ്വഹാബിയുടെ വീട്ടുമുറ്റത്ത് ആയിരുന്നല്ലോ. പിന്നീട് ഖുസ്തന്‍തീനിയ്യ (ഇന്നത്തെ ഇസ്താംബൂള്‍) ലക്ഷ്യമാക്കി പ്രബോധന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ടതും അവരായിരുന്നു. ഇവിടെയാണ് മഹാന്റെ അന്ത്യവിശ്രമകേന്ദ്രവും. നാട്ടുകാര്‍ ഇന്നും അവരെ വിളിക്കുന്നത് അയ്യൂബ് സുല്‍ത്താന്‍ എന്നാണ്. നാട്ടിലേക്ക് ദീനിന്റെ വെളിച്ചം കൊണ്ടുവന്നവര്‍ തന്നെയാണല്ലോ ഏറ്റവും വലിയ സുല്‍ത്താന്മാര്‍.

മസ്ജിദുല്‍ ഫാത്തിഹിലായിരുന്നു ഞങ്ങളുടെ ജുമുഅ നിസ്‌കാരം. എ ഡി 1453ലാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിം ഭരണത്തിന് കീഴില്‍ വരുന്നത്. അന്നവിടെ ഭരണാധികാരി മുഹമ്മദ് അല്‍ ഫാത്തിഹ് ആയിരുന്നു. അദ്ദേഹം നിര്‍മിച്ചതും അദ്ദേഹത്തിന്റെ ഖബര്‍ സ്ഥിതിചെയ്യുന്നതുമായ മസ്ജിദ് ആണിത്. ജുമുഅ ഖുതുബയില്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും നിസ്‌കാരാനന്തരം യാസീന്‍ ഓതിയുള്ള സിയാറത്തും നടന്നു. പഴയ ഇസ്താംബൂള്‍ നഗരത്തില്‍ ഓട്ടോമന്‍ ഭരണത്തിന്റെ സുവര്‍ണകാലം അടയാളപ്പെടുത്തുന്ന നിരവധി ചിഹ്നങ്ങള്‍ പ്രൗഢിയോടെ നില്‍ക്കുന്നു. അവ മായ്ച്ചുകളയാന്‍ കമാല്‍ അത്താതുര്‍ക്കിനെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായിരുന്നു. ടോപ്കാപിയും സുല്‍ത്താന്‍ അഹ്മദ് മോസ്‌കും അയാ സോഫിയയും സന്ദര്‍ശിച്ച ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത് എത്ര പ്രതാപത്തോടെയായിരുന്നു ഈ ദേശം കേന്ദ്രീകരിച്ച് ഇസ്‌ലാം ജ്വലിച്ചുനിന്നത് എന്നായിരുന്നു. ഉര്‍ദുഗാന്റെ ദീര്‍ഘകാലമായുള്ള ഭരണത്തുടര്‍ച്ച ഇസ്‌ലാമികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിലേക്കു തുര്‍ക്കിയെ നയിക്കുന്നു.

‘മലബാരിയെ അറിയുമോ?’

യൂറോപ്യന്‍ ഇസ്താംബൂളിലെ എലൈറ്റ് വേള്‍ഡ് ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ആധുനിക തുര്‍ക്കിയുടെ 90 ശതമാനവും ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ്. ബാക്കിയേ യൂറോപ്പ് വരുന്നുള്ളൂ. തലസ്ഥമായ അങ്കാറ ഏഷ്യയിലാണ്. ഇസ്താംബൂള്‍ രണ്ട് ഭൂഖണ്ഡങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ഹോട്ടലില്‍ ഒരു ദിവസം തീന്‍മേശക്ക് ചുറ്റുമിരിക്കുമ്പോള്‍ കൂടെയുള്ളവരുമായി സംസാരിക്കുകയായിരുന്നു. രണ്ട് പേര്‍ ടാന്‍സാനിയയില്‍ നിന്നും കൊറിയ, റുവാണ്ട എന്നിവിടങ്ങളിലെ ഓരോ പ്രതിനിധികളും ആണ് കൂടെ. ചര്‍ച്ചകളില്‍ ഞാന്‍ മലബാര്‍ എന്ന പദം ഉപയോഗിച്ചപ്പോള്‍, ടാന്‍സാനിയക്കാരന്‍ വിസ്മയത്തോടെ നിങ്ങള്‍ മലബാരിയെ അറിയുമോ എന്ന് ചോദിച്ചു. ‘ഏത് മലബാരി?’ ഞാന്‍ തിരിച്ചുചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. ടാന്‍സാനിയ, കെനിയ, സൊമാലിയ, റുവാണ്ട, ബോഡ്‌സാന, സാംബിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ ഒരാളെ ആലിം ( പണ്ഡിതന്‍) എന്ന് വിളിക്കണമെങ്കില്‍ ഫത്ഹുല്‍ മുഈന്‍ ഗഹനമായി പഠിച്ചവര്‍ ആവണമെന്നും മറ്റൊരു ‘മലബാരി’യുടെ കിതാബുല്‍ അദ്കിയ മനഃപാഠമാണ് എന്നും അദ്ദേഹം വിവരിച്ചു. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനെ പറ്റിയാണ് അവര്‍ സംസാരിക്കുന്നതെന്ന് മനസ്സിലാക്കി. മര്‍കസ് ശരീഅ കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ ഞങ്ങള്‍ ‘മലബാരി’ ദര്‍സ് നടത്തിയ പൊന്നാനി പള്ളിയിലെ വിളക്കത്തിരുത്തി ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള കിതാബുകളുടെ ഇജാസത് (അധ്യാപനാംഗീകാരം) നല്‍കാറുണ്ടെന്ന് പറഞ്ഞപ്പോള്‍, എന്നാല്‍ ഒരിക്കല്‍ അതിനായി ഞങ്ങളുമെത്തും എന്നവര്‍ പറഞ്ഞു. ഫത്ഹുല്‍ മുഈനെ പ്രകീര്‍ത്തിച്ച് ശൈഖ് ഫരീദ് ബിന്‍ മുഹിയിദ്ദീന്‍ എഴുതിയ കവിത ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ അതെഴുതി നല്‍കണം എന്നായി അവര്‍. കൂടാതെ, അരീക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ ഫത്ഹുല്‍ മുഈന്റെ മത്ന്‍ കാവ്യത്തിലാക്കി എന്ന വിവരം കൈമാറിയപ്പോള്‍ അതിന്റെ ചില ഭാഗങ്ങളും ചൊല്ലിച്ചു. ഈ കാവ്യ ഗ്രന്ഥത്തിന്റെ ഒരു കോപ്പി കൈമാറണം എന്നാവശ്യപ്പെട്ട് അവര്‍ മേല്‍വിലാസവും തന്നു.
നാട്ടിലേക്ക് തിരികെ വരുമ്പോള്‍ തുര്‍ക്കി സമ്മാനിച്ച അനുഭവങ്ങളുടെയും അറിവുകളുടെയും അനുഭൂതിയായിരുന്നു ഹൃദയം നിറയെ. തുര്‍ക്കിക്കാരുടെ സ്‌നേഹവായ്പുകളും ആതിഥേയത്വവും ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നു.
.