ഉത്സവാന്തരീക്ഷത്തില്‍ അക്ഷര മുറ്റങ്ങള്‍; ആദ്യദിനം ആഘോഷമാക്കി കുരുന്നുകള്‍

Posted on: September 3, 2018 3:34 pm | Last updated: September 3, 2018 at 3:34 pm
SHARE

ഷാര്‍ജ: വേനലവധി കഴിഞ്ഞ് ഇന്നലെ വിദ്യാലയങ്ങളിലേക്ക് കുട്ടികളെത്തിയത് ആഹ്ലാദത്തോടെയും അതിലേറെ ആവേശത്തോടെയും. കുരുന്ന് വിദ്യാര്‍ഥികള്‍ ആദ്യ ദിനം ആഘോഷമാക്കി. നഴ്‌സറി, കിന്റര്‍ ഗാര്‍ട്ടന്‍ കുട്ടികള്‍ക്കാണ് പ്രവേശനം ഉത്സവമായത്. കളര്‍ ഡ്രസ്സണിഞ്ഞാണ് കുരുന്നുകള്‍ ക്ലാസുകളിലെത്തിയത്. ബാക് ടു സ്‌കൂള്‍ പ്ലേ കാര്‍ഡുകളും ബലൂണുകളും മറ്റും കൈയിലേന്തിയ കുരുന്നുകള്‍ അക്ഷരമുറ്റത്ത് അണിനിരന്നു. അധ്യാപകരും ഒപ്പമുണ്ടായിരുന്നു. കൈകളുയര്‍ത്തിയും ബലൂണുകള്‍ പറത്തിയും ആഹ്ലാദം പ്രകടിപ്പിച്ചു. വാദ്യമേളങ്ങള്‍ കൊഴുപ്പേകി. വര്‍ണ ശബളമായ ഘോഷയാത്ര നടത്തി. സ്‌കൂള്‍ മുറ്റങ്ങളില്‍ ഇത് ഉത്സവാന്തരീക്ഷം പകര്‍ന്നു.
രണ്ടുമാസത്തിലേറെ നീണ്ട വേനലവധിക്കുശേഷമാണ് രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ തുറന്നത്. ഇതോടെ ഒച്ച നിലച്ചിരുന്ന അക്ഷരമുറ്റങ്ങള്‍ വീണ്ടും ഉണര്‍ന്നു. ഇനി ശൈത്യകാല അവധി ആരംഭിക്കുന്ന ഡിസംബര്‍ വരെ വിശ്രമവും അവധിയുമില്ലാത്ത പഠനമാണ് വിദ്യാര്‍ഥികള്‍ക്ക്.
ആഹ്ലാദത്തോടെയാണ് അവധികഴിഞ്ഞെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ സ്‌കൂളിലേക്ക് വരവേറ്റത്. താഴ്ന്ന ക്ലാസുകളിലെ കുട്ടികളെ അധ്യാപകര്‍ ആനയിച്ചു. ഓരോ സ്‌കൂളുകളിലും വൈവിധ്യമാര്‍ന്ന രീതിയിലാണ് എതിരേല്‍ക്കല്‍. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ കെ ജി ടു ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മുറ്റത്ത് വര്‍ണശബളമായ ഘോഷയാത്ര നടത്തി.

വാദ്യമേളങ്ങളോടെ നടത്തിയ ഘോഷയാത്രയില്‍ ക്ലാസ് അധ്യാപകരും അണിനിരന്നു. ബലൂണുകളും പ്ലക്കാര്‍ഡുകളും കൈകളിലേന്തിയായിരുന്നു ഘോഷയാത്ര.
ഇന്ത്യന്‍ വിദ്യാലയങ്ങള്‍ക്കു നിലവിലുള്ള അധ്യയനവര്‍ഷത്തിന്റെ തുടര്‍ച്ചയും പൊതു വിദ്യാലയങ്ങള്‍ക്ക് പുതിയ അധ്യായനവര്‍ഷത്തിന്റെ തുടക്കവുമായിരുന്നു ഇന്നലെ. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ചത്.
പല വിദ്യാലയങ്ങളിലും ആദ്യദിവസം കുട്ടികളുടെ ഹാജര്‍ നിലയില്‍ കുറവുണ്ടായി. മുഴുവന്‍ കുട്ടികളും നാട്ടില്‍ നിന്ന് മടങ്ങിയെത്താത്തതാണ് കാരണമെന്ന് പറയുന്നു. കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് പ്രവാസികളായ ചില കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ടെന്നും വിവരമുണ്ട്. അവധിക്കെത്തിയപ്പോള്‍ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ക്ലാസുകളിലെത്തുകയായിരുന്നുവെങ്കിലും ഭൂരിഭാഗം കുട്ടികളും അവരുടെ കുടുംബങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു മടക്കം.
വിദ്യാലയങ്ങള്‍ തുറന്നതോടെ നാടും നഗരവും വീണ്ടും സജീവമായി. നിരത്തുകള്‍ വാഹനങ്ങള്‍കൊണ്ടു നിറഞ്ഞു. പലയിടങ്ങളിലും രാവിലെ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബസുകള്‍ കുട്ടികളുമായി സ്‌കൂളിലെത്താന്‍ ഏറെ വൈകി. ഷാര്‍ജയുടെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. പ്രത്യേകിച്ച് ദുബൈയിലേക്കുള്ള റോഡുകളില്‍.

സ്‌കൂള്‍ തുറക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ പോലീസും അധികൃതരും കൈക്കൊണ്ടിരുന്നു. ഗതാഗതക്കുരുക്ക് നീക്കാന്‍ പലയിടത്തും പോലീസ് സാന്നിധ്യവുമുണ്ടായിരുന്നു. തടസ്സങ്ങളില്ലാതെ വിദ്യാര്‍ഥികള്‍ക്ക് സഞ്ചരിക്കാനും സ്‌കൂളുകളില്‍ സുരക്ഷിത അന്തരീക്ഷമൊരുക്കാനും പ്രത്യേകം നടപടി വിവിധ എമിറേറ്റുകളിലെ പോലീസ് വിഭാഗം കൈക്കൊണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here