Connect with us

Kerala

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായവര്‍ക്ക് ബിഗ് സല്യൂട്ട്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പെട്ടവരെ സ്വന്തം സഹോദരന്മാരായി കണ്ട് സാഹസിക രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ കക്ഷിഭേദമില്ലാത്ത ഒത്തൊരുമയാണ് ഉണ്ടായതെന്നും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ഇത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണയുണ്ടായത്. സാധാരണയില്‍ കവിഞ്ഞ കാലവര്‍ഷമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരിക്ഷണ വിഭാഗം അറിയിച്ചിരുന്നു. എന്നാല്‍ പ്രവചിച്ചതിലും അധികം മഴയാണ് സംസ്ഥാനത്തുണ്ടായത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 15 വരെ 98.5 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 352.2 മില്ലീമീറ്ററാണ്. ശക്തമായ മഴയിലും കാറ്റിലും ഉരുള്‍പൊട്ടലിലും 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയിലാണ്. ഓഗസ്റ്റ് 21ന് കാലവര്‍ഷം ശക്തിയാര്‍ജിച്ച ശേഷം 3,91,494 കുടുംബങ്ങളില്‍ നിന്നായി 14,50,707 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞു. നിലവില്‍ 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 പേര്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രക്ഷാദൗത്യം പൂര്‍ത്തിയാക്കി പുനരധിവാസത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി പുനര്‍നിര്‍മാണമെന്ന വലിയ ലക്ഷ്യം ഏറ്റെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.