ആംബുലന്‍സ് വെന്റിലേറ്ററിലെ ഓക്‌സിജന്‍ തീര്‍ന്നു; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

Posted on: August 28, 2018 1:12 pm | Last updated: August 28, 2018 at 6:36 pm
SHARE

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആംബുലന്‍സ് വെന്റിലേറ്ററിലെ സിലിണ്ടറിലുണ്ടായിരുന്ന ഓക്‌സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് അഞ്ച് വയസുകാരി മരിച്ചു. ന്യൂമോണിയ ബാധിച്ച ബുല്‍ബുല്‍ കുഡിയം എന്ന കുട്ടിയാണ് മരിച്ചത്. അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് ബിജാപുര്‍ ജില്ലാ ആശുപത്രിയില്‍നിന്നും 160കി.മി അകലെയുള്ള ജഗ്ദല്‍പുര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവെയാണ് സംഭവം. ടോക്പാല്‍ എന്ന സ്ഥലത്ത് വെച്ച് ഓക്‌സിജന്‍ തീരുകയായിരുന്നു.

അവിടെയുള്ള ആശുപത്രിയിലെത്തി ഓക്‌സിജന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 108 ആംബുലന്‍സിലെ മെഡിക്കല്‍ ടെക്‌നീഷന്‍ മറ്റൊരിടത്തായിരുന്നതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കൂടെ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെന്നും ബിജാപുര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കുമായിരുന്നുവെന്നും ഡോ.പൂജാരി പറഞ്ഞു. അതേ സമയം ആംബുലന്‍സ് ഡ്രൈവര്‍ ഓക്‌സിജന്‍ തീര്‍ന്ന കാര്യം അധിക്യതരെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബിജാപൂര്‍ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.