Connect with us

Articles

കേരളത്തിന് എന്തിനിത്ര അണക്കെട്ടുകള്‍?

Published

|

Last Updated

“ഭയങ്കര സത്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ മനുഷ്യര്‍ കുറേ നുണകള്‍ വിശ്വസിച്ചേ മതിയാകൂ”- മരിയാ വര്‍ഗാസ് യോസ എന്ന ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്റെ പ്രസിദ്ധമായ വാക്കാണിത്. ഇപ്പോള്‍ ഇത് ഉദ്ധരിക്കാന്‍ കാരണം കേരളത്തെ നൂറ്റാണ്ടിലെ സമാനതയില്ലാത്ത ദുരന്തത്തില്‍ മുക്കിക്കളഞ്ഞ വെള്ളപ്പൊക്കത്തിന്റെ കെടുതികളുടെ കാരണത്തെ കുറിച്ച് ചില അപ്രിയസത്യത്തിലേക്ക് ചിന്തകള്‍ ചെന്നെത്തുന്നതാണ്. ഇത്രയും കാലം നമ്മെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന വികസനമെന്ന കാഴ്ചപ്പാടിനുള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന മാരകമായ സംഹാരത്വര അതിന്റെ സകലമാന രൗദ്രഭാവങ്ങളോടെയും താണ്ഡവമാടിയ കേരളത്തില്‍ ഏറ്റവും വലിയ വിനയായത് എന്തെന്ന് ആലോചിക്കുമ്പോള്‍ സത്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വികസനത്തിന്റെ പേരില്‍ നമ്മെ അടിച്ചേല്‍പ്പിച്ച ഭീകരമായ നുണകളെ നമ്മള്‍ തിരിച്ചറിയേണ്ടിവരും. മഴക്കെടുതി അല്ലെങ്കില്‍ തകര്‍ത്ത് പെയ്ത അതിവര്‍ഷം, കോരിച്ചൊരിഞ്ഞപേമാരി.

. എന്നൊക്കെ വിശേഷിപ്പിച്ച് മഴയെ മാത്രം പ്രതിക്കൂട്ടില്‍ നിറുത്താന്‍ വെമ്പല്‍ കൊള്ളുന്ന പലരും ആ മഴവെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ കെട്ടിപ്പൊക്കിയ അണക്കെട്ടുകളെ കുറിച്ച് അധികമൊന്നും ചിന്തിച്ചു കാണുന്നില്ല. ഇടനാട്ടിലും വടക്കന്‍ ജില്ലകളിലും ഹൈറേഞ്ചിലുമെല്ലാം അനേകം പേരുടെ ജീവനെടുക്കുകയും മലയും കുന്നും അഗ്‌നിപര്‍വതം പൊട്ടി ലാവ ഒലിച്ചിറങ്ങും പോലെ ഒഴുകിപ്പോകുകയും റോഡുകളും വീടുകളും പൊളിച്ചടുക്കി നാശം വിതക്കുകയും ചെയ്ത മലവെള്ളപ്പാച്ചിലിന് ഹേതുവായത് നിറുത്താതെ പെയ്തിറങ്ങിയ മഴ മാത്രമായിരുന്നില്ല. പുരോഗമനത്തിന്റെ മഹാസ്തംഭങ്ങളായി നമ്മള്‍ കെട്ടിപ്പൊക്കിയ അണക്കെട്ടുകളില്‍ വെള്ളം അനിയന്ത്രിതമായി പൊങ്ങിക്കൊണ്ടിരുന്നപ്പോള്‍ അണക്കെട്ടുകള്‍ക്ക് നമ്മള്‍ സ്വാതന്ത്ര്യം നല്‍കി അവയെ തുറന്നു വിടണമെന്നായി. അങ്ങനെയാണ് രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കേണ്ട നാളുകളില്‍ നാം മലയാളികള്‍ അണക്കെട്ടുകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഭീകരമായ വെള്ളപ്പാച്ചിലില്‍ നിലയില്ലാകയങ്ങളില്‍ കര കേറാനാകാതെ മുങ്ങിക്കൊണ്ടിരുന്നത്. ഇത് അനിവാര്യമായ ചില പുനര്‍വിചിന്തനങ്ങള്‍ക്ക് വഴിവെക്കുന്നു എന്നതില്‍ സംശയമില്ല.

അണക്കെട്ടുകള്‍ തുറന്നു വിടേണ്ടിയിരുന്ന സമയത്ത് തന്നെയാണ് ബന്ധപ്പെട്ടവര്‍ അതു തുറന്നു വിട്ടത്. അതില്‍ തര്‍ക്കമൊന്നുമില്ല. തര്‍ക്കിക്കുന്നവരുടെ ലക്ഷ്യം രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള പിടിവള്ളി തിരയലായി കണ്ടാല്‍ മതിയാവും. അതല്ല ഇവിടെ വിഷയം. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്ത് ഇത്രമാത്രം അണക്കെട്ടുകള്‍ വേണമോ എന്ന ചിന്തക്ക് പ്രസക്തി ഏറെയാണ്. പുരോഗമനത്തിന്റെ പേരില്‍ ഭൂമിയുടെ ഒട്ടുമുക്കാലും ഭാഗം പല തരം നിര്‍മിതികള്‍ക്കായി ഇടിച്ചു നിരപ്പാക്കി കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്നു വന്നതോടെ ഭൂമിക്ക് വെള്ളത്തെ മുന്‍കാലങ്ങളെപ്പോലെ സ്വീകരിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് മഴവെള്ള മായാലും അണക്കെട്ടുകള്‍ വഴി തുറന്നുവിട്ട വെള്ളമായാലും അത് ഗതി മാറി ഒഴുകാന്‍ തുടങ്ങിയതെന്നോര്‍ക്കണം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി തട കെട്ടി നിറുത്തിയിട്ടുള്ള അണക്കെട്ടുകളാണ് നമുക്കേറെയുള്ളത്. ഇതില്‍ ക്രമാതീതമായി വെള്ളം നിറയുകയും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനക്കുകയും ചെയ്യുമ്പോള്‍ മുന്നറിയിപ്പുകള്‍ നല്‍കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നുവിട്ടില്ലെങ്കില്‍ പിന്നെ സംഭവിക്കുന്ന ദുരന്തങ്ങള്‍ ഊഹാതീതമാകും. അത്തരം ഘട്ടത്തില്‍ തന്നെയാണ് ഷട്ടറുകള്‍ ഓരോന്നായി തുറന്നു വിട്ടത്. എന്നിട്ടും ചെങ്ങന്നൂര്‍ മുതല്‍ ആലുവ, പറവൂര്‍, നെടുമ്പാശ്ശേരി, തൃശൂര്‍ ജില്ലയുടെ പല കോള്‍ നിലങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാം സ്ഥിതി നിയന്ത്രണാതീതമായി.
അണക്കെട്ടുകള്‍ ഇല്ലാത്ത വടക്കന്‍ കേരളത്തിന്റെ മലയോര പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുകള്‍ അടക്കമുള്ള ദുരന്തങ്ങളും റോഡുകളും പാലങ്ങളും ഒലിച്ചുപോകലും യഥേഷ്ടം നടന്നു. പക്ഷേ മഴയുടെ ശക്തിയും തീവ്രതയും കുറയുന്നതിനനുസരിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ നിലമ്പൂര്‍ മലയോര മേഖലകളിലടക്കം വെള്ളക്കെട്ടുകള്‍ എളുപ്പത്തില്‍ നിയന്ത്രണ വിധേയമാവുകയും ചെയ്തു. ഇതില്‍ നിന്നു നമുക്ക് ബോധ്യമാകുന്ന ഒരു കാര്യം അണക്കെട്ടുകളുടെ അശാസ്ത്രീയമായ എണ്ണപ്പെരുപ്പത്താല്‍ വരുംകാലങ്ങളിലും ദുരന്തങ്ങളുടെ തനിയാവര്‍ത്തനങ്ങളെ തള്ളിക്കളയാനാവില്ലെന്നാണ്.

അതിജീവനത്തിന്റെ കാര്യത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ലോകത്തിനു തന്നെ മാതൃക കാണിച്ചു കൊണ്ട് ഇപ്പോള്‍ കേരളത്തെ പുതുക്കിപ്പണിയാനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളിക്ക് മുമ്പില്‍ ഇനി ചില പുനര്‍വിചിന്തനങ്ങളും ആത്മ പരിശോധനകളും ആകാം. അതില്‍ പ്രധാനമായത് പുരോഗതിയുടെ ബാനറില്‍ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും പരുക്കേല്‍പ്പിക്കുന്ന നിര്‍മിതികളോട് വിട പറയാന്‍ സമയമായി എന്നു തന്നെയാണ്. ദീര്‍ഘദൃഷ്ടി എന്നത് എതു വികസന മാര്‍ഗത്തിന്റേയും മുമ്പില്‍ മാനദണ്ഡമാകേണ്ട ഒന്നാണ്. കേരളത്തില്‍ എന്തിനാണ് ഇത്രമാത്രം അണക്കെട്ടുകള്‍ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ചോദ്യമുയര്‍ത്തിയതാണ് അരുന്ധതി റോയി. അതുപോലെത്തന്നെയാണ് ഈയടുത്ത കാലത്ത് വന്ന പശ്ചിമഘട്ട സംരക്ഷണവുമായി ഉയര്‍ന്നു വന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അന്നത് പൂര്‍ണമായി ഉള്‍ക്കൊണ്ട് നടപ്പാക്കിയിരുന്നുവെങ്കില്‍ പശ്ചിമഘട്ടത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ സംഭവിച്ചതു പോലുള്ള മണ്ണൊലിപ്പും ഉരുള്‍പൊട്ടലും സംഭവിക്കില്ലായിരുന്നുവെന്നൊരു വാദം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. പണ്ട് വയലുകള്‍ നിരത്തി അശാസ്ത്രീയമായി നിര്‍മാണങ്ങള്‍ നടക്കുന്നതിനെതിരെ നെല്‍വയല്‍ സംരക്ഷണവുമായി വി എസ് അച്യുതാനന്ദന്‍ സമരരംഗത്തെത്തിയപ്പോള്‍ വി എസിനെ “വെട്ടിനിരത്തല്‍ ആശാന്‍” എന്ന വിശേഷണം ചാര്‍ത്തി പുരോഗമന വിരോധിയായി ചിത്രീകരിക്കാന്‍ മുന്നില്‍ നിന്നവരടക്കം ഇപ്പോള്‍ പരിസ്ഥിതി, ആവാസ വ്യവസ്ഥാ സംരക്ഷക വേഷത്തില്‍ കളം നിറഞ്ഞാടുന്നത് കൗതുകകരമാണ്. നമ്മള്‍ വികസന മാതൃകയായി കണക്കാക്കുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വന്‍കിട അണക്കെട്ടുകളുടെ നിര്‍മാണത്തില്‍ നിന്നും എന്നോ പിന്തിരിഞ്ഞു എന്നാണ് കേള്‍ക്കുന്നത്. അതേസമയം, വന്‍കിട അണക്കെട്ടുകളുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നാണ് കണക്കാക്കുന്നത്. അതും ലോകത്തിലെ ഏറ്റവും വലിയ വികസന സാധ്യതയായി നമ്മുടെ ഭരണാധികാരികള്‍ സ്വപ്‌നം കാണുന്ന “നര്‍മ്മദവാലി” അണക്കെട്ട് പൂര്‍ത്തിയാവുന്നതിനും മുമ്പാണീ മൂന്നാം സ്ഥാനം എന്നോര്‍ക്കുക. ഇന്ത്യയില്‍ ജനസംഖ്യയുടെ 70 ശതമാനത്തിലേറെയാളുകള്‍ ജീവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അതായത് 700 ദശലക്ഷത്തിലേറെ ജനങ്ങള്‍ പൂര്‍ണമായും പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉയര്‍ന്നു വരുന്ന ഏത് വന്‍കിട അണക്കെട്ടുകളും കെട്ടിപ്പൊക്കാന്‍ ലക്ഷക്കണക്കിനാളുകളെ കുടി ഒഴിപ്പിക്കുകയും നിരവധി ഗ്രാമങ്ങളെ വെള്ളത്തില്‍ മുക്കിക്കളയലും അത്യാവശ്യമായി വരികയും ചെയ്യും.

കേരളത്തിനു പുറത്തുള്ള അത്രയൊന്നും ജനസാന്ദ്രതയും നഗരവത്കരണവും നടന്നിട്ടില്ലാത്ത ഒരിന്ത്യയിലെ സ്ഥിതി ഇതാണെങ്കില്‍ ഏറെക്കുറെ വികസിത പട്ടികയില്‍ എത്തി നില്‍ക്കുന്ന ഗ്രാമങ്ങള്‍ നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളും വീടുകളും റോഡുകളും ഷോപ്പിംഗ് മാളുകളും അംബരചുംബികളായ മന്ദിരങ്ങളും കൊണ്ട് സമൃദ്ധമായ കേരളത്തിന് ഇനി എങ്ങനെയാണ് അശാസ്ത്രീയമായ നിര്‍മിതികളെ കുറിച്ചും മലയും മണ്ണും പാറയും കുന്നും തുരന്നു കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന വികസനങ്ങളെ കുറിച്ചും ചിന്തിക്കാനാകുക?
നമ്മുടെ നിലനില്‍പ്പിനാവശ്യമായ ഈയൊരു സത്യം നമ്മള്‍ ഉള്‍ക്കൊള്ളണമെങ്കില്‍ വികസനത്തിന്റെ പേരില്‍ എഴുന്നള്ളിക്കുന്ന വലിയ നുണകളെ കുറിച്ച് നമ്മള്‍ ബോധവാന്മാരായേ തീരൂ. അത്തരം ചിന്തകളിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോകല്‍ എളുപ്പമാക്കുകയാണ് 2018 സമ്മാനിച്ച ഈ വെള്ളപ്പൊക്കവും അതിന്റെ പ്രത്യാഘാതമായി സംഭവിച്ച വിപത്തുകളും. തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കുമ്പോഴും ഇത്തരം പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നമ്മുടെ അധികൃതരുടെ ചിന്താമണ്ഡലങ്ങളില്‍ നടക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

Latest