ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങി

Posted on: August 19, 2018 9:25 am | Last updated: August 19, 2018 at 9:25 am

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ബസ്, ട്രെയിന്‍ ഗതാഗതം ചിലയിടങ്ങളില്‍ പുനഃസ്ഥാപിച്ചു. കോട്ടയം- എറണാകുളം- റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ആരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ കെ എസ് ആര്‍ ടി സി ഇന്നലെ 2,598 സര്‍വീസുകള്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്.

ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാന്‍ റെയില്‍വേ ഇന്നലെ കൂടുതല്‍ കണക്ഷന്‍ ട്രെയിന്‍ സര്‍വീസുകളും നടത്തി. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം- കോട്ടയം- എറണാകുളം റൂട്ടില്‍ ഇന്നലെ വൈകീട്ട് നാല് മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു. അതേസമയം തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തി.
കായംകുളം- കോട്ടയം- എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ട്രയല്‍ റണ്‍ ഉടന്‍ നടത്തും. ഈ പാതയിലെ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റെയില്‍വേ അറിയിച്ചു. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങളിലെ ജോലികളും പരിശോധനയും പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം. കോഴിക്കോട്ട് നിന്ന് മംഗളൂരുവിലേക്ക് ഇന്നലെ വൈകീട്ട് അഞ്ചിനും രാത്രി ഒമ്പതിനും പാസഞ്ചര്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പുറപ്പെട്ടു.

പാലക്കാട്ട് നിന്ന് കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചു. എറണാകുളം- കാരിക്കല്‍ എക്‌സ്പ്രസ് ഇന്ന് വെളുപ്പിന് 1.40ന് പാലക്കാടുനിന്ന് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി 12.45ന് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിച്ചു. അതേസമയം ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി തുടരുകയാണ്. യശ്വന്ത്പുര്‍- കണ്ണൂര്‍(1652627), ബെംഗളൂരു- കണ്ണൂര്‍- കാര്‍വാര്‍(1651113), ബെംഗളൂരു- കന്യാകുമാരി(1652526) ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി(1267778) കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും. കേരള ആര്‍ ടി സിയും കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ കോഴിക്കോട്ടേക്കും ദിണ്ടിഗല്‍, തിരുനെല്‍വേലി വഴി തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്.
സാധാരണ ദിവസങ്ങളില്‍ 5,500 സര്‍വീസുകളാണ് കെ എസ് ആര്‍ ടി സി നടത്തുന്നത്. ഇന്നലെ നടത്തിയ സര്‍വീസുകള്‍: സൗത്ത് സോണ്‍ 1,394 സെന്‍ട്രല്‍ സോണ്‍ 409, നോര്‍ത്ത് സോണ്‍ 795. 176 ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. റാന്നി, മല്ലപ്പള്ളി, പിറവം, എടത്വ, ചാലക്കുടി, കട്ടപ്പന, ആലുവ, ചങ്ങനാശ്ശേരി, അങ്കമാലി ബസ് സ്റ്റേഷനുകള്‍ വെള്ളത്തില്‍ മുങ്ങി. 15 ബസ് സ്റ്റേഷനുകളില്‍ വെള്ളം കയറി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പല സ്ഥലങ്ങളിലും സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.