Connect with us

Kerala

ജയരാജന്റെ സത്യപ്രതിജ്ഞ യു ഡി എഫ് ബഹിഷ്‌കരിക്കും

Published

|

Last Updated

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരിച്ചെത്തുന്ന ഇ പി ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് യു ഡി എഫ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യു ഡി എഫ് ജില്ലാ ഭാരവാഹികളുടെ യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ പി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അധാര്‍മിക നടപടിയാണ്. വിജിലന്‍സ് കുറ്റവിമുക്തനാക്കിയതുകൊണ്ടുമാത്രം ജയരാജന്‍ കുറ്റക്കാരനല്ലാതാകുന്നില്ല. ഈ സാഹചര്യത്തില്‍ നേരത്തെ ജയരാജനെ രാജിവെപ്പിച്ച നടപടി തെറ്റായിരുന്നെന്ന് സി പി എം ജനങ്ങളോട് ഏറ്റുപറയണം. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ജയരാജനെ കുറ്റവിമുക്തനാക്കാന്‍ വിസമ്മതിച്ചതിനാണെന്ന് ചെന്നിത്തല ആരോപിച്ചു.

സി പി എമ്മിന്റെ നടപടി ജനങ്ങളോടുള്ള ക്രൂരതയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. വലിയ ആദര്‍ശം പറയുന്ന സി പി ഐ ഇപ്പോള്‍ ക്യാബിനറ്റ് റാങ്കോടെ ചീഫ്‌വിപ്പ് പദവി സ്വീകരിച്ചിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ പി സി ജോര്‍ജിന് പദവി നല്‍കിയപ്പോള്‍ വിമര്‍ശിച്ചിരുന്ന സി പി ഐ, ഈ സാഹചര്യത്തില്‍ മുന്‍കാല പ്രാബല്യത്തോടെ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest