പുറപ്പെട്ടുപോകേണ്ടവരുടെ വിധി

അസമിലെ ആയിരക്കണക്കിന് എന്‍ ആര്‍ സി സേവാ കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ പൗരത്വ പട്ടികക്ക് പുറത്തായവരുടെ നീണ്ട നിരകളാണ് ഇപ്പോഴത്തെ കാഴ്ച. ഇതോടെ കടുത്ത സാമൂഹിക അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്രയുമധികമാളുകള്‍ അസമിനും രാജ്യത്തിനും ബാധ്യതയാണെന്നായി.
Posted on: August 9, 2018 1:08 pm | Last updated: August 9, 2018 at 1:08 pm
SHARE

നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ ഓഫ് ഇന്ത്യ നാല്‍പ്പത് ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റിയേഴ് ആളുകളുടെ പേരില്ലാത്ത പൗര വിവരപട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആദ്യ പട്ടിക 2017 ഡിസംബറില്‍ പുറത്തിറക്കിയപ്പോള്‍ ഒന്നര ലക്ഷം പേരായിരുന്നു പുറത്തെങ്കില്‍ ഇത്തവണ അത് അരക്കോടിയെത്താന്‍ ഏതാനും അക്കങ്ങളേ വേണ്ടൂ. രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായും 1947ലും 1971ലും ബംഗ്ലാദേശില്‍ നിന്നുണ്ടായ കുടിയേറ്റത്തെ മുന്‍നിര്‍ത്തിയാണ് അസമിലുള്ളവരുടെ ഇന്ത്യന്‍ പൗരത്വം ഒരു പ്രശ്‌നമാകുന്നത്. അതുകൊണ്ടുതന്നെ 1951ലെ സെന്‍സസിനും ബംഗ്ലാദേശ് രൂപവത്കരണം നടന്ന 1971 മാര്‍ച്ച് 24ന് അര്‍ധരാത്രിക്ക് മുമ്പായി വന്ന, ഏതെങ്കിലും വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് പൗരനാണെന്ന സാക്ഷ്യപത്രം കിട്ടുക. അതുപോലെ 1966ന് ശേഷമോ 1971ന് മുമ്പോ ആയി വന്ന കേന്ദ്ര സര്‍ക്കാര്‍ നിയമാനുസൃതമുള്ള പ്രാദേശിക തലത്തിലുള്ള വിദേശികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥവൃന്ദം അനധികൃത കുടിയേറ്റക്കാരെന്ന് സാക്ഷ്യപ്പെടുത്താത്തവര്‍ക്കും സമാനസാഹചര്യമുള്ള മറ്റ് ചില വിഭാഗക്കാര്‍ക്കുമാണ് എന്‍ ആര്‍ സി പട്ടികയില്‍ സാധ്യതയുള്ളത്.

അസമിലെ ഈ പ്രശ്‌നം 1947ന് മുമ്പേയുള്ളതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ അസം അടക്കമുള്ള ഈ പ്രദേശങ്ങളിലെ തേയില, കാപ്പിത്തോട്ടങ്ങളിലേക്ക് പലയിടത്തു നിന്നും തൊഴിലാളികളെ കൊണ്ടുവന്നിട്ടുണ്ട്. അവരുടെ പിന്മുറക്കാരെ പോലും അസമിലെ തീവ്രചിന്താഗതിക്കാരായ വലിയ ഒരു വിഭാഗം ജനങ്ങളും അംഗീകരിക്കില്ല. കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നത് ഇവിടെയാണ്.

അസം ഗണ പരിഷത്തിനും അസമീസ് വികാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ചില വിദ്യാര്‍ഥി സംഘടനകള്‍ക്കും ബംഗാളി സ്വത്വത്തോടുള്ള പ്രകടമായ വെറുപ്പാണ് അപകടകരമായ ഒരു സാഹചര്യം. ബംഗ്ലാദേശികളെന്ന രീതിയിലാണ് ബംഗാളില്‍ നിന്ന് സമീപകാലത്ത് തൊഴില്‍ തേടിയോ മറ്റോ അസമില്‍ വന്നവരെ പോലും കാണുന്നത്. ഇത് അസമീസ്- ബംഗാളി സ്വത്വ താത്പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമായി മാറിയേക്കാനാണ് സാധ്യത. മുമ്പ് ബോംബെയിലുണ്ടായ ദക്ഷിണേന്ത്യന്‍വിരുദ്ധ കലാപങ്ങള്‍ക്കും ദില്ലിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെയുണ്ടായ അക്രമസംഭവങ്ങള്‍ക്കും സമാനമായ ഒന്ന് അസമിലും ബംഗാളിലും നടക്കാം. ഇതിനോടകം പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ പൗരത്വ വിഷയം ബാധിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വരെ കലാപം തുടങ്ങി. ബംഗാളികളെ കാര്യമായി ബാധിക്കുന്ന വിഷയമായതിനാലാണ് മമത ബാനര്‍ജിക്ക് ആശങ്ക. എന്നാല്‍, അസമിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് ഈ പട്ടിക അസമീസ് ജനതയുടെ ഏറെ നാളത്തെ കാത്തിരിപ്പാണെന്നാണ്. യഥാര്‍ഥ അസമികളുടെ സംസ്ഥാനമാണിത്. അത് കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നാണ്.

ദേശരാഷട്ര സങ്കല്‍പ്പകാലത്തെ അഭയാര്‍ഥികളുടെ സാഹചര്യം ഏറെ ദയനീയമാണ്. ലോകത്ത് ഏറ്റവും പീഡിപ്പിക്കപ്പെടുന്ന വിഭാഗം അഭയാര്‍ഥികളാണ്. അതിരുകളില്ലാത്ത ലോകമെന്ന് പറയുമ്പോഴും നിറയെ അപരവത്കരണത്തിന്റെ, വംശീയതയുടെ മുള്‍വേലികളും മതിലുകളുമാണ്. എവിടെയും സ്വീകാര്യരല്ലാത്ത ശപിക്കപ്പെട്ട ജനതയായി അഭയാര്‍ഥികള്‍ മാറുന്നു. ലോകത്ത് എല്ലാ മനുഷ്യരും അനുഭവിക്കേണ്ട സ്വാഭാവിക നീതിയാണ് എവിടെയെങ്കിലും പൗരത്വമുണ്ടായിരിക്കുക എന്നത്. ജനിച്ചു വളര്‍ന്നിടത്ത് പോലും അതില്ലാതാകുന്ന സാഹചര്യം എത്ര ദയനീയമായിരിക്കും. മനുഷ്യത്വ പരിഗണനയാണ് വേണ്ടത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശത്തെയാണ് ഉദ്‌ഘോഘോഷിക്കുന്നത്. അതൊന്നും പരിഗണിക്കുന്ന മട്ടേയില്ല.

ഇത്രയധികം പേര്‍ പട്ടികക്ക് പുറത്താകുന്നതിന്റെ ആഘാതം വളരെ സങ്കീര്‍ണമായിരിക്കും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പൗരത്വത്തിനുള്ള അവകാശം കാണിച്ച് അപേക്ഷ നല്‍കാവുന്ന സാധ്യത എന്‍ ആര്‍ സിയിലുണ്ട്. എന്നാല്‍, നിരക്ഷരരായ ലക്ഷക്കണക്കിനാളുകള്‍ക്ക് ഇതിനാവശ്യമായ രേഖകളെയോ നിയമ സാധ്യതകളെയോ രീതികളെയോ കുറിച്ച് യാതൊരു ധാരണയുമില്ല. സംസ്ഥാനത്തെ ആയിരക്കണക്കിന് എന്‍ ആര്‍ സി സേവാ കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ ഇത്തരക്കാരുടെ നീണ്ട നിരകളാണ് ഇപ്പോഴത്തെ കാഴ്ച. ഇതോടെ കടുത്ത സാമൂഹിക അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്രയുമധികമാളുകള്‍ അസമിനും രാജ്യത്തിനും ബാധ്യതയാണെന്നായി. അവരെ ഇനി അസമിലെ സാമൂഹികാവസ്ഥക്ക് തീരെ ഉള്‍ക്കൊള്ളാനാകില്ല. ‘അസം അസമികള്‍ക്ക്’ എന്ന മണ്ണിന്റെ മക്കള്‍ വാദം ഉന്നയിക്കുന്നവരെയും സര്‍ക്കാറുകളെയും സംബന്ധിച്ച് ഇവര്‍ എങ്ങോട്ടെങ്കിലും കയറ്റി അയക്കപ്പെടേണ്ടവരാണ്. എന്‍ ആര്‍ സിയുടെ പൗരത്വ പുനഃപരിശോധന രീതികള്‍ അനുസരിച്ച് അപേക്ഷകള്‍ നല്‍കുന്നവരില്‍ തന്നെ ഹിന്ദു, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതക്കാര്‍ക്കാണ് പൗരത്വ സാധ്യത കല്‍പ്പിക്കപ്പെടുന്നുളളൂ. 2016ല്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കനുസരിച്ച് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് പൗരത്വ സാധ്യതയുണ്ട്. അതേസമയം, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശില്‍ നിന്നോ മ്യാന്‍മറില്‍ നിന്നോ വന്ന മുസ്‌ലിംകള്‍ക്ക് ആ പരിഗണനയില്ല. എന്‍ ആര്‍ സിയുടെ പുനഃപരിശോധനാ സാധ്യത ഉപകരിക്കാത്തവരെ ഫോറിനേഴ്‌സ് ട്രിബ്യൂണലിലേക്കാണ് അയക്കുക. അതോടെ ഇവര്‍ വിദേശികളായി പരിഗണിക്കപ്പെടുകയായി. ഇവര്‍ക്ക് പുറത്തേക്കുള്ള വഴിയും തുറക്കപ്പെടും.

അസമിലെ വലതുപക്ഷ തീവ്രചിന്താഗതിയെ പ്രീണിപ്പിക്കലാണ് ബി ജെ പിയുടെ രാഷ്ട്രീയം. അതുകൊണ്ടാണ് ഇത്രമേല്‍ സങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന അസമില്‍ എന്‍ ആര്‍ സി പട്ടിക തിടുക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇത്തരം വൈകാരിക വിഷയങ്ങളില്‍ കാണിക്കേണ്ട അവധാനതക്ക് കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ തയ്യാറായില്ല. പട്ടിക വിവാദമായതോടെ, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് അസമിലെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിനെ സംബന്ധിച്ചാണ്. അഥവാ, പട്ടികയിലില്ലാത്തവരെ നുഴഞ്ഞുകയറ്റക്കാരായി ഇതിനകം ചാപ്പ കുത്തിക്കഴിഞ്ഞുവെന്ന്. കേമമായ സാങ്കേതിക സംവിധാനങ്ങള്‍ പോലും പക്ഷപാതിത്വത്തിന് തടസ്സമാകില്ല എന്നുള്ളപ്പോള്‍ ബി ജെ പിക്ക് താത്പര്യമുള്ളവര്‍ക്ക് മാത്രം പൗരത്വ സാധ്യതകളുണ്ടാകും. ബാക്കിയുള്ളവരെ പറഞ്ഞയക്കാം. കൂട്ടാക്കാത്തവരെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ബലമായി പുറന്തള്ളാം. അങ്ങനെയെങ്കില്‍ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത് മുസ്‌ലിം വിഭാഗങ്ങളായിരിക്കുമെന്നത് നിസ്സംശയം.

തലമുറകളായി കഴിഞ്ഞുവരുന്ന മണ്ണില്‍ അപരനായി തീരുന്ന മനുഷ്യന്റെ അവസ്ഥയാണ് പരിതാപകരം. കാലങ്ങളായി ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന പുറപ്പെട്ടു പോകലിനുള്ള ആഹ്വാനങ്ങളുടെ നിയമസാധുതയുള്ള തീട്ടൂരമാണിപ്പോള്‍ പുറത്തുവന്നത്. നാസി കാലത്ത് ജൂതന്മാര്‍ക്ക് രണ്ടാം കിട പൗരത്വവും തിരിച്ചറിയാന്‍ എപ്പോഴും ധരിക്കേണ്ട പ്രത്യേക അടയാളങ്ങളും ഉണ്ടായിരുന്നത്രെ. കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലേക്കും കുരുതിക്കളങ്ങളിലേക്കും കൂട്ടത്തോടെ തെളിച്ചു കൊണ്ടുപോകാന്‍ പാകത്തിന് അവരെ വേറെ നിര്‍ത്തിയിരുന്നുവെന്ന് ചരിത്രം. ആ ചരിത്രാധ്യായങ്ങള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുമെന്നാണെങ്കില്‍, ന്യൂനപക്ഷങ്ങള്‍ ഇത്രമേല്‍ അരക്ഷിതരായ ഈ ഫാഷിസ്റ്റു കാലമല്ലാതെ അതിനു പറ്റിയ സമയമേതാണ്?

LEAVE A REPLY

Please enter your comment!
Please enter your name here