പൊതുമാപ്പ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ; അബുദാബിയില്‍ രണ്ടാമത്തെ സെന്റര്‍ തുറന്നു

Posted on: August 7, 2018 2:16 pm | Last updated: August 7, 2018 at 2:16 pm
SHARE

അബുദാബി: പൊതുമാപ്പ് അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് ഷഹാമയില്‍ രണ്ടാമത്തെ ടെന്റ് തുറന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരക്കുമൂലം എല്ലാ അപേക്ഷകരെയും പരിഗണിക്കാന്‍ സാധിക്കാതിരുന്നതാണ് പുതിയ കേന്ദ്രം ആരംഭിക്കാന്‍ കാരണം . ഒരേസമയം 300 പേര്‍ക്കു സേവനം നല്‍കാന്‍ ശേഷിയുള്ളതാണ് പുതിയ കൂടാരമെന്ന് അബുദാബി താമസകാര്യ വിഭാഗത്തിലെ മാധ്യമവിഭാഗം മേധാവി അബ്ദുല്‍ അസീസ് അല്‍ മഅ്മരി പറഞ്ഞു. ഇതുമൂലം കൂടുതല്‍ അപേക്ഷകര്‍ക്കു സേവനം ചെയ്യാനാകും. പതിനഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്നും അവര്‍ക്കുവേണ്ടി രക്ഷിതാക്കള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ചൂടില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

പൊതുമാപ്പിലൂടെ എക്‌സിറ്റ് പാസ് നേടി നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയാല്‍ മതിയെന്നു താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കു നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ ഇല്ലാത്തവരും കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുള്ളവരും അതാത് എംബസിയില്‍നിന്നു പൗരത്വം തെളിയിക്കുന്നതിനുള്ള ഔട്ട്പാസ് എടുത്താണ് ഷഹാമയില്‍ എത്തേണ്ടത്. അബുദാബി വീസയിലുള്ളവര്‍ മാത്രമാണ് ഷഹാമയിലെ കേന്ദ്രത്തെ ആശ്രയിക്കേണ്ടതെന്നും മറ്റു എമിറേറ്റുകളിലെ വീസയിലുള്ളവര്‍ അതാതു കേന്ദ്രത്തിലാണ് എത്തേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരം അപേക്ഷകരുടെ ആധിക്യമുണ്ടെന്നും മണിക്കൂറുകളോളം ക്യൂ നിന്ന് ഉദ്യോഗസ്ഥരോട് വിശദീകരിക്കുമ്പോഴാണ് ഇതര എമിറേറ്റിലെ വീസക്കാരനാണെന്ന് അറിയുന്നതെന്നും പറഞ്ഞു. ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയവും അംഗീകൃത സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും അതാതു പൗരന്മാര്‍ക്ക് ബോധവല്‍കരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രത്യേക ഹെല്‍പ് ഡെസ്‌കും പൊതുമാപ്പ് കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുണ്ട്. പൗരന്മാര്‍ക്ക് അതാത് കൗണ്ടറുകളെ സമീപിച്ച് സഹായം തേടാമെന്നും അധികൃതര്‍ വ്യക്തമാക്കി.