പൊതുമാപ്പ് കേന്ദ്രങ്ങള്‍ ഇന്ന് വീണ്ടും സജീമാകും

Posted on: August 5, 2018 1:03 pm | Last updated: August 5, 2018 at 1:03 pm
SHARE

ദുബൈ: വാരാന്ത്യ അവധിക്കു ശേഷം പൊതുമാപ്പ് കേന്ദ്രങ്ങള്‍ ഇന്ന് വീണ്ടും സജീവമാകും. രാവിലെ എട്ടിന് തന്നെ സഹായകേന്ദ്രങ്ങള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. ആയിരങ്ങളാണ് അവീര്‍, ശഹാമ തുടങ്ങിയ പ്രത്യേക കേന്ദ്രങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുമാപ്പ് തേടി എത്തിയത്. പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് എളുപ്പം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. 221 ദിര്‍ഹമാണ് ഫീസ് ഈടാക്കുന്നത്. വിസയിലേക്ക് മാറാന്‍ കഴിയുന്നവര്‍ 521 ദിര്‍ഹവുമായി അമര്‍ സെന്ററുകളില്‍ എത്തിയാല്‍ മതിയാകും.

പൊതുമാപ്പില്‍ കുട്ടികള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ഷാര്‍ജ താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ കേണല്‍ അമീന്‍ അലി അമീന്‍ അറിയിച്ചു. കുട്ടികളുമായി ധാരാളം കുടുംബങ്ങള്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തുന്നുണ്ട്. അവരുടെ പദവി ശരിയാക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കേണല്‍ അമീന്‍ അറിയിച്ചു. ആറും പത്തും വയസ്സുള്ള കുട്ടികളുമായി എത്തിയ സിറിയന്‍ വനിതയുടെ അപേക്ഷ പ്രത്യേകം പരിഗണിച്ചു. കുടുംബത്തിന്റെ വിസ പുതുക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല. കുട്ടികള്‍ക്ക് യാതൊരു താമസ രേഖയുമില്ല. അവരെ വിദ്യാലയത്തില്‍ ചേര്‍ത്തിട്ടില്ല. കേണല്‍ ഹസീം ബിന്‍ ഫല അല്‍ സുവൈദി നേരിട്ടിടപെട്ടു. അവരെ ടൈപ്പിങ് സെന്ററില്‍ കൊണ്ടു പോയി അപേക്ഷ പൂരിപ്പിക്കാന്‍ സഹായിച്ചു. അവര്‍ക്കു ഒരു വര്‍ഷത്തെ വിസ നല്‍കി. കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി. യുദ്ധം, പ്രകൃതിക്ഷോഭം എന്നിവ ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി ഒരു വര്‍ഷത്തെ വിസ അനുവദിക്കണമെന്ന് മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേണല്‍ സുവൈദി ചൂണ്ടിക്കാട്ടി.

പൊതുമാപ്പില്‍ രാജ്യംവിടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഔട്പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) നല്‍കുമെന്ന് ഇന്ത്യന്‍ എംബസി കോണ്‍സുല്‍ എം രാജമുരുകന്‍ അറിയിച്ചു. ഇതനുസരിച്ച് ഔട് പാസ് ഫീസായ 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായ ഒന്‍പതു ദിര്‍ഹവും ഇനി ഈടാക്കില്ല. പൊതുമാപ്പ് കാലാവധി തീരുന്ന ഒക്ടോബര്‍ 31 വരെയാണു സൗജന്യമായി ഔട്പാസ് നല്‍കുക.
പൊതുമാപ്പ് അപേക്ഷകര്‍ക്കു മാത്രമാണ് ഈ ആനുകൂല്യമെന്നും ആദ്യ രണ്ടു ദിവസത്തെ അപേക്ഷകരില്‍നിന്ന് ഈടാക്കിയ തുക തിരിച്ചുനല്‍കാനാവുമോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി നിയമലംഘകരായി കഴിയുന്ന വിദേശികളില്‍നിന്നു പിഴയൊന്നും ഈടാക്കാതെയാണ് യു എ ഇ അവരുടെ സ്വന്തം നാട്ടിലേക്കു പോകാന്‍ അവസരം ഒരുക്കുന്നത്.

യു എ ഇയില്‍ പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ അടക്കേണ്ട തുക സംബന്ധിച്ച് ആശയക്കുഴപ്പമുള്ളതായി സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. സാധാരണഗതിയില്‍ 221 ദിര്‍ഹമാണ് വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്ന് ഈടാക്കുന്നത്. ദുബൈയില്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലും ഈ തുക ഈടാക്കുന്നുണ്ട്. അതേസമയം, തസ്ഹീല്‍ കേന്ദ്രത്തില്‍ നിന്ന് ഔട്പാസ് വാങ്ങിയവരില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ലെങ്കിലും നാട്ടില്‍ പോകാന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ 221 ദിര്‍ഹം ഈടാക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ചൂണ്ടിക്കാട്ടി. ജൂലൈ 31ന് ശേഷവും വിസാകാലാവധി തീരുന്നത് തുടരുന്നുണ്ടെങ്കില്‍ ഓരോ ദിവസത്തേക്കും 25 ദിര്‍ഹം വീതം പിഴ ഈടാക്കുന്നുമുണ്ട്.
എമിഗ്രേഷന്‍, ലേബര്‍ എന്നീ വകുപ്പുകളുടെ സംവിധാനങ്ങളുടെ ഏകോപനം പൂര്‍ണമാകാത്തതാകാം കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഔട്പാസ് ലഭിച്ചവര്‍, പത്തുദിവസം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതാകും ഉചിതമെന്ന് സൂചനയുണ്ട്. അപ്പോഴേക്കും ആശയക്കുഴപ്പം തീരും. സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് കടന്നുകളഞ്ഞ വീട്ടുജോലിക്കാരുടെ വിസ റദ്ദുചെയ്യുന്ന നടപടിക്രമങ്ങളിലും കാലതാമസമുള്ളതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.
മുമ്പ് പ്രവേശ നിരോധം നേരിട്ട് നാട്ടിലേക്ക് പോയവര്‍ക്കും പൊതുമാപ്പുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പൊതുമാപ്പ് കാലയളവില്‍ ഇവര്‍ക്ക് യു എ ഇയില്‍ പ്രവേശിക്കാനുള്ള വിസക്ക് അപേക്ഷിക്കാം. അപൂര്‍വം കേസുകളില്‍ മാത്രമാണ് അപേക്ഷ തള്ളിപ്പോകുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here