Connect with us

Editorial

പെന്‍ഷന്‍ പട്ടിക കുറ്റമറ്റതാക്കണം

Published

|

Last Updated

സമൂഹത്തിന്റെ താഴേതട്ടില്‍ ജീവിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ജീവിതം മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായമാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍. രാഷ്ട്രം അതിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ അവശരും വികലാംഗരും വൃദ്ധരും അശരണരുമായ വ്യക്തികള്‍ക്ക് ധനസഹായം നല്‍കണമെന്ന ഭരണഘടനാ നിര്‍ദേശക തത്വം 41ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കി വരുന്നസാമൂഹിക പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ നല്ലൊരു പങ്ക് അനര്‍ഹരാണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ധനമന്ത്രി ടി എം തോമസ് ഐസക് കഴിഞ്ഞ ബജറ്റ് ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത് ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 16 ശതമാനം അനര്‍ഹരുണ്ടെന്നാണ്. വീട് 1200 ചതുരശ്ര അടിയില്‍ കൂടുതലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്നാണ് ചട്ടം. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ശേഖരിച്ച കെട്ടിടവിവരങ്ങളും പെന്‍ഷന്‍ ഡാറ്റാബേസും ഒത്തുനോക്കിയപ്പോള്‍ വീട് 1200 ചതുരശ്ര അടിയില്‍ കൂടുതലുള്ള 1,49,813 പേരും സ്വന്തമായി കാറുള്ള 64,473 പേരും പെന്‍ഷന്‍ പട്ടികയിലുണ്ട്.

മരിച്ചവരുടെ പെന്‍ഷന്‍ കൈക്കലാക്കുന്ന അനന്തരാവകാശികള്‍ നിരവധി. വിധവാ പെന്‍ഷന്‍ പുനര്‍ വിവാഹം ചെയ്ത ശേഷവും വാങ്ങുന്ന കേസുകളും ധാരാളം. യഥാര്‍ഥ വയസ്സ് മറച്ചുവെച്ച് പെന്‍ഷന്‍ ലഭിക്കുന്നതിലേക്കായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പ്രവണതയും വ്യാപകമാണ്. സാമൂഹികക്ഷേമ പെന്‍ഷന്‍ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയപ്പോള്‍ നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന 31,256 പേര്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം ജീവിച്ചിരിപ്പില്ലെന്ന് കണ്ടെത്തി. എല്ലാ മരണവും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ മരിച്ചവരുടെ പെന്‍ഷന്‍ വാങ്ങുന്ന അനന്തരാവകാശികളുടെ എണ്ണം 50,000 കവിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പെന്‍ഷന്‍ വിതരണം നടത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ മരിച്ചവരുടെ വിവരങ്ങള്‍ ഓരോ പെന്‍ഷന്‍ വിതരണത്തിനു ശേഷവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. അന്വേഷണത്തിനു ശേഷം മരിച്ച വ്യക്തികളെ സേവന സോഫ്റ്റ്‌വെയറില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നതിനു സെക്രട്ടറിമാര്‍ സത്വരനടപടി സ്വീകരിക്കണം. പുതുതായി സാമൂഹിക സുരക്ഷാ പെന്‍ഷന് അപേക്ഷിക്കുന്ന ഒരു വ്യക്തി തന്റെ വയസ്സ് തെളിയിക്കുന്നതിന് മറ്റു രേഖകള്‍ ഇല്ലെന്നു കാണിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയും ഇല്ലാതാക്കി. പ്രായം തെളിയിക്കുന്നതിനു സമര്‍പ്പിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കാന്‍ പാടില്ലെന്നാണു പുതിയ നിര്‍ദേശം.

രാഷ്ട്രീയ, വ്യക്തി താത്പര്യങ്ങളാണ് വലിയൊരളവോളം അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ കടന്നുകൂടാന്‍ കാരണം. അണികളെ പിടിച്ചു നിര്‍ത്താന്‍ അവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് അര്‍ഹതപ്പെട്ടതും അനര്‍ഹവുമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ പാര്‍ട്ടികള്‍ക്കിടയില്‍ കിടമത്സരമാണ്. ഗുണഭോക്താക്കളുടെ അര്‍ഹത നിര്‍ണയിക്കുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളാണ്. ഇവിടെ ചട്ടം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ക്കല്ല, രാഷ്ട്രീയ വിധേയത്വത്തിനായിരിക്കും പരിഗണന. അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടുന്നുവെന്നത് മാത്രമല്ല, അര്‍ഹതപ്പെട്ട ധാരാളം പേര്‍ തഴയപ്പെടുകയും ചെയ്യുന്നുവെന്നതാണിതിന്റെ ഫലം. ചട്ടം ലംഘിച്ചു പെന്‍ഷന്‍ അപേക്ഷ പാസാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.

അനര്‍ഹര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നത് തടയാനായി ധനവകുപ്പ് തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് അടുത്തിടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മരണപ്പെടുന്നവരുടെയും പുനര്‍വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍ മുഖാന്തരം ശേഖരിച്ച് അതത് മാസം തന്നെ ഡാറ്റാ ബേസില്‍ നിന്ന് ഒഴിവാക്കണമെന്നതാണ്.

സഹസ്രകോടികളാണ് പെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവിടുന്നത്. അദ്ധ്വാനിക്കുന്നവന്റെയും സാധാരണക്കാരന്റെയും നികുതിപ്പണത്തില്‍ നിന്ന് വിതരണം ചെയ്യുന്ന പെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നത് പൊതുസമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്. സമഗ്രപരിശോധനയിലൂടെ പെന്‍ഷന്‍ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുകയും വോട്ട് ബേങ്ക് പരിപോഷിപ്പിക്കാന്‍ അനര്‍ഹരെ പട്ടികയില്‍ കടത്തിക്കൂട്ടുന്ന കക്ഷിരാഷ്ട്രീയ ദുഷ്പ്രവണതക്ക് അറുതിവരുത്തുകയും ചെയ്യേണ്ടതുണ്ട്. മൂന്നര ലക്ഷം പേര്‍ പെന്‍ഷനു വേണ്ടി പുതുതായി അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. ഇവരില്‍ അര്‍ഹരെ കണ്ടെത്തുന്നതിനുള്ള ഡാറ്റാ എന്‍ട്രിക്ക് ഗതി വേഗം കൂട്ടേണ്ടതുണ്ട്.