അഭിമന്യുവിന്റെ കൊലപാതകം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

Posted on: July 26, 2018 11:47 am | Last updated: July 27, 2018 at 11:03 am

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.
ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. തലശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. അഭിമന്യു വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ബെംഗലൂരുവില്‍ നിന്നാണ് റിഫയെ പോലീസ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം.

കൊലയാളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന പള്ളുരുത്തി നമ്പ്യാപുരം പുളിക്കനാട്ട് വീട്ടില്‍ സനീഷിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. എസ് ഡി പി ഐ പ്രവര്‍ത്തകനായ ഇയാള്‍ ഹൈക്കോടതി മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം ഒന്നിന് അര്‍ധരാത്രി ഒന്നാം പ്രതി മുഹമ്മദ് വിളിച്ചുവരുത്തിയ അക്രമി സംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഇതോടെ കേസില്‍ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികള്‍ പിടിയിലായി. കൊലയാളി സംഘത്തെ സഹായിച്ച എട്ട് പേര്‍ ഉള്‍പ്പെടെ 16 പേരാണ് ഇതുവരെ പിടിയിലായത്. ഹാദിയ കേസില്‍ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം മെയ് 29ന് മണപ്പാട്ടിപ്പറമ്പില്‍ നിന്നാരംഭിച്ച എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിം ഏകോപന സമിതി പ്രകടനം തടഞ്ഞ പോലീസുകാരെ ആക്രമിച്ച കേസില്‍ സനീഷ് കഴിഞ്ഞ കൊല്ലം അറസ്റ്റിലായിരുന്നു.