മുന്നറിയിപ്പുമായി ഇറാന്‍; യു എസ് ഉപരോധമേര്‍പ്പെടുത്തിയാല്‍ ഹോര്‍മുസ് വഴി ഒറ്റ രാജ്യവും എണ്ണ കയറ്റുമതി ചെയ്യില്ല

ഹസ്സന്‍ റൂഹാനി മുന്നോട്ടുവെച്ച നിര്‍ദേശത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈ പിന്തുണച്ചു
Posted on: July 23, 2018 9:30 am | Last updated: July 22, 2018 at 10:56 pm
SHARE
ആയത്തുല്ല അലി ഖംനാഈ

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വഴി വിവിധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ്. പ്രസിഡന്റ് ഹസ്സന്‍ റൂഹാനി മുന്നോട്ടുവെച്ച ഈ നിര്‍ദേശത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈയും പിന്തുണച്ചു. 2016ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനുമായി എണ്ണ വ്യാപാരത്തില്‍ പങ്കാളികളാകുന്ന കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് ഇറാന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറാനുമായുള്ള എണ്ണ വ്യാപാരത്തില്‍ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ശ്രമം നടത്തി വരികയാണ്. ഈ നടപടിയുമായി അമേരിക്ക മുന്നോട്ടു പോകുന്ന പക്ഷം മേഖല വഴിയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെടുത്തുമെന്ന് ഇറാന്‍ ഈ മാസമാദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സഞ്ചാരത്തെയാണ് തടസ്സപ്പെടുത്തുകയെന്ന് അന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നില്ല. ഒമാനിനും ഇറാനിനും ഇടയിലുള്ള ചെറിയ സമുദ്ര പാതയാണ് ഹോര്‍മുസ് കടലിടുക്ക്. 2016ല്‍ പ്രതിദിനം 18.5 ബില്യണ്‍ ബാരല്‍ എണ്ണ ഈ സമുദ്രപാത വഴി കയറ്റുമതി ചെയ്യപ്പെട്ടിരുന്നു.

ഇറാന്‍ കപ്പലുകള്‍ക്ക് പുറമെ, ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണക്കപ്പലുകളും ഈ വഴിയാണ് സഞ്ചരിക്കുന്നത്. ഉപരോധം ഏര്‍പ്പെടുത്തുന്ന പക്ഷം ഈ സമുദ്ര പാതയെ ഉപയോഗപ്പെടുത്തിയായിരിക്കും ഇറാന്‍ പ്രതികരിക്കുകയെന്ന് ഉറപ്പായിരുന്നു.
ഇറാന്റെ എണ്ണ കയറ്റുമതി ചെയ്യപ്പെടാത്ത സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഈ മേഖലയിലെ ഒരു രാജ്യവും അവരുടെ എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. റൂഹാനിയുടെ വിശദീകരണം വളരെ പ്രധാനപ്പെട്ടതാണെന്നും അത് ഇറാന്റെ നിലപാടാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ പ്രതികരിച്ചു.
വരുന്ന നവംബര്‍ നാലോടെ എല്ലാ കമ്പനികളും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നത്.

ആണവ കരാറില്‍ നിന്ന് അടുത്തിടെ അമേരിക്ക പിന്മാറിയിരുന്നെങ്കിലും മറ്റു ലോക രാജ്യങ്ങള്‍ കരാറില്‍ ഉറച്ചു നില്‍ക്കുകയാണ്. ചൈന, റഷ്യ, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ഇപ്പോഴും കരാറില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. കരാറില്‍ നിന്ന് ഗുണമുണ്ടാകുന്ന കാലത്തോളം അതില്‍ ഉറച്ചു നില്‍ക്കുമെന്ന് ഇറാനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക കരാറില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തില്‍ ഇറാനുണ്ടായേക്കാവുന്ന നഷ്ടത്തിന് യൂറോപ്യന്‍ യൂനിയന്‍ ധനസഹായം ഉള്‍പ്പടെയുള്ള ആശ്വാസ നടപടികളും പ്രഖ്യാപിച്ചിരുന്നു.