Connect with us

Kerala

മുന്നണി വിപുലീകരണത്തിന് സിപിഎം പച്ചക്കൊടി

Published

|

Last Updated

തിരുവനന്തപുരം:സഹകരിച്ച് നില്‍ക്കുന്ന കക്ഷികളെ ഇടതുമുന്നണിയിലെടുക്കാന്‍ സി പി എം സംസ്ഥാന സമിതിയില്‍ ധാരണ. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26ന് ഇടതുമുന്നണി യോഗം ചേരും. ഏതൊക്കെ കക്ഷികളെ മുന്നണിയുടെ ഭാഗമാക്കണമെന്ന കാര്യത്തില്‍ എല്‍ ഡി എഫ് യോഗത്തിലാകും അന്തിമ തീരുമാനം. മുന്നണിയെ പുറത്തുനിന്ന് പിന്തുണക്കുന്ന നിരവധി കക്ഷികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് തീരുമാനം. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി മുന്നണിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നീക്കം. എല്‍ ഡി എഫ് വിപുലീകരിക്കണമെന്ന് സി പി എം സംസ്ഥാന സമ്മേളനത്തിലും ആവശ്യമുയര്‍ന്നിരുന്നു.

എം പി വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്, ഐ എന്‍ എല്‍, പി ടി എ റഹീമിന്റെ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ,് ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍ എസ് പി ലെനിനിസ്റ്റ് തുടങ്ങിയ കക്ഷികളാണ് നിലവില്‍ എല്‍ ഡി എഫുമായി സഹകരിച്ച് നില്‍ക്കുന്നത്. ഇതില്‍ ആരെയൊക്കെ മുന്നണിയിലെടുക്കുമെന്നതില്‍ വ്യക്തതയില്ല.
വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ മുന്നണിയിലെടുക്കാമെന്ന് നേരത്തെ അവരുമായി ധാരണയുണ്ടാക്കിയതാണ്. ഇതിന് ശേഷമാണ് അവര്‍ യു ഡി എഫ് വിട്ടത്. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചപ്പോള്‍ അദ്ദേഹത്തിന് തന്നെ ആ സീറ്റ് നല്‍കിയതും ഈ ധാരണ പ്രകാരമായിരുന്നു. മുന്നണിയിലുള്ള ജനതാദള്‍ എസില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ കൂടി ലയിപ്പിക്കണമെന്ന നിര്‍ദേശം സി പി എം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇരുപാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെ ഈ നീക്കം നടന്നില്ല.
ഐ എന്‍ എല്‍ ഇടതുമുന്നണി പ്രവേശം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റും ബോര്‍ഡ്, കോര്‍പറേഷന്‍ പ്രാതിനിധ്യവും നല്‍കാറുണ്ടെങ്കിലും മുന്നണിയിലെടുക്കണമെന്ന ആവശ്യത്തില്‍ മാത്രം തീരുമാനമുണ്ടായില്ല. മുന്നണി പ്രവേശം നടക്കാത്തത് കൊണ്ട് മാത്രം പാര്‍ട്ടിയിലെ ഒരു വിഭാഗം മുസ്‌ലിം ലീഗിലേക്ക് മടങ്ങി. പുതിയ സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസിനും മുന്നണിയിലെടുക്കാമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയതാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ലോക്താന്ത്രിക് ജനതാദള്‍, നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് ബി, ആര്‍ എസ് പി ലെനിനിസ്റ്റ് തുടങ്ങിയവരാണ് പാര്‍ലിമെന്ററി പ്രാതിനിധ്യമുള്ള കക്ഷികള്‍. ഇതില്‍ ലോക്താന്ത്രിക് ജനതാദളിന് രാജ്യസഭയിലാണ് പ്രാതിനിധ്യം. മറ്റുള്ളവര്‍ക്ക് നിയമസഭയിലും.
ചെറുകക്ഷികളെ മുന്നണിയിലെടുത്താല്‍ മന്ത്രിസഭയിലും പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉയരുമോയെന്ന ആശങ്ക മുന്നണി നേതൃത്വത്തിനുണ്ട്. ഒരു എം എല്‍ എയാണെങ്കിലും ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം എന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ ഡി എഫ് എടുത്ത തീരുമാനം. ഇതനുസരിച്ചാണ് ഒരു എം എല്‍ എമാത്രമുള്ള കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായത്. സഹകരിക്കുന്ന കക്ഷികളെ മുന്നണിയില്‍ നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടികളില്‍ ലയിപ്പിക്കാന്‍ കഴിയുമോയെന്ന കാര്യവും സി പി എമ്മിന്റെ പരിഗണനയിലുണ്ട്.

---- facebook comment plugin here -----

Latest