Connect with us

Education

പി എസ് സി: 70 ശതമാനം പരീക്ഷകളും ഓണ്‍ലൈനാകുന്നു

Published

|

Last Updated

കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എഴുപത് ശതമാനം പരീക്ഷകളും ആറ് മാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീ ര്‍. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്ന എല്‍ ഡി സി, പോലീസ് തുടങ്ങിയവ ഒഴികെയുള്ള പരീക്ഷകള്‍ ഓണ്‍ലൈനിലൂടെയാക്കാനാണ് നീക്കം. ഇതിനായി സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകള്‍, സ്‌കൂളുകള്‍, ഐ ടി ഐകള്‍, സിഡിറ്റ് സെന്ററുകള്‍ തുടങ്ങിയവയുടെ കമ്പ്യൂട്ടര്‍ ലാബുകള്‍ ഉപയോഗപ്പെടുത്തി 40,000 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ പി എസ് സി ഓഫീസുകളില്‍ 3600 പേര്‍ക്ക് ഓണ്‍ലൈന്‍ വഴി പരീക്ഷ എഴുതാന്‍ സംവിധാനമുണ്ട്. പരീക്ഷകള്‍ ഓണ്‍ലൈനാകുന്നതോടെ കോപ്പിയടി, ആള്‍മാറാട്ടം തുടങ്ങിയവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ഫലപ്രഖ്യാപനത്തിനും സാധിക്കും. എഴുത്തുപരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രാജസ്ഥാനില്‍ നടപ്പാക്കി വിജയിച്ച ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം കൊണ്ടുവരും. ആദ്യ ഘട്ടമായി സംവിധാനം കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസിലേക്കുള്ള നിയമനത്തില്‍ നടപ്പാക്കും. ചോദ്യങ്ങള്‍ ഒരു പ്രത്യേക ഗൈഡില്‍ നിന്ന് വരുന്നത് ഉള്‍പ്പെടെയുള്ള അപാകതകള്‍ പരിഹരിക്കാന്‍ പരീക്ഷ രണ്ട് ഘട്ടമാക്കുകയാണ് പി എസ് സിക്ക് മുന്നിലുള്ള വഴി. പ്രിലിമിനറി പരീക്ഷക്ക് ശേഷം മെയിന്‍ പരീക്ഷ കൂടി നടത്തുന്നതോടെ ഇത്തരം പരാതികള്‍ ഇല്ലാതാക്കാനാകും. പക്ഷേ, രണ്ട് പരീക്ഷകള്‍ നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മൂന്ന് വര്‍ഷമെടുക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപക സമൂഹം സിലബസ് പ്രകാരം ഉദ്യോഗാര്‍ഥികളോട് നീതിപുലര്‍ത്താന്‍ തയ്യാറായാല്‍ ഇത്തരം പരാതികള്‍ക്ക് പരിഹാരം കാണാം. സംസ്ഥാനത്തെ ആരോഗ്യവകുപ്പില്‍ ഉള്‍പ്പെടെ ഇനിമുതല്‍ താത്കാലിക ജീവനക്കാരെ നിയമിക്കാതെ സ്ഥിരം ജീവനക്കാരെ നിയമിക്കാവുന്ന തരത്തില്‍ പി എസ് സി പ്രവര്‍ത്തനങ്ങള്‍ പുരോഗിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest