അംബാനിക്ക് ശ്രേഷ്ഠ പദവി !

Posted on: July 12, 2018 8:52 am | Last updated: July 11, 2018 at 9:54 pm
SHARE

ശ്രേഷ്ഠ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇനിയും ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഉള്‍പ്പെടുത്തി വെട്ടിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വ്യാപകമായ വിമര്‍ശം ഉയര്‍ന്നതോടെ നിര്‍ദിഷ്ട (ഗ്രീന്‍ഫീല്‍ഡ്)വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെന്നും സ്ഥാപനം സജ്ജമായ ശേഷം പരിശോധന നടത്തി മാത്രമേ വിജ്ഞാപനം ഉണ്ടാകൂ എന്നും വിശദീകരണം നല്‍കി തടിയൂരാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. പൂനെ ആസ്ഥാനമായി ജിയോ സര്‍വകലാശാല എന്ന പേരില്‍ ലോകോത്തര സ്ഥാപനം റിലയന്‍സിന്റെ കേവല വാഗ്ദാനമാണ്. സ്ഥാപനത്തിന് ഇതുവരെ ശിലപാകിയിട്ടു പോലുമില്ല. അക്കാദമിക് രംഗത്തോ സാമൂഹിക രംഗത്തോ ഇതുവരെയും ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത ഇത്തരമൊരു സ്ഥാപനത്തെ ശ്രേഷ്ഠ പദവിക്ക് തിരഞ്ഞെടുത്തതിനുള്ള ഏക മാനദണ്ഡം കോര്‍പറേറ്റ് ഭീമന്‍ അംബാനിയുടേതാണെന്നത് മാത്രമാണെന്ന വിമര്‍ശമുയര്‍ന്നതോടെയാണ് ന്യായീകരണവുമായി കേന്ദ്രമാനവ വിഭവ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ രംഗത്തുവന്നത്.

ഉന്നത വിദ്യാഭ്യാസത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂനിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ലോകത്തെ മികച്ച 200 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരെണ്ണം പോലുമില്ല. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐ ഐ എസ് സി) ആണ് ഇന്ത്യയിലെ മികച്ച സ്ഥാപനമായി അവര്‍ കണ്ടെത്തിയത്. എന്നാല്‍ ലോകനിലവാര പട്ടികയില്‍ 250-300 ഗണത്തിലാണ് ഇത് സ്ഥാനം പിടിച്ചത്. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികള്‍ റാങ്കിംഗില്‍ സ്ഥിരമായി മുന്നേറുമ്പോള്‍ ഇന്ത്യയുടെ ഈ പിന്നോട്ടടി രാജ്യത്തിന് നാണക്കേടാണ്. വിദേശ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്നതില്‍ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളുടെ പ്രകടനം മോശമാണെന്നും സര്‍ക്കാര്‍ നിയന്ത്രണം മൂലം വിദേശ ഫാക്കല്‍റ്റികള്‍ക്ക് ദീര്‍ഘ കാലം രാജ്യത്ത് അധ്യാപനം നടത്താന്‍ സാധിക്കുന്നില്ലെന്നും ബ്രിട്ടന്‍ ആസ്ഥാനമായ റാങ്കിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യം വിദ്യാഭ്യാസ മേഖലയില്‍ ശക്തമാണ്. ഇതിലേക്കുള്ള ചുവടുവെപ്പ് എന്ന നിലയിലാണ് ഏതാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കി സാമ്പത്തികമായും നിയമപരമായും സഹായങ്ങള്‍ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു ആദ്യ തീരുമാനം. സ്ഥാപനങ്ങളെ കണ്ടെത്താന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന എന്‍ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെയും നിയോഗിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് 20 മുന്‍നിര സ്ഥാപനങ്ങളെ കണ്ടെത്താന്‍ അവര്‍ക്കായില്ല. ഒടുവില്‍ എണ്ണം ആറായി വെട്ടിക്കുറച്ചു. ഇങ്ങനെ ആറ്റിക്കുറുക്കി തയാറാക്കിയ പട്ടികയില്‍, ജെ എന്‍ യു ഉള്‍പ്പെടെയുള്ള ആഗോള പ്രശസ്തമായ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് പിറവിയെടുത്തിട്ടില്ലാത്ത ഒരു സ്ഥാപനത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നതാണ് വിചിത്രം. ഇതൊരു തരംതാണ കോര്‍പറേറ്റ് വിധേയത്വമെന്നതിലപ്പുറം അക്കാദമിക് രംഗത്തെ വന്‍അഴിമതി കൂടിയായാണ് ആരോപിക്കപ്പെടുന്നത്.

നിര്‍ദിഷ്ട സ്ഥാപനങ്ങളെ കൂടി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഉള്‍പ്പെടുത്തിയതെന്ന വാദം അംഗീകരിച്ചാല്‍ തന്നെ, വിദ്യാഭ്യാസ വിചക്ഷണനും ആര്‍ ബി ഐ മുന്‍ഗവര്‍ണറുമായ രഘുറാം രാജന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ അടുത്ത വര്‍ഷം ആരംഭിക്കുന്ന സ്ഥാപനത്തെ എന്തുകൊണ്ട് തിരഞ്ഞെടുത്തില്ലെന്ന ചോദ്യം ഉയരുന്നു. മികച്ച സ്ഥലലഭ്യത, ഉയര്‍ന്ന അനുഭവസമ്പത്ത്, യോഗ്യതയുള്ള ഉപദേശക സമിതി, സാമ്പത്തിക ഭദ്രത, ഓരോ വര്‍ഷവും കൈവരിക്കേണ്ട മികവും അതിനുള്ള പദ്ധതിരേഖയും എന്നിങ്ങനെ സ്ഥാപനത്തിന് വേണ്ട എല്ലാ മാനദണ്ഡങ്ങളും ഒത്തുചേര്‍ന്നിട്ടുണ്ട് ചെന്നൈയിലെ സ്ഥാപനത്തിന്. എന്നിട്ടും പരിഗണിക്കാതിരുന്നത് കോര്‍പറേറ്റ് ഭീമനെ പ്രീതിപ്പെടുത്താനല്ലെങ്കില്‍ പിന്നെന്താണെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കേണ്ടതാണ്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലോകത്തെ 500 മികച്ച സര്‍വകലാശാല കളുടെ പട്ടികയിലേക്ക് ഉയരാന്‍ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് കഴിയുമെന്ന് അവരുടെ അവതരണത്തില്‍ നിന്നു വ്യക്തമായതുകൊണ്ടാണ് ശിപാര്‍ശ നല്‍കിയതെന്നാണ് വിദഗ്ധസമിതിയുടെ ന്യായീകരണം. എന്നാല്‍ പിറവിക്കു മുമ്പേ ജിയോ ശ്രേഷ്ഠ പദവി നേടിയെടുത്തതു റിലയന്‍സ് ചെയര്‍മാര്‍ മുകേഷ് അംബാനി നേരിട്ടു രംഗത്തിറങ്ങിയാണെന്നും എന്‍ ഗോപാലസ്വാമി അധ്യക്ഷനായ വിദഗ്ധസമിതിക്കു മുമ്പാകെ വിവരങ്ങള്‍ അവതരിപ്പിക്കാനെത്തിയ റിലയന്‍സിന്റെ എട്ടംഗ സംഘത്തെ നയിച്ചത് മുകേഷ് അംബാനിയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തില്‍ ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി വിരമിച്ച വിനയ് ഷീല്‍ ഒബ്‌റോയിയും സംഘത്തിലുണ്ടായിരുന്നു. അര്‍ഹിക്കുന്ന അംഗീകാരമല്ല ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് നേടിയതെന്നും സ്വാധീനത്തിലൂടെയാണ് ഒപ്പിച്ചെടുത്തതെന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here